തിരയുക

മോൺസിഞ്ഞോർ യാനുസ് ഉർബൻചിക്ക് (Mons. Janusz Urbańczyk), യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയിൽ (OSCEE) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ യാനുസ് ഉർബൻചിക്ക് (Mons. Janusz Urbańczyk), യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയിൽ (OSCEE) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

മോൺസിഞ്ഞോർ ഉർബൻചിക്ക്: തുറന്ന മനസ്സോടെ കൂടിക്കാഴ്ച നടത്താൻ പ്രചോദന ഹേതുവാകുന്ന സംഭാഷണം!

വിവേചനത്തെ മറികടക്കുകയും മനുഷ്യരാശിയിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള അടുത്ത ബന്ധം തിരിച്ചറിയുകയും ചെയ്യാൻ സംഭാഷണം സഹായിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മുൻവിധിയ്ക്കെതിരായ പോരാട്ടത്തിനും മാനവാന്തസ്സിനോടുള്ള ആദരവ് ഊട്ടിവളർത്തുന്നതിനും ബലവത്തായ ഒരു ഉപകരണമാണ് സംവാദം എന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധിയായ മോൺസിഞ്ഞോർ യാനുസ് ഉർബൻചിക്ക് (Mons. Janusz Urbańczyk).

ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്ന ആസ്ഥനാമായി, യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായി, പ്രവർത്തിക്കുന്ന സംഘടനയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഈ സംഘടനയുടെ 1352-മത് യോഗത്തെ ജനുവരി 27-ന് (27/01/22) സംബോധന ചെയ്യവെ, നാസികൾ യഹൂദർ ഉൾപ്പടെ അനേകരെ കൂട്ടക്കുരുതി കഴിച്ചതിൻറെ ഓർമ്മദിനം ജനുവരി 27-ന് ആചരിക്കുന്നതിനെക്കുറിച്ച് അനുസ്മരിച്ചുകൊണ്ടാണ് ഇങ്ങനെ പ്രസ്താവിച്ചത്.

ഇന്നത്തെ യഹൂദ വിരുദ്ധതയെ അഭിമുഖീകരിക്കുന്നതിൽ സംഭാഷണത്തിനുള്ള പ്രാധാന്യം എടുത്തുകാട്ടിയ മോൺസിഞ്ഞോർ യാനുസ് ഉർബൻചിക്ക്  അത്, മറ്റുള്ളവരുമായി തുറന്ന മനസ്സോടെ കൂടിക്കാഴ്ച നടത്താൻ പ്രോത്സാഹിപ്പിക്കുകയും യഹൂദമതത്തെക്കുറിച്ച് പഠിക്കാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു.

അങ്ങനെ വിവേചനത്തെ മറികടക്കുകയും മനുഷ്യരാശിയിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള വളരെ അടുത്ത ബന്ധം തിരിച്ചറിയുകയും ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ, നിർഭാഗ്യവശാൽ, അവഗണിക്കപ്പെട്ട ഈ ബന്ധങ്ങൾ, ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്, ശാന്തിയുടെയും ആദരവിൻറെയും അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് പ്രത്യക്ഷമായി ഇടപെടാനും വ്യക്തിപരമായി പ്രതിജ്ഞാബദ്ധരാകാനുമാണെന്ന് മോൺസിഞ്ഞോർ ഉർബൻചിക്ക് ഓർമ്മിപ്പിച്ചു.

ആകയാൽ കൂട്ടക്കുരുതിയുടെ ഓർമ്മയാചരണം, നാസികൾ യഹൂദരെ കൂട്ടക്കുരുതി കഴിച്ച ആ അനിർവചനീയ നിഷ്ഠൂരത, “ഷൊആ” (Shoah) മേലിൽ ആവർത്തിക്കപ്പെടാത്തതായൊരു ഭാവി വാർത്തെടുക്കാൻ അനിവാര്യ പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൂട്ടക്കുരുതിയുടെ (Holocaust) ഓർമ്മ, ഫ്രാൻസീസ് പാപ്പാ പറഞ്ഞതു പോലെ, “നാഗരികതയുടെ അടയാളവും സമാധാവും സാഹോദര്യവും വാഴുന്ന മെച്ചപ്പെട്ടൊരു ഭാവിയ്ക്കുള്ള വ്യവസ്ഥയും” ആണെന്ന്  മോൺസിഞ്ഞോർ ഉർബൻചിക്ക് അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2022, 12:18