സിനഡൽ പ്രക്രിയയുടെ പ്രാരംഭ വിലയിരുത്തൽ നൽകി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സിനഡൽ പ്രക്രിയ ആരംഭിച്ചിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ പ്രാദേശീക തലത്തിൽ നടന്നു കൊണ്ടിരിക്കുന്ന നടപടികളിൽ ഓർഡിനറി കൗൺസിൽ വലിയ സംതൃപ്തി രേഖപ്പെടുത്തി. ഏതാണ്ട് ലോകത്തിലുള്ള 98% മെത്രാൻ സമിതികളും പൗരസ്ത്യ സഭകളുടെ സിനഡുകളും സിനഡൽ പ്രക്രിയകളുടെ നടത്തിപ്പിനായി വ്യക്തികളേയോ കമ്മിറ്റികളേയോ നിയമിച്ചുകഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനഡിനു വേണ്ടി നിയുക്തരായ വ്യക്തികളുമായി മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റ് 2021 നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ ഏതാണ്ട് 15 ഓൺലൈൻ യോഗങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങൾ ഓർഡിനറി കൗൺസിലിന്റെ വിലയിരുത്തലിന് കരുത്തേകി.
സിനഡൽ പ്രക്രിയ ആഗോളതലത്തിൽ
രൂപതകളിൽ അൽമായരും സമർപ്പിതരും വലിയ ഉൽസാഹത്തോടെയാണ് സഭാപരമായ വിവേചനപ്രക്രിയയെ കുറിച്ച് ചർച്ചകളും മറ്റും സംഘടിപ്പിക്കുന്നതെന്നും സഭ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും പല തരത്തിലുള്ള സാക്ഷ്യങ്ങൾ വെളിപ്പെടുക്കുന്നു. ഇവ പ്രത്യാശയ്ക്ക് വക നൽകുന്നതും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ അടയാളവുമാണ്. സിനഡൽ പ്രക്രിയയിലൂടെ തങ്ങൾ ഒരു സഭാസമൂഹത്തിന്റെ ഭാഗമാണെന്ന അനുഭവം സന്തോഷം നൽകുന്നതും സത്യമായ ഒരു രൂപാന്തരീകരണത്തെ കാണിക്കുന്നതുമാണ് എന്ന് സിനഡൽ പ്രക്രിയയുടെ പ്രവർത്തനം അനുഭവിച്ചവർ സാക്ഷ്യം നൽകുന്നു.
ചർച്ചകളിലുള്ള ദൈവജനത്തിന്റെ പങ്കാളിത്തവും, സമയവും, രീതികളും ഓരോ പ്രാദേശത്തിന്റെയും പ്രത്യേകത അനുസരിച്ച് വ്യത്യാസമുണ്ട് എന്നിരുനാലും വിവിധ ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളും സിനഡൽ പ്രക്രിയയെ സന്തോഷത്തോടും ഉൽസാഹത്തോടും കൂടെ സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറിയേറ്റ് നൽകിയ രൂപരേഖകൾ പ്രാദേശിക തലത്തിൽ പരിഭാഷപ്പെടുത്തി നൽകിയതും ഈ പ്രക്രിയയെ എളുപ്പമാക്കി.
എക്യുമെനിക്കൽ തലത്തിലും വലിയ ഉൽസാഹം ദർശിക്കാൻ കഴിയുന്നു എന്നതും മറ്റു ക്രൈസ്തവ സമൂഹങ്ങൾ കത്തോലിക്കാ സഭയുടെ സിനഡൽ യാത്രയിൽ സംഭാവനകൾ നൽകാൻ തയ്യാറാകുന്നതും ക്രൈസ്തവർ ന്യൂനപക്ഷങ്ങളായ ഇടങ്ങളിൽ അന്തർമത തലത്തിലുള്ള നീക്കങ്ങളും വളരെ സ്വാഭാവികമായി നടക്കുന്നു.
വിവിധ മാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെയും പരസ്പരമുള്ള ആശയ വിനിമയം പ്രോൽസാഹിപ്പിക്കുന്നതിനായി നിരന്തര ശ്രമം നടത്തിയിട്ടുണ്ട്. പല രൂപതകളും മെത്രാൻ സമിതികളും വെബ്സൈറ്റുകൾ വഴിയും സാമൂഹ്യ ശ്രുംഖലകൾ വഴിയും അവരവരുടെ സിനഡൽ യാത്രകൾ വിവരിക്കുന്നുണ്ട്. പ്രാദേശീക തലത്തിലുള്ളവ കൂടാതെ synod.va ; synodresources.org; prayforthesynod.va തുടങ്ങിയ പ്ലാറ്റുഫോമുകളും സഹായകമാകുന്നു.
