വത്തിക്കാനിൽ മുപ്പതാമത് ലോക രോഗീദിനാചരണം: വെബിനാർ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അന്നേ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വച്ച് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കാനിരിക്കെ, ലോക രോഗീദിനാചരണത്തിന്റെ ഭാഗമായി, ഫെബ്രുവരി 10-ന് വൈകുന്നേരം (15.00 - 17.30) "ലോക രോഗീദിനം: അർത്ഥം, ലക്ഷ്യങ്ങൾ, വെല്ലുവിളികൾ" എന്ന വിഷയത്തിൽ, സമഗ്ര മാനവികവികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ഒരു വെബിനാർ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
"നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക" (ലൂക്കാ 6:36), കാരുണ്യത്തിന്റെ യാത്രയിൽ, ബുദ്ധിമുട്ടുന്ന മനുഷ്യർക്കൊപ്പം നിൽക്കുക, എന്നതാണ് 2022-ലെ ലോക രോഗീദിനത്തിന്റെ പ്രമേയം.
ഇപ്പോൾ ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിലുള്ള ക്രിസ്തുവിന്റെ സഭ, രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയുള്ള സേവനം തങ്ങളുടെ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് നൂറ്റാണ്ടുകളായി വ്യക്തമാക്കുന്നുണ്ട് (cf. Dolentium Hominum, 1). അതുകൊണ്ടുതന്നെയാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1992 മെയ് 13-ന് സ്ഥാപിച്ച ഈ ദിനം പ്രാധാന്യത്തോടെ സഭ ആഘോഷിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് സമഗ്ര മാനവികവികസനത്തിനായുള്ള ഡിക്കാസ്റ്ററി തങ്ങളുടെ അറിയിപ്പിലൂടെ ഓർമ്മിപ്പിച്ചു. രോഗികൾക്ക് വേണ്ടിയുള്ള സേവനങ്ങൾ, ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മനുഷ്യർക്കൊപ്പം എന്നും നിന്നിട്ടുള്ള സഭയുടെ തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ഡിക്കാസ്റ്ററി കൂട്ടിച്ചേർത്തു.
രോഗികൾക്ക് പുറമെ, സാഹോദര്യത്തിന്റെയും, കൂട്ടായ്മയുടെയും ചൈതന്യത്തിൽ, ആരോഗ്യരംഗത്ത് സേവനം നടത്തുന്നവർ, സാമൂഹ്യ-ആരോഗ്യ പ്രവർത്തകർ, ആശുപത്രികളിൽ ആധ്യാത്മികസേവനം നടത്തുന്ന വൈദികർ, മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവർക്കായാണ് ലോക രോഗീദിനം നടത്തപ്പെടുന്നത്.
ഈയൊരർത്ഥത്തിൽ, "രോഗികളോടുള്ള അടുപ്പവും അവരുടെ പരിചരണവും അജപാലന ശുശ്രൂഷയും, പ്രത്യേകമായി അർപ്പണബോധമുള്ള ചില ശുശ്രൂഷകരുടെ മാത്രം ചുമതലയല്ല മറിച്ച് തന്റെ ശിഷ്യന്മാരായ എല്ലാവർക്കുമുള്ള ക്രിസ്തുവിന്റെ ഒരു ക്ഷണമാണ്" എന്ന്, 2022-ലെ ലോകാരോഗീദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തെ ഉദ്ധരിച്ച്, സമഗ്ര മാനവികവികസനത്തിനായുള്ള ഡിക്കാസ്റ്ററി ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: