തിരയുക

വത്തിക്കാൻ: 2020-ലെ ക്രിസ്തുമസ് പുൽക്കൂട് വത്തിക്കാൻ: 2020-ലെ ക്രിസ്തുമസ് പുൽക്കൂട്  

വത്തിക്കാൻ: 2021-ലെ ക്രിസ്തുമസ് ക്രിബ് ഉദ്‌ഘാടനച്ചടങ്ങുകൾ

വരുന്ന ഡിസംബർ 10 വെള്ളിയാഴ്ച വത്തിക്കാനിലെ ക്രിസ്തുമസ് ക്രിബ് ഉദ്‌ഘാടനം നടക്കുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വത്തിക്കാൻ ഗവർണ്ണർ ആർച്ച്ബിഷപ് ഫെർണാണ്ടോ വെർഗസ് അൽസാഗയും ഗവർണ്ണറേറ്റ് സെക്രട്ടറി സിസ്റ്റർ റാഫേല്ല പെത്രീനിയും ചേർന്ന് ഡിസംബർ 10 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുപ്പിറവിയുടെ ദൃശ്യങ്ങളും ദീപാലങ്കാരങ്ങളോടുകൂടിയ ക്രിസ്തുമസ് മരവും പൊതുജനങ്ങൾക്കായി അനാവരണം ചെയ്യും. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക.

പെറുവിൽനിന്ന് കൊണ്ടുവന്നിട്ടുള്ള പ്രതിമകളും, അലങ്കാരങ്ങളുമുള്ള ക്രിസ്തുമസ് ക്രിബ്, അവിടുത്തെ ആന്തെ പ്രദേശത്തുനിന്നുള്ള ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയായിരിക്കും. പെറുവിലെ ഹ്വാൻകവേലിക്ക രൂപതയുടെ മെത്രാൻ അഭിവന്ദ്യ കാർലോസ് സൽസെദോ ഒഹേദ, പെറുവിന്റെ വിദേശകാര്യമന്ത്രി ഓസ്‌കാർ മൗർതുവ ദേ റൊമാഞ്ഞ എന്നിവർ സന്നിഹിതരായിരിക്കും.

ക്രിസ്തുമസ് മരം കൊണ്ടുവന്നിരിക്കുന്ന ഇറ്റലിയിലെ ത്രെന്തോ പ്രദേശത്തെ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ലൗറോ തിസിയും, ആന്തലോ നഗരത്തിന്റെ മേയർ ആൽബെർത്തോ പേർളിയും, അതോടൊപ്പം, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ ഇത്തവണ ക്രിസ്തുമസ് ക്രിബ് ഒരുക്കിയ ഇറ്റലിയിലെ വിച്ചെൻസ പ്രദേശത്തുനിന്നുള്ള വിശുദ്ധ ബർത്തലോമിയോ ഇടവകയിൽനിന്നുള്ള ആളുകളും ചടങ്ങുകളിൽ സംബന്ധിക്കും.

എല്ലാവരെയും ഫ്രാൻസിസ് പാപ്പാ അന്നേദിവസം രാവിലെ വത്തിക്കാനിൽ സ്വീകരിക്കും.

വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള ക്രിസ്തുമസ് ക്രിബ് ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുന്നാൾ ആഘോഷിക്കുന്ന 2022 ജനുവരി ഒൻപത് വരെ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസലിക്കയുടെ മുൻപിൽ ഉണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 December 2021, 16:22