തിരയുക

കാർഡിനൽ മൈക്കിൾ ചേർണി കാർഡിനൽ മൈക്കിൾ ചേർണി 

ദരിദ്രരുടെ നിലവിളി ദൈവത്തിന്റെ നിലവിളിയാണെന്ന് കാർഡിനൽ ചേർണി

കാരിത്താസ് കംബോഡിയ സംഘടിപ്പിച്ച ധ്യാനത്തിൽ പങ്കെടുത്തവർക്കുള്ള വീഡിയോ സന്ദേശത്തിലാണ് സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ ഇടക്കാല പ്രീഫെക്റ്റ് പറഞ്ഞു. ഇങ്ങനെ കരുതലിന്റെയും സാഹോദര്യത്തിന്റെയും പാതയിലേക്ക് കടക്കാൻ അവരെ പ്രേരിപ്പിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പയുടെ രണ്ട് ചാക്രീക ലേഖനങ്ങളായ “ലൗദാത്തോ സി” യിലും, “ഫ്രത്തേല്ലി തൂത്തി”യിലും സൂചിപ്പിച്ചിട്ടുള്ളതുപോലെ, സാഹോദര്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനും സൃഷ്ടിയെ പരിപാലിക്കാനും ഗൗരവമായി ശ്രമിച്ചതിന് കാരിത്താസ് കംബോഡിയയെ കർദ്ദിനാൾ അഭിനന്ദിച്ചു.

ഫ്രത്തേല്ലി തൂത്തി നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, “നമ്മുടെ മാനുഷിക മഹത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉറവ യേശുക്രിസ്തുവിന്റെ സുവിശേഷത്തിലാണ്” എന്ന് കാരിത്താസ് കംബോഡിയാ നോംപെന്നിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ധ്യാനത്തിൽ പങ്കെടുത്തവർക്ക് നൽകിയ വീഡിയോ സന്ദേശത്തിൽ കർദ്ദിനാൾ  പറഞ്ഞു.

ബന്ധം

“ക്രൈസ്തവ ചിന്തകൾക്കും സഭയുടെ പ്രവർത്തനത്തിനും, ബന്ധങ്ങൾക്ക് നൽകിയിട്ടുള്ള പ്രഥമസ്ഥാനം, അപരനുമായുള്ള കൂടിക്കാഴ്ച്ച, മുഴുവൻ മനുഷ്യകുടുംബവുമായുള്ള സാർവത്രിക കൂട്ടായ്മ, എല്ലാവരുടെയും വിളിയായും ഉയർന്നുവരുന്നു” എന്ന് സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ താത്കാലിക പ്രിഫെക്ടായ ജെസ്യൂട്ട് കർദ്ദിനാൾ പറഞ്ഞു.

16, 17 തിയതികളിൽ നടക്കുന്ന ഈ ആത്മീയ ധ്യാനത്തിൻ്റെ പ്രമേയം, "ഒരുമിച്ച് പരിചരണത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു സംസ്‌കാരം പ്രോത്സാഹിപ്പിക്കുക" എന്നതാണ്.  ലൗദാത്തോ സി, ഫ്രത്തേല്ലി തൂത്തി എന്നീ രണ്ട് ചാക്രീക ലേഖനങ്ങളുടെ സന്ദേശവുമായി ഈ ധ്യാന വിഷയം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിച്ച കർദ്ദിനാൾ ഇവ രണ്ടും സൃഷ്ടിയുടെ പരിപാലനത്തിനും സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യബന്ധങ്ങളോടുള്ള പുതിയ സമീപനത്തിനും ആഹ്വാനം ചെയ്യുന്നുവെന്ന് വ്യക്തമാക്കി.

ധാന്യമണിയുടെ ഉപമ ഉപയോഗിച്ചുള്ള മൂന്ന് വിചിന്തിനങ്ങൾ അദ്ദേഹം അവരുമായി പങ്കുവച്ചു. അത് പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും പോലെ അവരുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഒരു പ്രധാന ഭാഗമാണെന്ന് കർദിനാൾ പറഞ്ഞു.

ഭാവിയുടെ വാഗ്ദാനം

വിത്ത് വിതയ്ക്കുന്നതിനെക്കുറിച്ചാണ്  അദ്ദേഹം ആദ്യ വിചിന്തനം നൽകിയത്. അവർ കൈയിൽ വച്ചിരിക്കുന്നത് ഭാവി വാഗ്ദാനങ്ങളായതിനാൽ അവയെ നനയ്ക്കേണ്ടതുണ്ട്.അതുപോലെ, അടിസ്ഥാനങ്ങൾക്ക് കൂടുതൽ വികസനവും ആവശ്യമാണ്. "ഭാവിക്ക് വേണ്ടി വിത്ത് വിതച്ച്  നാം വയലിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു, ഐക്യദാർഢ്യത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും വിത്തുകളോടെ വർത്തമാനകാലത്തെ പ്രത്യാശയോടെയുള്ള ഭാവിയിലേക്ക് മാറ്റാൻ നാം പരിശ്രമിക്കുന്നു." കാരിത്താസ് “നീതിയുടെയും സമാധാനത്തിന്റെയും ഈ വിത്തുകൾ വിതയ്‌ക്കുന്നത്” തുടരട്ടെ, അവരുടെ പ്രത്യാശ സജീവമായി നിലനിർത്തുകയും സന്തോഷകരമായ ആശയവിനിമയത്തിലൂടെ മറ്റുള്ളവരുമായി അത് പങ്കിടാൻ തുറന്നിരിക്കുകയും ചെയ്യട്ടെയെന്ന് കർദ്ദിനാൾ ചേർണി ആശംസിച്ചു.