വെല്ലുവിളികൾ
പല വിശ്വാസികളും പഠിക്കാനും മാനസാന്തരത്തിനും സഭാ ജീവിതത്തിന്റെ നവീകരണത്തിനുമുള്ള സഭയുടെ ഒരു നിർണ്ണായക സമയമായാണ് സിനഡൽ പ്രക്രിയയെ മനസ്സിലാക്കുന്നത്. അതേ സമയം പല പ്രശ്നങ്ങളും ഉണ്ടാകുന്നുമുണ്ട്. ഭയവും മൗനവും ചില വിശ്വാസ സമൂഹങ്ങളിലും പുരോഹിതരുടെയിടയിലും ഉള്ളതായി റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ സംഭാവനകൾ പരിഗണിക്കുമോ എന്ന സംശയവും അൽമായരുടെ ഇടയിലുണ്ട്. പരസ്പരം ശ്രവിക്കുന്നതിനും ഒരുമിച്ചുള്ള വിലയിരുത്തലുകളും ആവശ്യപ്പെടുന്ന സിനഡൽ പ്രക്രിയയ്ക്ക് മറ്റൊരു വെല്ലുവിളിയാണ് കൂടിക്കാഴ്ച്ചകൾക്ക് പരിമിതികൾ സൃഷ്ടിക്കുന്ന മഹാമാരി.
മറ്റു വെല്ലുവിളികൾ
സിനഡൽ പ്രക്രിയ ഒരു പാർലമെന്റ് ചർച്ച പോലെയാകാതെ യഥാർത്ഥ ആത്മീയ പ്രക്രിയയായി മാറാൻ ശ്രവിക്കാനും വിവേചിച്ചറിയാനുമുള്ള രൂപീകരണത്തിന്റെ ആവശ്യകതയുണ്ട്. കൂടാതെ പ്രാർത്ഥനയിലും ദൈവവചനത്തിന്റെ ശ്രവണത്തിലും അധിഷ്ഠിതമാക്കി മറ്റുള്ളവരെ ശ്രവിക്കാനുള്ള തുറവുണ്ടാകാനും സഭയുടെ പ്രേഷിത ദൗത്യത്തിൽ മാമ്മോദീസ സ്വീകരിച്ച എല്ലാവർക്കുമുള്ള കൂട്ടുത്തരവാദിത്വം മനസ്സിലാക്കുക എന്നതും ഒരു വെല്ലുവിളിയാണ്. യുവജനങ്ങളുടെ പങ്കാളിത്തത്തിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക, സഭാ സംവിധാനങ്ങളുടെ വെളിയിൽ പെട്ടവരെ പങ്കെടുപ്പിക്കുക എന്നിവ കൂടാതെ പുരോഹിതരുടെ വിമുഖതയും വെല്ലുവിളിതന്നെയാണ്.
ഉപസംഹാരം
സിനഡൽ പ്രക്രിയയുടെ പുതുമകൾ വളരെയധികം സന്തോഷവും ഉണർവ്വും ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും ചില അനിശ്ചിതത്വങ്ങളും പരിഹരിക്കപ്പെടേണ്ടതായിട്ടുമുണ്ട്. ജ്ഞാനസ്നാനം സ്വീകരിച്ച സകലരേയും ഉദ്ദേശിച്ചുള്ള ഈ സിനഡൽ മാനസാന്തരം 2023 നും അപ്പുറത്തേക്ക് നീളുന്ന ഒരു നീണ്ട പ്രക്രിയയാണ്. പ്രാദേശീക തലത്തിൽ നിന്നു തുടങ്ങുന്ന ഈ പ്രക്രിയ 2021-23 സിനഡിന് അപ്പുറത്തേക്ക് കടന്ന് സിനഡാലിറ്റിയുടെ പ്രത്യക്ഷമായ ഫലങ്ങൾ സഭയിൽ പ്രകടമാകട്ടെ എന്ന് എല്ലാവരും ആഗ്രഹിക്കുന്നു.
റിപ്പോർട്ടുകൾ തയ്യാറാക്കാനുള്ള രീതി
ജനറൽ സെക്രട്ടറിയേറ്റിലേക്ക് വന്ന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി രൂപതകളും മെത്രാൻ സമിതികളും എങ്ങനെയാണ് ജനറൽ സെക്രട്ടറിയേറ്റിലേക്ക് റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടതെന്നതിന് ഒരു കുറിപ്പ് തയ്യാറാക്കുന്നുണ്ട്. വിവിധ സഭാ സമിതികൾക്ക് അവരുടെ സഭാ വിവേചന രീതികളുടെ ഫലങ്ങൾ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒന്നായിരിക്കും അത്. റിപ്പോർട്ട് തയ്യാറാക്കൽ തന്നെ ഒരു വിവേചനപ്രക്രിയയുടെ പ്രവർത്തനമാണെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: