യഹൂദവിരുദ്ധതയെ നേരിടുന്നതിന് വിദ്യഭ്യാസപരമായ സമീപനം ആവശ്യം, മോൺസിഞ്ഞോർ ഉർബൻചിക് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യഹൂദ വിരുദ്ധതയ്ക്കെതിരായ പോരാട്ടത്തിൻറെ ആരംഭബിന്ദു ഈ വിരുദ്ധത നമ്മുടെ ഇടയിലുണ്ട് എന്ന് അംഗീകരിക്കലാണെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധികളിൽ ഒരാളായ മോൺസിഞ്ഞോർ യാനുസ് ഉർബൻചിക് (Janusz Urbańczyk).
യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിലെ (OSCE) അംഗരാഷ്ട്രങ്ങളിൽ ഉള്ള യഹൂദവിരുദ്ധതയ്ക്കെതിരായ പോരാട്ടത്തെ അധികരിച്ച് പോളണ്ടിലെ വർസ്വയിൽ ഇക്കഴിഞ്ഞ 7,8 തീയതികളിൽ (7-8/02/22) സംഘടിപ്പിക്കപ്പെട്ട യോഗത്തെ സംബോധന ചെയ്യുകയായിരുന്നു, ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്ന ആസ്ഥാനമായുള്ള വിവിധ അന്താരാഷ്ട്ര സംഘടനകളിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം.
ഓ എസ് സി ഇ (OSCE) പ്രദേശം യഹൂദവിരുദ്ധ വിമുക്തമല്ലെന്ന വസ്തുത മോൺസിഞ്ഞോർ ഉർബൻചിക് എടുത്തുകാട്ടി.
യഹൂദരുടെ കൊലപാതകത്തിൽ വരെ ഈ വിരുദ്ധത ചെന്നെത്തുന്നുണ്ടെന്ന വസ്തുതയും അവരുടെ ആരാധനായലമായ സിനഗോഗുകളും അതുപോലെതന്നെ അവരുടെ സെമിത്തേരികളും വസ്തുകവകകളും ആക്രമിക്കപ്പെടുന്നതും അനുസ്മരിച്ച അദ്ദേഹം പ്രാർത്ഥനയ്ക്കായി സിനഗോഗിൽ സമ്മേളിക്കുന്ന വിശ്വാസികൾക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ നീചമാണെന്ന് അപലപിക്കുകയും ചെയ്തു.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രസരിക്കുന്ന യഹൂദ്ധവിരുദ്ധതയുടെ അപകടങ്ങളെക്കുറിച്ചും യഹൂദവിരുദ്ധതയെ ഫലപ്രദമായി നേരിടുന്നതിന് വിദ്യഭ്യാസപരമായ ഒരു സമീപനം സ്വീകരിക്കേണ്ടതിൻറെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: