മാഡ്രിഡിൽ രാഷ്ട്രീയ ഉത്തരവാദിത്വമുള്ള കത്തോലിക്കരുടെ രണ്ടാമത് അന്തർദേശീയ സമ്മേളനത്തിന്റെ ഉൽഘാടന പ്രസംഗം നടത്തുന്ന കർദ്ദിനാൾ പിയെത്രൊ പരോളിൻ. മാഡ്രിഡിൽ രാഷ്ട്രീയ ഉത്തരവാദിത്വമുള്ള കത്തോലിക്കരുടെ രണ്ടാമത് അന്തർദേശീയ സമ്മേളനത്തിന്റെ ഉൽഘാടന പ്രസംഗം നടത്തുന്ന കർദ്ദിനാൾ പിയെത്രൊ പരോളിൻ. 

കർദ്ദിനാൾ പരോളിൻ: ഇന്നത്തെ പ്രതിസന്ധിയെ തരണം ചെയ്യാൻ കൂടിക്കാഴ്ചയുടെ സംസ്ക്കാരം അത്യാവശ്യം

സ്പെയി൯ തലസ്ഥാനമായ മാഡ്രിഡിൽ രാഷ്ട്രീയ ഉത്തരവാദിത്വമുള്ള കത്തോലിക്കരുടെ രണ്ടാമത് അന്തർദേശീയ സമ്മേളനത്തിന്റെ ഉൽഘാടന പ്രസംഗം നടത്തിവെയാണ് വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറിയായ കർദ്ദിനാൾ പിയെത്രൊ പരോളിൻ മഹാമാരിയുടെ വെല്ലുവിളികളെ ഓർമ്മപ്പെടുത്തിക്കൊണ്ടു വ്യക്തികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് പൊതു നന്മകൾ ലക്ഷ്യം വച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ ക്ഷണിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മഹാമാരി, ചികിൽസ, പ്രതിരോധ കുത്തിവയ്പ് തുടങ്ങിയവ പ്രാദേശീക പ്രശ്നങ്ങളല്ല മറിച്ച് ലോകത്തെ മുഴുവനെയും ജനതകൾ തമ്മിലുള്ള ബന്ധത്തെയും ബാധിക്കുന്നവയാകയാൽ പ്രാദേശിക സംവിധാനങ്ങളോടും  ദേശീയ ഭരണാധികാരികളോടും  പൊതുവായ നയങ്ങൾ രൂപീകരിക്കാനും രാഷ്ട്രങ്ങൾ തമ്മിൽ  യോജിച്ച നയതന്ത്രം രൂപീകരിക്കാനും ആഹ്വാനം ചെയ്തു. സെപ്റ്റംബർ 3ന് തുടങ്ങിയ സമ്മേളനം അഞ്ചാം തിയതി ഞായറാഴ്ച അവസാനിച്ചു. മാഡ്രിഡിലെ അതിരൂപതയും കത്തോലിക്കാ  നേതാക്കളുടെ ലാറ്റിനമേരിക്കൻ അക്കാഡമിയും ചേർന്ന് കൊൺറാഡ് അദെനാ വെർ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനത്തിന്റെ ചിന്താവിഷയം "രാഷ്ട്രീയ ജീവിതത്തിൽ കൂടിക്കാഴ്ചയുടെ സംസ്ക്കാരം ജനങ്ങളുടെ സേവനത്തിനായി'' എന്നതായിരുന്നു.

ഇന്നത്തെ ആഗോള പ്രതിസന്ധിയിൽ പൊതു നന്മയ്ക്കായി എന്തു സംഭാവന നൽകാൻ നമുക്ക് കഴിയുമെന്നതിന് അവസരങ്ങൾ സൃഷ്ടിക്കുകയാണ് കൂടിക്കാഴ്ചയുടെ സംസ്കാരവും സാമുഹിക സൗഹൃദവും എന്ന് കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. ഇത് ഒരു ലക്ഷ്യമെന്നതിനെക്കാൾ ഉത്തരവാദിത്വമുള്ളവരുടെ ഒരു കടമയായി കണക്കാക്കണമെന്നും അങ്ങനെ സാമൂഹിക സംതുലിതാവസ്ഥകൾ, സമ്പദ് വ്യവസ്ഥകൾ, രാജ്യങ്ങളുടെ ഘടനകൾ, സർക്കാരുകളുടെ ശേഷി മുതലായവ ശക്തിപ്പെടുത്തണമെന്നും കർദ്ദിനാൾ പറഞ്ഞു. വ്യക്തികേന്ദ്രീകൃതമായ നല്ല അടിത്തറയാർന്ന ഒരു നരവംശശാസ്ത്രതലം രാഷ്ട്രീയ തലത്തിലും പ്രവർത്തനങ്ങളിലും ആവശ്യമാണെന്ന് കർദ്ദിനാൾ ഊന്നിപ്പറഞ്ഞു. സാമൂഹിക നിയന്ത്രണങ്ങൾ നീതിയിലധിഷ്ഠിതമാക്കാനും പ്രാദേശീകവും ദേശീയവുമായ രാഷ്ട്രീയ സമൂഹത്തിൽ നിന്ന് അന്തർദേശീയ തലത്തിലേക്കെത്താൻ കഴിയുന്ന ഒരു പ്രവർത്തനരീതി രൂപീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതാണ് കൂടിക്കാഴ്ചയുടെ സംസ്ക്കാരവും  സാമൂഹിക സൗഹൃദവും  വെറും പ്രഖ്യാപനങ്ങളാകാതെ അടിസ്ഥാന തത്വങ്ങളായും മാർഗ്ഗ നിർദ്ദേശങ്ങളായും പ്രവർത്തനോപകരണങ്ങളുമായും തീരുമ്പോൾ സംഭവിക്കുക. ഇത്തരം ഒരു സംയോജനം രാഷ്ടീയക്കാരനെ പൊതുനന്മയോടു ആഭിമുഖ്യം പുലർത്താനും സംവാദത്തിന്റെയും കൂടിക്കാഴ്ചയുടേയും അനുരഞ്ജനത്തിന്റെയും അടിസ്ഥാനത്തിൽ തന്റെ സേവനം നടത്താനും ഇടയാക്കും, കർദ്ദിനാൾ പറഞ്ഞു.

രാഷ്ട്രത്തിലും പരസ്പര ബന്ധത്തിലും പൊതുനന്മ ലക്ഷ്യം വച്ചുള്ള ദർശനങ്ങൾ നീതിരഹിതമാകുന്ന സാഹചര്യങ്ങളിൽ നിയന്ത്രണാതീതമായ പ്രതികരണങ്ങൾ ഉളവാക്കാമെന്നത് മറക്കരുതെന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു. അത്തരം സംഘർഷങ്ങൾ എങ്ങനെ ഒഴിവാക്കാൻ കഴിയുമെന്നു ചിന്തിക്കേണ്ടതുണ്ട്. ഇന്നത്തെ ലോകത്ത് കാണുന്ന സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും മുന്നിൽ, ആരും തനിച്ചാണെന്നും ഉപേക്ഷിക്കപ്പെട്ടവരാണെന്നുമുള്ള തോന്നലിനിടയാകാത്തവിധം മനുഷ്യരുടെ ഇടയിൽ ചിട്ടയായ സഹവർത്തിത്വം  പ്രോൽസാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത, സാധ്യമാക്കാൻ ബുദ്ധിമുട്ടാണ് എങ്കിൽ കൂടി, കർദ്ദിനാൾ അടിവരയിട്ടു.

ആധുനീക ജീവിതത്തിന്റെ ആഗോള സാങ്കേതിക പരസ്പരാശ്രിത തലങ്ങൾ പരിഗണിക്കുമ്പോൾ പരമ്പരാഗതമായ രൂപരേഖകളേക്കാൾ പ്രാദേശീകതയുടെ അതിരുകൾക്കപ്പുറം സകലരേയും ഉൾക്കൊള്ളുന്ന ഇടത്തര-ദീർഘകാല വീക്ഷണത്തോടെയുള്ള വിശാലമായ ആഗോള തലങ്ങൾ ഉൾക്കൊള്ളുന്ന തീരുമാനങ്ങളിലേക്ക് നീങ്ങാൻ രാഷ്ട്രീയക്കാർക്ക് കഴിയണം. അല്ലെങ്കിൽ അവ ഭാഗീകവും അപൂർണ്ണവുമാകും. അധികാര നിർവ്വഹണം വ്യക്തിപരവും പക്ഷപാതപരവും പ്രാദേശീകവും ദേശീയവുമായ തലങ്ങൾക്കപ്പുറം ആഗോള പൊതുനന്മയും, പട്ടിണിയും ദുരിതങ്ങളും നിർമ്മാർജ്ജനം ചെയ്യുന്നതും, പ്രാഥമീക മനുഷ്യാവകാശ സംരക്ഷണം സാധ്യമാക്കുന്നതുമാവണം. സമൂഹങ്ങളുടെ ജീവിതവും സാമൂഹിക സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങളുമായി അനുദിനം കണ്ടുമുട്ടുന്നവർ വളർന്നു വരുന്ന സങ്കീർണ്ണവും വൈവിധ്യവുമായ പല തരത്തിലുള്ള ബുദ്ധിമുട്ടുകളേയും മറികടക്കാനുള്ള പാത തീർക്കാൻ സാമൂഹിക സൗഹൃദത്തിനും കൂടിക്കാഴ്ചാ സംസ്കാരത്തിനും കഴിയും എന്ന് മനസ്സിലാക്കണമെന്ന് കർദ്ദിനാൾ പരോളിൻ അവരെ ഓർമ്മിപ്പിച്ചു.

സൗഹൃദവും കൂടിക്കാഴ്ചയും സർക്കാരുകളുടെ  ശൈലിയും ഉത്തരവാദിത്വവുമാവണമെന്നും, അവ  ക്രൈസ്തവർ തങ്ങളുടെ കഴിവുകളെ മാത്രമല്ല മനസാക്ഷിയേയും അഭിമുഖീകരികേണ്ട ഒരു പ്രായോഗീക മാർഗ്ഗമാക്കണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു.  വേദനയും, അനിശ്ചിതത്വവും, ഭയവും പരിമിതികളെക്കുറിച്ചുള്ള അവബോധവും നിറഞ്ഞ ഇന്നത്തെ ചരിത്ര നിമിഷത്തിൽ, നമ്മുടെ ജീവിത ശൈലിയെയും, ബന്ധങ്ങളെയും, നമ്മുടെ സമൂഹത്തിന്റെ ഘടനയെയും എല്ലാറ്റിലുമുപരിയായി നമ്മുടെ അസ്തിത്വത്തിന്റെ അർത്ഥത്തെയും പുനർവിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും കർദ്ദിനാൾ പിയെത്രോ പരോളിൻ അവരെ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2021, 12:59