ജൂബിലി 2025ന്റെ ഔദ്യോഗിക ലോഗോ മൽസരം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഫെബ്രുവരി 22 ചൊവ്വാഴ്ച ആരംഭിച്ച ഈ മൽസരത്തിൽ പങ്കെടുക്കാൻ 2022 മെയ് 20 വെള്ളിയാഴ്ച വരെ സമയമുണ്ടായിരിക്കും."പ്രത്യാശയുടെ തീർത്ഥാടകർ" എന്ന മുദ്രാവാക്യവുമായി 2025 ജൂബിലി വർഷത്തിനായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ നവ സുവിശേഷവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പൊന്തിഫിക്കൽ കൗൺസിലിനെ ഫ്രാൻസിസ് പാപ്പാ ചുമതലപ്പെടുത്തിയിരുന്നു. സഭയ്ക്കുള്ളിൽ ഒരുക്കങ്ങൾ ആരംഭിക്കുമ്പോൾ, 2025 ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കുന്നതിനാണ് പൊന്തിഫിക്കൽ കൗൺസിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന ഒരു മത്സരം ആരംഭിക്കുന്നത്.
അനന്യതയും ആത്മീയ പ്രമേയവുമുള്ള ഒരു ലോഗോ
"ഓരോ വിശുദ്ധ വർഷത്തിന്റെയും സ്വത്വവും പ്രത്യേക ആത്മീയ വിഷയവും പ്രകടമാക്കുന്ന, ഈ ചരിത്ര സംഭവം ഉണർത്തുകയും സാക്ഷാത്കരിക്കുകയും ചെയ്യുന്ന ദൈവശാസ്ത്രപരമായ അർത്ഥം ഉൾക്കൊള്ളുന്ന" ഔദ്യോഗിക ലോഗോയുടെ തിരഞ്ഞെടുപ്പാണ് ജൂബിലിയുടെ ഒരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന ആദ്യ പ്രവർത്തനങ്ങളിൽ ഒന്ന് എന്ന് പൊന്തിഫിക്കൽ കൗൺസിലിന്റെ ഒരു പ്രസ്താവന വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട്, ഫെബ്രുവരി 11-ന് ഫ്രാൻസിസ് പാപ്പാ നവസുവിശേഷവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷനെ അഭിസംബോധന ചെയ്തു കൊണ്ടെഴുതിയ കത്തിൽ ലോഗോ രചിക്കാൻ ഉപയോഗിക്കാവുന്ന ചില ഉപയോഗപ്രദമായ വിഷയങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പ്രസ്താവന പറയുന്നു. അതിലുപരിയായി, "പ്രതീക്ഷയുടെ തീർത്ഥാടകർ" എന്ന മുദ്രാവാക്യം തന്നെ പങ്കെടുക്കുന്നവർക്ക് പ്രചോദനം നൽകുന്ന പ്രിയപ്പെട്ട ശീർഷകമാണ്.
ജൂബിലിയുടെ ലോഗോ പ്രതീകാത്മകമായി പ്രത്യാശയുടെ പ്രമേയത്തെ വളരെ വേഗവും ഉചിതവുമായ രീതിയിൽ പ്രകാശിപ്പിക്കും, ഇത് സഭയുടെ സന്ദേശത്തിന്റെ സാർവ്വത്രികതയുടെയും അതിലെ പ്രത്യാശയുടെ സന്ദേശത്തിൽ ആശ്വാസം കണ്ടെത്തുന്ന നമ്മുടെ സമകാലികരുടെ പ്രത്യേക ആത്മീയ ആവശ്യങ്ങളുടെ ഒരു ആവിഷ്കാരവുമാണ്.കൂടാതെ, ലോഗോ "ജൂബിലി 2025-ന്റെ തയ്യാറെടുപ്പിനും ആഘോഷത്തിനുമായി നിർദ്ദേശിക്കപ്പെടുന്ന സംരംഭങ്ങൾ, പദ്ധതികൾ, ആശയവിനിമയങ്ങൾ, സംഭവങ്ങൾ എന്നിവയെ ഔദ്യോഗികമാക്കുകയും ചെയ്യുന്നു എന്ന് പ്രസ്താവന തുടർന്നു.
ലോഗോ സമർപ്പിക്കുന്നതിനുള്ള നിയമങ്ങൾ
ആവശ്യമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നതും തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയിട്ടുള്ളതുമായ നിയമങ്ങളും ചട്ടങ്ങളും അംഗീകരിക്കുന്നതിനു വിധേയമായിട്ടായിരിക്കും മൽസരത്തിലുള്ള പ്രവേശനം എന്ന് പൊന്തിഫിക്കൽ കൗൺസിൽ സൂചിപ്പിച്ചു. പ്രവേശനത്തിനുള്ള കൂടുതൽ വിവരങ്ങൾ ജൂബിലി ലോഗോയ്‌ക്കായി തയ്യാറാക്കിയിട്ടുള്ള വെബ്സൈറ്റിൽ ലഭ്യമാകും. അവിടെ മത്സരാർത്ഥികൾ തയ്യാറാക്കുന്ന ലോഗോയുടെ ഡിജിറ്റൽ ഫയലുകൾ അപ്ലോഡ് ചെയ്യാനും ഉടൻ സാധ്യമാകും.
ജൂബിലി വർഷം 2000 ൽ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ 22 വയസ്സുള്ള ഒരു വിദ്യാർത്ഥിയായിരുന്നു ചരിത്രത്തിന്റെ ഭാഗമായി മാറിയ മത്സരത്തിലെ വിജയിയെന്ന് പ്രസ്താവന ഓർമ്മിപ്പിച്ചു.
ജൂബിലി വർഷം
റോമൻ കത്തോലിക്കാ പാരമ്പര്യത്തിൽ ഒരു വിശുദ്ധ വർഷം അല്ലെങ്കിൽ ജൂബിലി മതപരമായ ഒരു മഹത് സംഭവമാണ്. ഇത് പാപങ്ങളുടെ മാപ്പും, പാപത്തിനുള്ള ശിക്ഷയിൽ നിന്നുള്ള മോചനവും നേടുന്ന വർഷമാണ്; എതിരാളികൾ തമ്മിലുള്ള അനുരഞ്ജനത്തിന്റെയും, മാനസാന്തരത്തിന്റെയും, അനുരഞ്ജനത്തിന്റെയും, ഐക്യദാർഢ്യത്തിന്റെയും വർഷമാണ്. എല്ലാറ്റിനുമുപരിയായി, മനുഷ്യരാശിക്ക് ജീവനും കൃപയും നൽകുന്ന ക്രിസ്തുവിന്റെ വർഷമാണിത്. അത് ആരംഭിക്കുന്നതും അടയാളപ്പെടുത്തുന്നതും അവസാനിക്കുന്നതും ഗൗരവമേറിയ വിശുദ്ധ കർമ്മങ്ങളോടെയാണ് എന്നതുകൊണ്ടു മാത്രമല്ല, ജീവിത വിശുദ്ധിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടിയുള്ളതുകൊണ്ടാണ് ഇതിനെ വിശുദ്ധ വർഷം എന്ന് വിളിക്കുന്നത്.
25 വർഷത്തെ കാലയളവിന് ശേഷം പതിവായി വരുന്ന ഒരു ജൂബിലി "സാധാരണ" ജൂബിലിയായാണ് അറിയപ്പെടുന്നത്. എന്നാൽ ചില അത്യസാധാരണ സംഭവങ്ങൾക്കായി അത് പ്രഖ്യാപിക്കുമ്പോൾ അത് "അസാധാരണ" ജൂബിലിയാകുന്നു. സഭയെ മൂന്നാം സഹസ്രാബ്ദത്തിലേക്ക് ആനയിച്ച 2000-ലാണ് അവസാനത്തെ സാധാരണ ജൂബിലി നടന്നത്. 2015-ൽ ഫ്രാൻസിസ് പാപ്പാ കരുണയുടെ അസാധാരണമായ ഒരു ജൂബിലി വർഷം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന 2025 ജൂബിലി 25 വർഷത്തെ ഇടവേളയ്ക്ക് അനുസൃതമായി നടക്കുന്ന ജൂബിലിയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: