COP26 സമ്മേളനത്തിൽ വത്തിക്കാനുവേണ്ടി കർദ്ദിനാൾ പിയെത്രോ പരോളിൻ സംസാരിക്കുന്നു COP26 സമ്മേളനത്തിൽ വത്തിക്കാനുവേണ്ടി കർദ്ദിനാൾ പിയെത്രോ പരോളിൻ സംസാരിക്കുന്നു 

COP-26 സമ്മേളനത്തിൽ പങ്കെടുത്ത് നല്ല തീരുമാനങ്ങളെടുത്ത രാജ്യങ്ങൾക്ക് വത്തിക്കാന്റെ അഭിനന്ദനം

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന COP-26 സമ്മേളനത്തിൽ സംബന്ധിച്ച് ഉത്തരവാദിത്വത്തോടെ പ്രതിബദ്ധതകൾ ഏറ്റെടുത്ത രാജ്യങ്ങൾക്ക് വത്തിക്കാൻ പ്രതിനിധി സംഘം അഭിനന്ദനങ്ങൾ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒക്ടോബർ 31 മുതൽ നവംബർ 12 വരെ സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ നടന്ന COP-26 സമ്മേളനവുമായി ബന്ധപ്പെട്ട് പരിശുദ്ധ സിംഹാസനം പുറത്തുവിട്ട പത്രക്കുറിപ്പിൽ കാലാവസ്ഥാപ്രതിസന്ധിക്ക് ഏറ്റവും കുറവ് ഉത്തരവാദിത്വമുള്ളതും എന്നാൽ, അതിന്റെ പ്രത്യാഘാതങ്ങൾ ഏറെ അനുഭവിക്കുന്നവരുമായ പാവപ്പെട്ട മനുഷരെക്കുറിച്ചും കാലാവസ്ഥാപ്രതിസന്ധിയിലെ മനുഷ്യരുടെ പങ്കാളിത്തത്തെക്കുറിച്ചും ഊന്നിപ്പറയുകയും, നമ്മുടെ പൊതുഭവനമായ ഭൂമിയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ ആശങ്കകൾ, സമ്മേളനത്തിൽ പങ്കെടുത്ത രാജ്യങ്ങളെ അറിയിക്കുകയും ചെയ്തു.

ആഗോളതാപനില ഉയരുന്നതിന്റെ ശരാശരി 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനും അതിനാവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ നൽകാനും രാജ്യങ്ങൾ ഏറ്റെടുത്ത പ്രതിബദ്ധത പ്രതീക്ഷ നൽകുന്നതും, അതോടൊപ്പം ഏറ്റവും ദുർബലരായ സമൂഹങ്ങളുടെ നിലനിൽപ്പിന് തീർത്തും അനിവാര്യവുമാണെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

രാജ്യങ്ങൾ നിലവിൽ വിവിധ വാഗ്ദാനങ്ങളിലൂടെ ഏറ്റെടുത്തിട്ടുള്ള പ്രതിബദ്ധതകളെ പരിശുദ്ധസിംഹാസനത്തിന്റെ പ്രതിനിധിസംഘം അഭിനന്ദിക്കുന്നു എന്നും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും, ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന പ്രതിജ്ഞകൾ നടപ്പിലാക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തുക എന്നത് പ്രധാനപ്പെട്ടതാണ് എന്നും പത്രക്കുറിപ്പ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട്, സമ്മേളനത്തിന്റെ ഈ രണ്ടാഴ്ചയ്ക്കിടെ, കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളുടെ ലഘൂകരണം, അവയുമായി പൊരുത്തപ്പെടൽ, തീരുമാനങ്ങൾ നടപ്പിലാക്കാൻ വേണ്ട ധനസഹായം എന്നീ മേഖലകളിൽ വിവിധ 'ന്യുനതകൾ' ഉയർന്നുവന്നിട്ടുണ്ട് എന്ന് വത്തിക്കാൻ പ്രതിനിധി സംഘം ഓർമ്മിപ്പിച്ചു. എന്നാൽ ഈ മൂന്ന് കാര്യങ്ങൾക്കായി ലഭ്യമാക്കിയ സ്രോതസ്സുകൾ, പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അടിസ്ഥാനപരമാണ്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള സ്രോതസ്സുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും പുതുക്കുകയും ചെയ്യേണ്ടതുണ്ട്. നിലവിൽ ഉണ്ടായിട്ടുള്ള ന്യൂനതകൾ പരിഹരിക്കാനുള്ള ഒരു മാർഗ്ഗരേഖ കണ്ടെത്തുന്നതിന് COP26 ന് ഒരു ധാരണയിലെത്താൻ സാധിക്കുമെന്നും, അതിന് വികസിത രാജ്യങ്ങൾ മുൻകൈ എടുക്കുമെന്നും പരിശുദ്ധ സിംഹാസനം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒക്‌ടോബർ 4-ന് മതനേതാക്കളും ശാസ്ത്രജ്ഞരും സംയുക്തമായി നടത്തിയ അഭ്യർത്ഥനയിൽ പറഞ്ഞിരുന്നതുപോലെ, കാലാവസ്ഥാവ്യതിയാനങ്ങൾക്ക് ഇരകളാകാൻ സാധ്യതയുള്ള സമൂഹങ്ങളെ സംബന്ധിച്ച് അത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. വ്യാവസായിക രാജ്യങ്ങൾക്ക് ദരിദ്രരോട് പാരിസ്ഥിതികമായ കടപ്പാടും ഐക്യദാർഢ്യവും ഉണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമായി ഊന്നിപ്പറഞ്ഞിട്ടുണ്ട് എന്ന് ലൗദാത്തോ സീ എന്ന ചാക്രികലേഖനത്തെ ഉദ്ധരിച്ച് വത്തിക്കാൻ സംഘത്തിന്റെ പത്രക്കുറിപ്പ് എടുത്തുപറഞ്ഞു. (Laudato Si', n. 51 and 52).

ഇപ്പോൾ നടക്കുന്ന സമ്മേളനത്തിന്റെ അന്തിമ തീരുമാനങ്ങൾ വർത്തമാന, ഭാവി തലമുറകളോടുള്ള യഥാർത്ഥ ഉത്തരവാദിത്തബോധത്താലും അതുപോലെ നമ്മുടെ പൊതു ഭവനത്തിന്റെ സംരക്ഷണത്താലും പ്രചോദിതമാകുമെന്നും, ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സീ എന്ന ചാക്രികലേഖനത്തിൽ പറയുന്നതുപോലെ പാവങ്ങളുടെയും ഈ ഭൂമിയുടെയും നിലവിളിയോടുള്ള പ്രത്യുത്തരമാകുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രതിനിധി സംഘം പറഞ്ഞു. “സമയം തീർന്നുകൊണ്ടിരിക്കുന്നു; ഈ അവസരം പാഴാക്കപ്പെടെരുത്" എന്ന് ഫ്രാൻസിസ് മാർപാപ്പ സ്‌കോട്ട്‌ലൻഡിലെ കത്തോലിക്കർക്ക് അയച്ച കത്തിൽനിന്നുള്ള ഒരു വരി ഉദ്ധരിച്ചുകൊണ്ടാണ് പത്രക്കുറിപ്പ് അവസാനിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2021, 16:09