ഇന്തോനേഷ്യയിലെ  മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ ഇന്തോനേഷ്യയിലെ മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ 

കടലിലെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന് പരിശുദ്ധ സിംഹാസനം

ലോക മത്സ്യ ബന്ധന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്തർദേശീയ സമ്മേളനം മത്സ്യത്തൊഴിലാളികളുടേയും അവരുടെ കുടുംബങ്ങളുടേയും പിൻതുണയ്ക്കു വേണ്ടിയുള്ള പരിശുദ്ധ സിംഹാസനത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ഫാവോ (Food and Agriculture Organization) യുടേയും ദീർഘകാല സംയുക്ത പ്രതിബദ്ധത ശക്തിപ്പെടുത്തുവാനുള്ള അവസരം നൽകി.

 സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

 വത്തിക്കാനും ഐക്യരാഷ്ട്രസഭയും ചേർന്ന് സംഘടിപ്പിച്ച സമ്മേളനത്തിന്റെ  ശീർഷകം "വേലിയേറ്റം തടയൽ: ഒരുമിച്ച് നമുക്ക് കടലിലുള്ള മനുഷ്യാവകാശ ലംഘനം തടയാൻ കഴിയും" എന്നതായിരുന്നു. മൽസ്യത്തൊഴിലാളികളുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കാനും കോവിഡ് 19 മൂലം മൽസ്യ വ്യാപാരത്തെയും, ദരിദ്രരായ തൊഴിലാളികളുടെ അരക്ഷിതാവസ്ഥയെയും, വരുമാന നഷ്ടം  ബാലവേലയെയും, സ്ത്രീ ശാക്തീകരണത്തെയെയും  എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു.

സമഗ്ര മാനവ വികാസത്തിനായുള്ള ഡിക്കാസ്റ്റ്ട്രിയുടെ കീഴിൽ " Stella Maris ", ഐക്യരാഷ്ട്രസഭയുടെ FAO, പരിശുദ്ധ സിംഹാസനത്തിന്റെ FAOയിലെ സ്ഥിരം നിരീക്ഷകൻ, കാർഷിക വികസനത്തിനായുള്ള അന്തർദേശീയ ഫണ്ട് (IFAD), ആഗോള ഭക്ഷ്യ കർമ്മ പദ്ധതി (WFP), എന്നിവരായിരുന്നു സമ്മേളനത്തിന്റെ  സംയുക്ത സംഘാടകർ.

സമ്മേളനത്തിന്റെ  സമാപനം കുറിച്ചു കൊണ്ട് പരിശുദ്ധ സിംഹാസനത്തിന്റെ FAOയിലെ സ്ഥിരം നിരീക്ഷകനായ മോൺ. ഫെർണാണ്ടോ ചിക്കാ അരെല്ലാനോ മൽസ്യബന്ധന മേഖലയെ അവഗണിക്കരുതെന്ന് അടിയന്തിര അഭ്യർത്ഥന നടത്തി. വളരെ അപകടത്തിലായിക്കഴിഞ്ഞ ഈ മേഖലയുടെ സുരക്ഷിതത്വവും, അന്തസ്സും, ക്ഷേമവും അവ ഉൾക്കൊള്ളുന്നവരുടെ തന്നെ ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യാവകാശ ലംഘനം

മൽസ്യത്തൊഴിലാളികൾ ഉൾപെടുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും മനുഷ്യക്കടത്തിനേയും കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന്റെ   ഉദ്ബോധനം ഉയർത്തിപ്പിടിച്ചു കൊണ്ട്  നിയമപരമല്ലാത്തതും, റിപ്പോർട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ മൽസ്യ ബന്ധനം തടയാൻ വേണ്ടതെല്ലാം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.  ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഇത്തരം വീക്ഷണത്തിന് വഴികാട്ടുന്നുണ്ടെന്ന് മോൺ. അരല്ലാനോ കൂട്ടിച്ചേർത്തു. ചിലയിടങ്ങളിൽ സമുദ്ര മലിനീകരണം കുറയ്ക്കുന്നതിനും, സർക്കുലർ സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിലും, പ്ലാസ്റ്റിക്കിന്റെയും  ജൈവ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിലും പുരോഗതിയും ഉണ്ടായിട്ടുണ്ടെങ്കിലും സമുദ്രത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെയും മൽസ്യബന്ധന യാനങ്ങളിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെയും ആവശ്യകത അദ്ദേഹം അടിവരയിട്ടു.

മഹാമാരി വരുത്തിയ വിപരീത ഫലങ്ങൾ

കോവിഡ് 19 മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ വഷളാക്കിയതിനെ കുറിച്ച് എല്ലാ പ്രഭാഷകരും സംസാരിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങളിൽ വന്ന വ്യതിയാനം, വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിപണി, മൽസ്യബന്ധന സ്ഥലങ്ങൾ തുടങ്ങിയവ പ്രധാന പരിഗണയിൽ വന്നു. കുടിയേറ്റ തൊഴിലാളികളുടെ ദൗർലഭ്യവും, മൽസ്യബന്ധന തൊഴിലാളികളുടെ വരുമാനത്തിൽ വന്ന കുറവ് ഭക്ഷ്യ അരക്ഷിതാവസ്ഥയും, പോഷകക്കുറവും സൃഷ്ടിക്കുകയും ബാലവേല വർദ്ധിപ്പിക്കുകയും ചെയ്തതായി പ്രഭാഷകർ ചൂണ്ടിക്കാണിച്ചു.

ഒരുമിച്ചു തുഴയൽ

മൽസ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും പിൻതുണയ്ക്കാൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും പ്രതിജ്ഞ ചെയ്തു. സാമൂഹിക- സാമ്പത്തിക ആനുകൂല്യങ്ങൾ പങ്കിടുന്ന നാമെല്ലാം സഹോദരീ സഹോദരരായി ജീവിക്കേണ്ട നമ്മുടെ പൊതു ഭവനത്തെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന  ഒരു നവീകരിച്ച മൽസ്യബന്ധന വ്യവസായത്തിലേക്ക് ഒരുമിച്ച് തുഴയുന്നത് വാഗ്ദാനം ചെയ്തു.

മൽസ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടേയും അവകാശങ്ങളും സുരക്ഷതിത്വവും കാക്കുവാൻ പ്രവർത്തിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും പരിശുദ്ധ സിംഹാസനത്തിന്റെ  പിന്തുണ തുടരുമെന്നും മോൺ. ഫെർണാണ്ടോ ചിക്കാ അരെല്ലാനോ വാഗ്ദാനം ചെയ്തു. സമുദ്രങ്ങളുടേയും സമുദ്ര വിഭവങ്ങളുടേയും സംരക്ഷണത്തിനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.

പാപ്പായുടെ അഭ്യർത്ഥന

ആഗോള മൽസ്യബന്ധന ദിനത്തിലെ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം  മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവരോടുള്ള തന്റെ   സാമിപ്യം പാപ്പാ തന്റെ   വാക്കുകളിലൂടെ പ്രകടമാക്കി. വിഷമകരമായ സാഹചര്യങ്ങളിൽ ജീവിക്കുകയും നിർബന്ധിത വേല ചെയ്യേണ്ടി വരികയും ചെയ്യുന്ന എല്ലാവർക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും എല്ലാ സമുദ്ര സഞ്ചാരികൾക്കും പ്രായോഗീകവും അജപാലന പരിചരണവും നൽകുന്ന കത്തോലിക്കാ സഭാ സംവിധാനമായ സ്റ്റെല്ലാ മാരിസിന്റെ   ചാപ്ലിൻമാരോടു  പാപ്പാ തന്റെ   ആദരവ് അറിയിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2021, 14:02