ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ ഗ്രന്ഥശാലയിൽ പുതിയ പ്രദർശന ശാല ഉദ്ഘാടന വേളയിൽ, 05/11/2021 ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ ഗ്രന്ഥശാലയിൽ പുതിയ പ്രദർശന ശാല ഉദ്ഘാടന വേളയിൽ, 05/11/2021 

വത്തിക്കാൻ ഗ്രന്ഥശാലയിൽ പുതിയ പ്രദർശന ശാല!

സഭ, സൗന്ദര്യത്തിൻറെയും സംസ്കാരത്തിൻറെയും പ്രാധാന്യത്തിന് സാക്ഷ്യം വഹിക്കണമെന്ന് പാപ്പാ, പ്രദർശന ശാല ഉദ്ഘാടന പ്രസംഗത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാൻ ഗ്രന്ഥശാലയുടെ വെളിച്ചം ശാസ്ത്രത്തിലൂടെ മാത്രമല്ല സൗന്ദര്യത്തിലൂടെയും പരക്കട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.

വത്തിക്കാൻ ഗ്രന്ഥശാലയുടെ (Vatican Library) പുതിയ പ്രദർശന ശാല വെള്ളിയാഴ്‌ച (05/11/21) വൈകുന്നേരം വത്തിക്കാനിൽ ഉദ്ഘാടനം ചെയ്യവ്വെയാണ് ഫ്രാൻസീസ് പാപ്പാ ഈ ആശംസ നേർന്നത്.

സൗന്ദര്യമെന്നത് ഒരു രൂപത്തിൻറെയോ അലങ്കാരത്തിൻറെയോ ക്ഷണികമായ മിഥ്യാബോധമല്ലെന്നും അത് അതിൻറെ പര്യായങ്ങളായ നന്മയുടെ, സത്യത്തിൻറെ, നീതിയുടെ വേരിൽ നിന്നാണ് വരുന്നതെന്നും പാപ്പാ സുവിശേഷകനായ യോഹന്നാൻ ഇടയനായ യേശുവിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന സുന്ദരം എന്നർത്ഥം വരുന്ന “കാലോസ്” (kalòs) എന്ന ഗ്രീക്കു പദം ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു. സുന്ദരം എന്നതാണ് ഈ പദത്തിൻറെ അർത്ഥമെങ്കിലും അതു നാം “നല്ലത്” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത് എന്ന് നല്ല ഇടയൻ എന്ന യേശുവിൻറെ വിശേഷണം ഉദാഹരിച്ചുകൊണ്ട് പാപ്പാ ചൂണ്ടിക്കാട്ടി.

മനുഷ്യൻറെ താല്ക്കാലിക അതിജീവനം മാത്രം ഉറപ്പുനല്കുന്ന അപ്പം മാത്രം പോരാ മാനവഹൃദയത്തിനെന്നും ആത്മാവിനെ തൊടുന്ന, മനുഷ്യൻറെ അഗാധമായ ഔന്നത്യത്തോടടുത്തു നില്ക്കുന്ന ഒരു സംസ്കൃതി ആവശ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അതുകൊണ്ടു തന്നെ, മാനവനെ നിർവ്വചിക്കുന്ന അന്തമായവനായുള്ള ദാഹവുമായി സംഭാഷണത്തിലേർപ്പെട്ടുകൊണ്ട് സഭ സൗന്ദര്യത്തിൻറെയും സംസ്കാരത്തിൻറെയും പ്രാധാന്യത്തിന് സാക്ഷ്യം വഹിക്കണമെന്ന് പാപ്പാ പറഞ്ഞു. തന്നിൽത്തന്നെ കേന്ദ്രീകരിക്കുകയും ആകാംക്ഷയും അപരനോടുള്ള തുറവും നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഒരു സംസ്കൃതി രോഗഗ്രസ്തമാകുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ലോകത്തിന് പുതിയ ഭൂപടങ്ങൾ ആവശ്യമാണെന്നു പറഞ്ഞ പാപ്പാ, കോവിദ് 19 മഹാമാരി ത്വരിതപ്പെടുത്തിയ യുഗപരമായ മാറ്റത്തിൻറെ വേളയിൽ, സാഹോദര്യത്തിൻറെയും സാമൂഹ്യസൗഹൃദത്തിൻറെയും പൊതുനന്മയുടെയും പൊരുൾ കണ്ടെത്തുന്നതിന് പുത്തൻ ഭൂപടങ്ങൾ മാനവരാശിക്ക് ആവശ്യമുണ്ടെന്ന് പ്രസ്താവിച്ചു.

അടച്ചുപൂട്ടപ്പെട്ട വിഭാഗങ്ങളുടെ യുക്തി ഫലശൂന്യവും തെറ്റിദ്ധാരണകൾ നിറഞ്ഞതുമാണെന്നു പറഞ്ഞ പാപ്പാ നമുക്കു വേണ്ടത് ചിലരുടെ മാത്രം അധികാരത്തിൻറെ സാധാരണ പ്രതിഫലനമായി ഭവിക്കാത്ത, സകലരുടെയും വൈവിധ്യങ്ങളുടെ നിർഭയ നാനാവർണ്ണമായ പുത്തൻ സൗന്ദര്യമാണെന്ന് ഓർമ്മിപ്പിച്ചു. അത് സേച്ഛാധിപത്യപരമായ മനുഷ്യകേന്ദ്രീകരണത്തിൻറെ ദർപ്പണമാകരുതെന്നും, മറിച്ച്, സമഗ്രമായ ഒരു ഫലപ്രദമായ പരിസ്ഥിതി ശാസ്ത്രത്തിൻറെ മൂർത്തരൂപം കാണാൻ കഴിയുന്ന സൃഷ്ടികളുടെ ഒരു നൂതന ഗീതം ആകണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. 

ക്രിസ്തുമതത്തിൻറെ നിക്ഷേപവും മാനവികതയുടെ സമ്പന്നതയും ഇന്നിൻറെയും നളെയുടെയും ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ വത്തിക്കാൻ ഗ്രന്ഥശാലയ്ക്കാകുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2021, 12:51