തിരയുക

ഉക്രെയ്നിലെ കീവിൽ വധിക്കപ്പെട്ട  പ്രതിരോധക്കാർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങിലെ ദൃശ്യം. ഉക്രെയ്നിലെ കീവിൽ വധിക്കപ്പെട്ട പ്രതിരോധക്കാർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങിലെ ദൃശ്യം. 

ഉക്രെയ്ൻ: യുദ്ധത്തിൽ എല്ലാവരും ദുരിതമനുഭവിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് ഗാല്ലഗർ

വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ വത്തിക്കാൻ കാര്യാലയ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ ഉക്രെയ്നിലെ സമാധാനത്തിനായി പ്രത്യേക പ്രാർത്ഥന നയിച്ചു. ശത്രുതയെ അതിജീവിച്ച് സമാധാനത്തിനായി പരിശ്രമിക്കണമെന്ന് അന്താരാഷ്ട്ര നേതാക്കളോടു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാനിൽ നിന്ന്  അകലെയല്ലാത്ത ത്രസ്തേവരേയിലെ പരിശുദ്ധ മറിയത്തിന്റെ നാമഥേയത്തിലുള്ള ബസിലിക്കയിൽ ബുധനാഴ്ച വൈകുന്നേരം ഉക്രെയ്നിലെ സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനാ ജാഗരണത്തിന് അദ്ദേഹം മുഖ്യകാർമ്മീകത്വം വഹിക്കുകയും വിശ്വാസികൾ ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

കിഴക്കൻ യൂറോപ്യൻ രാജ്യമായ ഉക്രെയ്നിലെ സമാധാനത്തിനായി ഒരു ദിവസം പ്രാർത്ഥന നടത്തണമെന്നും അങ്ങനെ നവീകരിക്കപ്പെട്ട യുദ്ധഭീഷണി മറികടക്കാൻ കഴിയുമെന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഈ പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചത്. പ്രതിസന്ധി ചർച്ച ചെയ്യാൻ നാല് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ പാരീസിൽ വെവ്വേറെ യോഗം ചേർന്നപ്പോൾ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ ഈ പ്രാർത്ഥനാ സംരംഭത്തിന് നേതൃത്വം നൽകുകയായിരുന്നു.

റഷ്യ, ഉക്രെയ്നുമായുള്ള അതിർത്തിക്കടുത്ത് 100,000 സൈനികരെ നിരത്തുകയും സജീവമായ വെടിവയ്പ് പരിശീലനങ്ങൾ നടത്തുകയും ചെയ്തു .ഇത് ഒരു പരിപൂർണ്ണ അധിനിവേശത്തിന്റെ ഭയം ജനിപ്പിച്ചു.

യുദ്ധത്തിന്റെ ഭാഷണം നിശബ്ദമാക്കുക

“യുദ്ധത്തിന്റെ ഭാഷണം നിശ്ശബ്ദമാക്കപ്പെടട്ടെ,” എന്ന് ആർച്ച് ബിഷപ്പ് ഗാല്ലഗെർ പ്രാർത്ഥനാ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു. "സ്ത്രീകളുടെയും, പുരുഷന്മാരുടെയും കുട്ടികളുടെയും മുറിവുകൾ സംഘർഷത്തിന്റെ ഭീകരതയിൽ നിന്ന് സംരക്ഷിക്കപ്പെടട്ടെ" എന്നും ആർച്ച് ബിഷപ്പ് പ്രാർത്ഥിച്ചു. യുക്രെയ്നിലെ ജനങ്ങൾ യുദ്ധഭീതിയെ അഭിമുഖീകരിക്കുന്ന ഈ നേരത്ത് അവർക്ക് എല്ലാ കത്തോലിക്ക വിശ്വാസികളുടെയും ഐക്യദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു.

യുദ്ധഭീഷണി ഉയർത്തുന്നവരും അതിന്റെ ഇരകളാകുന്നവരും തമ്മിലുള്ള അസാദൃശ്യം ആർച്ച് ബിഷപ്പ് ഉയർത്തിക്കാട്ടി. "ഇവ നിരവധി പുരുഷന്മാർക്ക് മൗലികാവകാശങ്ങൾ പോലും നിഷേധിക്കുന്ന വേദനാജനകമായ സാഹചര്യങ്ങളാണ്," അദ്ദേഹം പറഞ്ഞു. എന്നാൽ അതിലും അപകീർത്തികരമായത്, "സംഘർഷങ്ങളിൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്നവർ അത് ആരംഭിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നവരല്ല, മറിച്ച് അവരുടെ നിസ്സഹായരായ ഇരകൾ മാത്രമാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരുടെയിടയിലും സമാധാനം പ്രോത്സാഹിപ്പിക്കുക

പ്രകൃതിദുരന്തങ്ങളോ മനുഷ്യനിയന്ത്രണത്തിന് അതീതമായ സംഭവങ്ങളോ എന്നതിനേക്കാൾ, “ശ്രദ്ധാപൂർവ്വം കണക്കുകൂട്ടിയ പ്രവർത്തനങ്ങളുടെ” ഫലമായി മുഴുവൻ രാജ്യങ്ങളും സഹിച്ച വേദനയെക്കുറിച്ച് ആർച്ച് ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു.

ദൈവം നമ്മെയെല്ലാം ക്രിസ്തുവിൽ സഹോദരന്മാരാക്കിയതിനാൽ, എല്ലാ മനുഷ്യരും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. യുദ്ധത്തിന് കാരണമാകുന്നവരുമായും അതിന്റെ അനന്തരഫലങ്ങൾ സഹിക്കുന്നവരുമായും ക്രൈസ്തവർ തങ്ങളുടെ ബന്ധം തിരിച്ചറിയണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. അതിനാൽ, നാം എല്ലാ കക്ഷികളെയും പിതാവായ ദൈവത്തിന്റെ മുമ്പാകെ സമർപ്പിക്കുകയും ദൈവത്തിന്റെ ദാനമായ സമാധാനത്തിനായി അപേക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാറ്റത്തിനായി സജീവ പ്രാർത്ഥന

സമാധാനത്തിനായി പ്രാർത്ഥിക്കുകയും അതേ സമയം, നേതാക്കൾ ഉടമ്പടികളിൽ ഒപ്പിടുന്നതുവരെ നാം നിഷ്ക്രിയരായി കാത്തു നിൽക്കരുതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

ഉടമ്പടികൾക്കും തത്ക്കാല ശമനത്തിനും വേണ്ടിയുള്ള കാത്തിരിപ്പിൽ നാം സ്വയം പരിമിതിപ്പെടുത്തരുത്. മറിച്ച് ഒരു പുതിയ മനുഷ്യത്വം നമ്മിലും എല്ലാ ഹൃദയങ്ങളിലും പുനർജനിക്കുന്നതിനായി നാം പ്രവർത്തിക്കുന്നു," അദ്ദേഹം പറഞ്ഞു. സമാധാനം പകർന്നു പിടിക്കുന്നതാണ് എന്നു പറഞ്ഞ ആർച്ച് ബിഷപ്പ് ഗാല്ലഗെർ "പരിശുദ്ധാത്മാവ് എല്ലാ വ്യക്തികളെയും, പ്രത്യേകിച്ച് രാഷ്ട്രങ്ങളുടെ നേതാക്കന്മാരെ, സമാധാനത്തിന്റെ പ്രവർത്തകരാക്കട്ടെ." എന്നാശംസിച്ചു.

തുടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകൾ

ബുധനാഴ്ച പ്രാർത്ഥനാജാഗരണം നടന്നനേരത്ത് ഉക്രെയ്ൻ, റഷ്യ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്ട്രീയ ഉപദേഷ്ടാക്കൾ 2015 ലെ മിൻസ്‌ക് കരാറുകൾ ചർച്ച ചെയ്യാൻ പാരീസിൽ യോഗം ചേർന്നിരുന്നു.

റഷ്യ ക്രിമിയ പിടിച്ചെടുക്കുകയും ക്രെംലിന്റെ പിന്തുണയുള്ള വിഘടനവാദികൾ ഉക്രെയ്നിലെ ഡോൺബാസ് മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതിന് ശേഷം ഒപ്പുവച്ച വെടിനിർത്തലിനോടുള്ള തങ്ങളുടെ പ്രതിബദ്ധത സംഘം ആവർത്തിച്ചു.

ചർച്ചകൾ "ലളിതമല്ല", എന്നാൽ ഓരോരുത്തരുടേയും വാദങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യയുടെ ചീഫ് നെഗോഷ്യേറ്റർ പിന്നീട് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 January 2022, 13:03