തിരയുക

സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്റ്ട്രിയുടെ അധ്യക്ഷൻ കർദ്ദിനാൾ പീറ്റർ ടർക്ക്സൺ സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്റ്ട്രിയുടെ അധ്യക്ഷൻ കർദ്ദിനാൾ പീറ്റർ ടർക്ക്സൺ  

ടർക്സൺ:പകർച്ച വ്യാധി മാനസിക വിഷമമുള്ളവരുടെ ദുരിതങ്ങളെ വർദ്ധിപ്പിച്ചു

മാനസിക ആരോഗ്യ ആഗോളദിനത്തിനായുള്ള സന്ദേശത്തിൽ സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്റ്ട്രിയുടെ അധ്യക്ഷൻ കർദ്ദിനാൾ പീറ്റർ ടർക്ക്സൺ മാനസീക വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിന് പുതിയ നയങ്ങൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"അസമത്വ ലോകത്തിൽ മാനസീകാരോഗ്യം " എന്ന വിഷയത്തിൽ ഞായറാഴ്ച്ച ആചരിച്ച മാനസിക ആരോഗ്യ ആഗോളദിനത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തിൽ കോവിഡ് മഹാമാരി മാനസീക വിഷമമുള്ള വ്യക്തികളുടെ ദുരിതങ്ങളെ കൂടുതൽ വഷളാക്കിയതിനാൽ ഈ ദൗർബല്യങ്ങളെ നേരിടാൻ രാഷ്ടീയ, സാമൂഹിക, മനുഷ്യത്വ പരമായ ഏകോപിത ജനനീക്കം ആവശ്യമാണ് എന്ന് കർദ്ദിനാൾ പീറ്റർ ടർക്സൺ സൂചിപ്പിച്ചു.

അവഗണിക്കപ്പെട്ട മാനസിക അരിഷ്ടതകൾ

മാനസിക രോഗമുള്ളവരുടെ ചികിത്സയിലും സഹായത്തിലും നിലനിൽക്കുന്ന അസമത്വത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ വർഷത്തെ പരിപാടി ലക്ഷ്യമിടുന്നത്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ മാനസിക വൈകല്യങ്ങളുള്ള 75 ശതമാനം മുതൽ 95 ശതമാനം വ്യക്തികൾക്കും മാനസിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല എന്നും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ പോലും സ്ഥിതി മെച്ചമല്ല എന്നും കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. ലോകമെമ്പാടും മാനസിക വൈകല്യമുള്ള വ്യക്തികൾക്ക് എതിരെ നടക്കുന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്  പരാമർശിച്ച കാർഡിനൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീപുരുഷന്മാരും അപമാനവും വിവേചനവും ഒറ്റപ്പെടലും പാർശ്വവൽക്കരണവും നേരിടുന്നുവെന്നും വ്യക്തമാക്കി. ഇതിൽ പകുതിയോളം വരുന്ന കേസുകളിൽ മാനസിക വൈകല്യങ്ങൾ 14 വയസ്സിനു മുൻപ് ആരംഭിക്കുന്നു. അതിനാൽ 15 നും 29 നും ഇടയിൽ പ്രായമുള്ള യുവജനങ്ങളുടെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്, കർദീനാൾ വെളിപ്പെടുത്തി.

ഏകാന്തതയും പാർശ്വ വൽക്കരണവും

കോവിഡ് മഹാമാരി മുലം വന്ന ആരോഗ്യ അടിയന്തരാവസ്ഥ, സാമൂഹ്യ നിയന്ത്രണങ്ങൾ എന്നിവ മദ്യപാനം വർദ്ധിക്കുന്നതിനും, മറ്റു ലഹരി പദാർത്ഥങ്ങൾ  ഉപയോഗിക്കുന്നതിനും അതേപോലെ ചൂതാട്ടം ഉൾപ്പെടെ വിവിധ തരത്തിലുള്ള ആസക്തികൾ കൂടുതൽ ജനങ്ങളെ സ്വാധീനിക്കുന്നതിനും ഇടയാക്കി.  കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തികളുടെ ഏകാന്തതയ്ക്ക് കൂടുതൽ കാരണമായിട്ടുണ്ട്. പതിവ് പ്രവർത്തനങ്ങൾ നടത്തുന്നതിനും, ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും വന്ന അസാധ്യത അവരുടെ വേദനാജനകമായ അവസ്ഥയെ കൂടുതൽ വഷളാക്കി. പ്രത്യേകിച്ച് സാമൂഹിക പരിചരണ സ്ഥാപനങ്ങളിലും മാനസിക ആരോഗ്യ ആശുപത്രികളിലും കഴിയുന്ന വ്യക്തികളെ ഇവ കൂടുതൽ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബലഹീനതയ്ക്ക് ശ്രദ്ധ നൽകാൻ മടക്കയാത്രയുടെ സമയം

വിഭവങ്ങളുടെ വിതരണത്തിൽ അനീതിയുടെയും അസമത്വത്തിന്റെയും സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് ദശ ലക്ഷക്കണക്കിന് ആളുകൾക്ക് ദോഷകരമായി തീർന്നു. കൂടാതെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പുതിയതരത്തിലുള്ള ദാരിദ്ര്യം സൃഷ്ടിക്കുകയും പ്രത്യേകിച്ച് സ്ത്രീകളെ അത് സാരമായി ബാധിക്കുകയും ചെയ്യുന്നു.

ഒരു നവ വികസനമാതൃകയുടെ ആവശ്യകത

മനുഷ്യാന്തസ്സിസ് പ്രഥമസ്ഥാനം നൽകാൻ സഹായിക്കുന്ന ഒരു സംസ്കാരിക മാതൃക സ്വീകരിക്കാൻ വികസനത്തിന്റെ നിലവിലുള്ള മാതൃക ഉപേക്ഷിക്കണമെന്ന് സന്ദേശത്തിൽ കർദ്ദിനാൾ ആഹ്വാനം ചെയ്തു. ഓരോ പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും പ്രായമായവരുടെയും ദുർബലത പരിചരിക്കാൻ മടങ്ങി വരേണ്ട സമയമാണിതെന്നും അവർ അനുഭവിക്കുന്ന അപമാനവും വിവേചനവും മറികടക്കാൻ നല്ല സമരിയാക്കാരനെ പോലെ ശ്രദ്ധയും പിന്തുണയും ഉള്ള മനോഭാവത്തോടെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നി പറഞ്ഞു.

മാനസിക അസ്വസ്ഥതയുള്ള വ്യക്തികൾ.

ദുരിതമനുഭവിക്കുന്നവരുടെ സമീപത്ത് നിരവധി നല്ല സമരിയാക്കാർ മറഞ്ഞിരിക്കുന്നു എന്ന് സന്ദേശത്തിൽ ചൂണ്ടിക്കാണിച്ച് കൊണ്ട്  മാനസീക ബുദ്ധിമുട്ടുള്ളവർക്ക് ചികിത്സ നൽകുന്നതിനു പലപ്പോഴും സംവിധാനപരമായ ബുദ്ധിമുട്ടുകൾ  ഉണ്ടായിട്ടും ശ്രദ്ധയോടും തൊഴിൽപരമായ പക്വതയോടുംകൂടെ അവരെയും കുടുംബാംഗങ്ങളെയും സഹായിക്കുകയും  ശുശ്രൂഷിക്കുകയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ തുടങ്ങി മറഞ്ഞിരിക്കുന്ന സമരിയാക്കാരെ അനുസ്‌മരിച്ചു. മാനസിക രോഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾക്കുള്ള പിന്തുണയിലൂടെയും ഉൾപ്പെടുത്തേണ്ട സാമൂഹിക മാതൃകകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മാനസിക രോഗം ചികിൽസിക്കുന്നതിനുള്ള ആരോഗ്യ സംവിധാനം ശക്തിപ്പെടുത്താൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2021, 16:00