കർദ്ദിനാൾ സമിതിയുടെ ത്രിദിന സമ്മേളനം വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭാഭരണത്തിലും റോമൻകൂരിയാനവീകരണത്തിലും പാപ്പായെ സഹായിക്കുന്നതിനുള്ള കർദ്ദിനാൾ സമിതിയുടെ യോഗം വത്തിക്കാനിൽ 21-23 (21-23/02/22) വരെ ചേർന്നു.
ഫ്രാൻസീസ് പാപ്പായുടെ അദ്ധ്യക്ഷതയിൽ ആയിരുന്ന ഈ ത്രിദിന സമ്മേളനത്തെക്കുറിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് ബുധനാഴ്ച (23/02/22) ഒരു വിജ്ഞാപനത്തിലൂടെയാണ് ഇതു വെളിപ്പെടുത്തിയത്.
ഈ സമിതിയുടെ യോഗത്തിൽ കർദ്ദിനാളന്മാർ അവരവരുടെ പ്രദേശത്ത് നിലവിലുള്ള സാമൂഹ്യ,രാഷ്ട്രീയ,സഭാപരങ്ങളായ അവസ്ഥകൾ വിവരിക്കുകയും സഭയുടെ സിനഡാത്മകതയെക്കുറിച്ച് (സിനൊഡാലിറ്റി) വിചിന്തനം ചെയ്യുകയും ചെയ്തു.
സഭയിൽ നടന്നുവരുന്ന സിനഡ് സഭയുടെ കൂട്ടായ്മയ്ക്ക് പ്രാധാന്യം നല്കിയിരിക്കുന്ന പശ്ചാത്തലത്തിൽ സഭയുടെ സ്വത്വത്തിൻറെ ഹൃദയഭാഗത്ത് ശ്രവണത്തിൻറെയും വിവേചനബുദ്ധിയുടെയും ഒരു പ്രക്രിയയാണ് സഭയിൽ സിനഡാത്മകതയെന്ന ആശയം, ഇത് വൈദികരിലും അല്മായരിലും നിന്നാവശ്യപ്പെടുന്ന അനിവാര്യമായ പരിവർത്തനം, പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്ര സേവനം, രാഷ്ട്രീയ സഭാപരങ്ങളായ ചുറ്റുപാടുകളിൽ അപ്പൊസ്തോലിക് നുൺഷ്യൊമാരുടെ പങ്കും പ്രവർത്തനങ്ങളും തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.
ദൈവശാസ്ത്രജ്ഞയായ സിസ്റ്റർ ലിൻറെ പോച്ചെർ എഫ് എം എ (Linda Pocher, F.M.A) സഭയിൽ സ്ത്രീകളുടെ പങ്കിനെയും മരിയൻ സിദ്ധാന്തത്തെയും അധികരിച്ചു നടത്തിയ പ്രഭാഷണം ഈ യോഗം വിശകലനം ചെയ്തു.
അടുത്ത സമ്മേളനം ഇക്കൊല്ലം ഏപ്രിൽ മാസത്തിൽ നടത്താനും സമിതി തീരുമാനിച്ചു.
ബോംബെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉൾപ്പടെ 9 കർദ്ദിനാൾമാരെ ചേർത്തുകൊണ്ട് 2013 സെപ്റ്റമ്പർ 28-ന് ഫ്രാൻസീസ് പാപ്പാ രൂപം നല്കിയതാണ് ഈ കർദ്ദിനാൾ സമിതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: