തിരയുക

ഫ്രാൻസിസ് പപ്പായും കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെയും - ഫയൽ ചിത്രം ഫ്രാൻസിസ് പപ്പായും കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെയും - ഫയൽ ചിത്രം 

വിശുദ്ധ യൗസേപ്പിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സിനഡൽ പ്രക്രിയയിൽ പങ്കു ചേരാം: കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെ

വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കപ്പെട്ട വർഷവും പാത്രിസ് കോർദേ എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക ലേഖനവുമായി ബന്ധപ്പെട്ട് വത്തിക്കാൻ ആശയവിനിമയത്തിനുള്ള ഡികാസ്റ്ററിയുടെ ഡെപ്യൂട്ടി എഡിറ്റോറിയൽ ഡയറക്ടർ അലെസ്സാന്ദ്രോ ജിസോത്തിക്ക് അനുവദിച്ച ഒരു അഭിമുഖ സംഭാഷണത്തിൽനിന്ന്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ചോ: വിശുദ്ധ യസേപ്പിതാവിന്റെ പ്രചാരണത്തിനായി ഫ്രാൻസിസ് പാപ്പാ പ്രത്യേകമായി തീരുമാനിച്ച ഒരു വർഷത്തിലാണ് നാം ഇപ്പൾ ജീവിക്കുന്നത്. അങ്ങയുടെ അഭിപ്രായത്തിൽ, ജ്ഞാനസ്നാനം സ്വീകരിച്ച നമുക്കെല്ലാവർക്കും എന്ത് ഫലങ്ങളാണ് ഈ വർഷത്തിൽ സ്വീകരിക്കാനാകുക?

ഉ: വിശുദ്ധ യൗസേപ്പിന്റെ വ്യക്തിത്വം പിതാക്കന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു. താങ്കൾ ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ ജ്ഞാനാനസ്നാനം സ്വീകരിച്ച നമുക്കെല്ലാവർക്കും ഈ പ്രത്യേക വർഷത്തിൽനിന്നും പ്രയോജനം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. പ്രത്യേകമായി ഈ മേഖലകളിലാണവ: ജ്ഞാനസ്നാനമേറ്റ ഓരോ വിശ്വാസിയും വിശുദ്ധ യൗസേപ്പിനെപ്പോലെ ദൈവികസ്വരവും മാർഗദർശവും ശ്രദ്ധിക്കാൻ, പ്രത്യേകിച്ച് ജീവിതത്തിലെ പരീക്ഷണങ്ങളുടെ സമയങ്ങളിൽ, പരിശ്രമിക്കുക; ജ്ഞാനസ്നാനമേറ്റ എല്ലാവരും, ദൈവികപദ്ധതി, അത് വ്യക്തമല്ലാത്തപ്പോൾപ്പോലും, പിന്തുടരാൻമാത്രം ദൈവത്തിൽ വിശ്വാസമുണ്ടാകുക; ദൈവം നമ്മെ ഏൽപ്പിക്കുന്ന ജനത്തിന് നല്ലൊരു സംരക്ഷകനും, കാവലാളും, കാര്യനിർവ്വാഹകനും ആകുക.

ചോ: പാത്രിസ് കോർദേ എന്ന തന്റെ കത്തിൽ, ഇന്നത്തെ പിതാക്കന്മാരുടെ കാര്യത്തിൽ വിശുദ്ധ യൗസേപ്പിന്റെ പ്രാധാന്യത്തെ ഫ്രാൻസിസ് പാപ്പാ അടിവരയിട്ട് പറയുന്നു. ഈ രേഖയിൽ താങ്കൾ എന്താണ് കൂടുതൽ വിലമതിക്കുന്നത്?

ഉ: ഈ പ്രമാണം നമുക്ക്, പ്രത്യേകിച്ച് പിതാക്കന്മാർക്ക്, നൽകുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. ആദ്യമേതന്നെ, ഞാൻ ഇതിൽ ശരിക്കും വിലമതിക്കുന്ന ഒരു കാര്യം, ഈ രേഖ വിശുദ്ധ യൗസേപ്പിനെ യാഥാർത്ഥ്യം അംഗീകരിക്കുന്ന വ്യക്തിയായി അവതരിപ്പിക്കുന്നു എന്നതാണ്. യാഥാർത്ഥ്യം അംഗീകരിക്കുക എന്നതിനർത്ഥം നിഷ്ക്രിയനൽകുക എന്നതോ എന്തെങ്കിലും കാര്യത്തിൽ സഹിഷ്ണുത പുലർത്തുക എന്നതോ അല്ല. അദ്ദേഹം യാഥാർത്ഥ്യത്തെ അതേപടി അംഗീകരിക്കുന്നു, ആ യാഥാർത്ഥ്യമനുസരിച്ച് ജീവിക്കുന്നു. ആ യാഥാർത്ഥ്യത്തെ അംഗീകരിക്കുമ്പോൾ, അത് പരിവർത്തയപ്പെടുത്താൻ തൻ എന്ത് ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം കാണുന്നു. ചിലപ്പോഴൊക്കെ യാഥാർത്ഥ്യത്തെ അംഗീകരിക്കാതിരിക്കാൻ നമുക്ക് പ്രലോഭനമുണ്ടാകാറുണ്ട്. നമ്മൾ സങ്കൽപ്പിച്ച ഒരു ഭൂതകാലത്തിലാണ് നാം അപ്പോൾ ജീവിക്കുന്നത്. അല്ലെങ്കിൽ ഇതുവരെ നിലവിൽവരാത്ത ഒരു ആദർശലോകത്തിലാണ് (ഉട്ടോപ്യ) നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വർത്തമാനകാലത്തെ എങ്ങനെ പരിവർത്തനം ചെയ്യണമെന്ന് നമുക്ക് അറിയില്ല. എന്നാൽ വിശുദ്ധ യൗസേപ്പ്, പാത്രിസ് കോർദേയിൽ പറയുന്നതുപോലെ,  യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും, അങ്ങനെ അംഗീകരിക്കുന്നതിൽ ദൈവവചനം കേൾക്കുകയും, ആ യാഥാർത്ഥ്യത്തെ പരിവർത്തനം ചെയ്യാൻ ധൈര്യത്തോടെ പ്രവർത്തിക്കുകയും ചെയ്തു.

ചോ: ഇപ്പറഞ്ഞ യാഥാർഥ്യവുമായി ബന്ധപ്പെട്ടു പറയുമ്പോൾ, ഇന്നത്തെ കാലത്ത് നമ്മൾ പറയേണ്ടത് പറഞ്ഞാലേ, അവസാനവാക്ക് നമ്മുടെതായാലെ ശരിയാകൂ എന്ന രീതിയിലാണ് നമ്മൾ പെരുമാറുന്നത്. പക്ഷേ, നിശബ്ദത പാലിച്ചുകൊണ്ടും, നിഴലിൽ ആയിരുന്നുകൊണ്ടും വിശുദ്ധ യൗസേപ്പ് തന്റെ ശക്തി കാണിക്കുന്നു. ഈ മനോഭാവം നമ്മെ എന്താണ് പഠിപ്പിക്കുന്നത്?

ഉ: അത് ശരിയാണ്. ഞാൻ ഒരു വൈദികവിദ്യാർത്ഥി ആയിരുന്നപ്പോൾ, ഞങ്ങളുടെ സെമിനാരിയുടേത് "സാൻ ഹോസെ", വിശുദ്ധ യൗസേപ്പിന്റെ സെമിനാരി എന്ന പേരായിരുന്നു. അവിടെ നിശബ്ദത എന്ന വിശുദ്ധ ജോസഫിന്റെ ഒരു ഗുണം ഞങ്ങളെ പ്രത്യേകിച്ച് പഠിപ്പിച്ചിരുന്നു. സുവിശേഷം അദ്ദേഹത്തിന്റേതായി വാക്കുകളൊന്നും എടുത്തുപറയുന്നില്ല എന്നാൽ അദ്ദേഹം തന്റെ നിശബ്ദതയിൽ ദൈവവചനത്തെ സംരക്ഷിക്കുകയായിരുന്നു. യേശുവാണ് അദ്ദേഹത്തിന്റെ മൗനത്തിൽ സംസാരിക്കുന്നത്. കൊല്ലാനും നിശബ്ദമാക്കാനും ആഗ്രഹിച്ചവരിൽനിന്ന് ദൈവവചനത്തെ, യേശുവിനെ, അദ്ദേഹം സംരക്ഷിച്ചു. അതുകൊണ്ടുതന്നെ, ഇത് നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു. ഒന്നാമതായി: സംസാരിക്കാനും സംസാരിക്കാനും സംസാരിക്കാനുമുള്ള നമ്മുടെ ആഗ്രഹത്തെക്കുറിച്ച്, "ഞാൻ സംസാരിക്കുന്നത് എനിക്ക് വേണ്ടിയാണോ അതോ ദൈവവചനത്തിന് വേണ്ടിയാണോ"? രണ്ടാമതായി: മൗനമാണ് ചിലപ്പോൾ ഏറ്റവും ശക്തമായ പ്രസംഗം. യേശു പോലും പീലാത്തോസ് തന്നെ വിധിക്കുന്ന അവസരത്തിൽ ഒരു ഘട്ടത്തിൽ നിശബ്ദനാകുന്നുണ്ട്. എന്നാൽ അവന്റെ നിശബ്ദതയിൽ, ആരാണ് വിധിക്കപെട്ടത്? അഴിമതി നിറഞ്ഞ സംവിധാനമാണ് യേശുവിന്റെ നിശബ്ദതയിൽ വെളിവാക്കപ്പെട്ടത്. അങ്ങനെ, യേശു വിശുദ്ധ യൗസേപ്പിൽനിന്നാണ് നിശബ്ദത പഠിച്ചതെന്ന് ഞാൻ കരുതുന്നു.

ചോ: തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി സഞ്ചരിക്കുകയും, തങ്ങൾ സഞ്ചരിച്ചിരുന്ന ദിശ മാറുകയും ചെയ്യുന്ന ഒരു അച്ഛൻ കൂടിയാണ് വിശുദ്ധ യൗസേപ്പ്. ഇപ്പോൾ സിനഡൽ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന സഭയോട് വിശുദ്ധ യൗസേപ്പിന്റെ വിശ്വാസം എന്താണ് പറയുന്നത്?

ഉ: ഒരുമിച്ച് നടക്കാനും, ഒരുമിച്ച് യാത്ര ചെയ്യാനും നമുക്കുള്ള ഒരു ക്ഷണമാണ് സിനഡൽ പ്രക്രിയ. വിശുദ്ധ യൗസേപ്പ് കാണിച്ചുതരുന്ന നടക്കുന്ന ഒരു രീതിയുണ്ട്. അപകടകരമായ വഴികളിലൂടെ, മറിയത്തിന്റെയും യേശുവിന്റെയും കൂടെ, ദൈവദൂതൻ നൽകിയ നിർദ്ദേശങ്ങളനുസരിച്ച് വിശുദ്ധ യൗസേപ്പ് നടന്നു. അവന്റെ ആ നടത്ത സംരക്ഷണത്തിന്റെയും കരുതലിന്റേതുമാണ്. ഇപ്പോൾ നടക്കുന്ന സിനഡിന്റെ പ്രവർത്തനങ്ങൾ, യേശുവിനെയും  സഭയെയും സ്നേഹിക്കുന്നതിനുമുള്ള കഴിവ് കൂടുതലായി വളർത്താൻ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നന്മയായ രീതിയിലുള്ളതല്ലാത്ത നിരീക്ഷണങ്ങൾ ഉണ്ടായാലും, അവ യേശുവിന്റെ നാമം പ്രഖ്യാപിക്കപ്പെടുന്നതിനും സംരക്ഷിക്കപ്പെടുന്നതിനും വേണ്ടിയുള്ള സ്നേഹം കൊണ്ടും തീക്ഷ്ണതകൊണ്ടും ആയിരിക്കണം.

ചോ: അവസാനമായി, കുറച്ചുകൂടി വ്യക്തിപരമായ ഒരു ചോദ്യമാണ്. അങ്ങ് വിശുദ്ധ യൗസേപ്പിന്റെ വലിയൊരു ഭക്തനാണ്. ഈ ഭക്തി പല സന്ദർഭങ്ങളിലും അങ്ങ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ വിശുദ്ധനിലെ എന്താണ്  അങ്ങയെ ഏറ്റവും കൂടുതൽ ആകർഷിച്ചത്?

ഉ: ഈ ഭക്തി വിവിധ സാഹചര്യങ്ങളിൽ അദ്ദേഹത്തിലേക്ക് തിരിയാൻ എന്നെ അനുവദിക്കുന്ന, പ്രത്യേകിച്ചും ബുദ്ധിമുട്ടുള്ള, "എന്തുചെയ്യണമെന്ന് എനിക്കറിയില്ല" എന്ന് എന്നോടുതന്നെ ഞാൻ പറയുന്ന വിഷമഘട്ടങ്ങളിൽ. അപ്പോൾ ഞാൻ വിശുദ്ധ യൗസേപ്പിന്റെ സംരക്ഷണത്തെ തേടും. പ്രത്യേകിച്ച് നിഴലിൽ തുടരാനുള്ള ധൈര്യത്തിനായി. ഒരാൾക്ക് ശരിയായ ആശയം ഉണ്ടെന്ന് തോന്നുകയും അത് നിർദ്ദേശിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, നിശ്ശബ്ദനായിരിക്കാൻ ഈ കഴിവ് കൂടുതൽ ആവശ്യമാണ്. ശരിയായ പ്രശ്നപരിഹാരമുണ്ടെന്ന് ഒരാൾ കരുതുന്ന സമയത്ത്,  അയാൾ തന്റെ ഉദ്ദേശ്യങ്ങൾ ശുദ്ധീകരിക്കുകയും, ഒരു നിമിഷം നിന്ന്, ഞാൻ എന്നെത്തന്നെ പ്രോത്സാഹിപ്പിക്കുകയാണോ അതോ ഞാൻ നന്മ അന്വേഷിക്കുകയാണോ?" എന്ന് അവനവനോട് തന്നെ ചോദിക്കണം. ഒരുവൻ താൻ പറയാനുദ്ദേശിക്കുന്നത് മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയല്ലെങ്കിൽ, സ്വയം നിഴലിലേക്ക് മാറാനും, ദൈവവും ദൈവദൂതരും തങ്ങളുടെ അത്ഭുതങ്ങൾ നടത്തുവാൻ അനുവദിക്കുകയും ചെയ്യണം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2021, 17:33