ദൈവത്തിന്റെ സന്തോഷം

രണ്ടാമത്തെ വിചിന്തനം വളർച്ചയുടെ സന്തോഷത്തെക്കുറിച്ചായിരുന്നു. അവർ ചെയ്യുന്നതിലെല്ലാത്തിലും അവരുടെ ജീവിതത്തിലും ദൈവത്തിന്റെ സന്തോഷം കടന്നുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യേശു പറയുന്നതുപോലെ, മുന്തിരിവള്ളിയും ശാഖകളും പോലെ ദൈവവുമായി ബന്ധപ്പെട്ടുകൊണ്ട് അവർ ഈ സന്തോഷം നിലനിർത്തണം. നാം ക്രിസ്തുവിൽ വസിക്കുകയും അവൻ നമ്മിൽ വസിക്കുകയും ചെയ്താൽ, ഈ സന്തോഷം നമ്മുടെ വളർച്ചയുടെ പ്രക്രിയയിൽ മാത്രമല്ല മറ്റുള്ളവരിലും പിൻതുടരും. “നിങ്ങൾ സന്തോഷത്തിന്റെയും ദയയുടെയും ആർദ്രതയുടെയും ഈ മനോഭാവത്തിൽ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം,” കർദ്ദിനാൾ ചേർണി ഉദ്ബോധിപ്പിച്ചു.

ഒരു പുതിയ മനുഷ്യത്വം

മൂന്നാമതായി,വിളവെടുപ്പിനെക്കുറിച്ചാണ് കർദ്ദിനാൾ സംസാരിച്ചത്. നാം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പുതിയ മാനവികത, സമാധാനത്തിന്റെയും നീതിയുടെയും ലോകം, ദൈവത്തിന്റെ പ്രവർത്തനത്തിന്റെ  മഹത്തായ സംരംഭം, നമ്മുടെ ജീവിതകാലത്ത് പൂർത്തിയാക്കാൻ കഴിയുന്ന ഒരു ചെറിയ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് മഹാശിൽപിയായ ദൈവവും നമുക്ക് സ്വന്തമല്ലാത്ത ഭാവിയുടെ ശുശ്രൂഷകരും പ്രവാചകരുമാകുന്ന  ജോലിക്കാരായ നമ്മളും തമ്മിലുള്ള വ്യത്യാസം.

സർവ്വതും ബന്ധിതം

കാരിത്താസ് പ്രവർത്തകർ സഹകാരികൾ മാത്രമാണെന്നും വിശാലമായ പരിശ്രമത്തിന്റെ ഒരു ചെറിയ ഭാഗമാണവരെന്നും സൂചിപ്പിച്ച കർദ്ദിനാൾ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇത് അടിസ്ഥാനപരമാണെന്നും നല്ല ബന്ധങ്ങളാണ് നിർമ്മാണത്തിന്റെ അടിസ്ഥാന ഘടകമെന്നും വിശദീകരിച്ചു. ഈ യാത്രയിൽ ആരും ഒറ്റയ്ക്ക് നടക്കുന്നില്ലെന്ന് ധ്യാനത്തിൽ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചുകൊണ്ട്, പലപ്പോഴും മോശം വാർത്തകളാകുന്ന മന്ദീഭവിച്ച ആഖ്യാനങ്ങൾക്കപ്പുറത്തേക്ക് നോക്കാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു.

“ദരിദ്രരുടെ നിലവിളി കേൾക്കുക, അത് ദൈവത്തിന്റെ നിലവിളിയാണെന്നും ദുർബ്ബലരുടെ വിവരണമാണെന്നും” അദ്ദേഹം അവരോടു പറഞ്ഞു. “നിങ്ങൾ അനുഗമിക്കുന്ന ദരിദ്രർ ആശങ്കയുടെ ഉറവിടമാണ്, മാത്രമല്ല ജീവിതത്തിന്റെയും സർഗ്ഗാത്മകതയുടെയും നല്ല വാർത്തകളുടെയും ഉറവിടമാണ്. അവരെ ശ്രവിക്കുകയും സുവാർത്ത ആഘോഷിക്കുകയും കഥകൾ പങ്കുവെക്കുകയും അവരോടൊപ്പം ഒരുമിച്ച് വളരുകയും ചെയ്യുക,” കർദ്ദിനാൾ ചെർണി അവരെ ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഫെബ്രുവരി 2022, 15:29