വത്തിക്കാൻ സ്റേററ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വത്തിക്കാൻ സ്റേററ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ  

നീതിയുടെയും ഉപവിയുടേയും ഫലമാണ് സമാധാനമെന്ന് കൊറിയൻ ചർച്ചാവേദിയിൽ കർദിനാൾ പിയത്രോ പരോളിൻ

സമാധാനത്തിനുള്ള ആഗോള കൊറിയൻ ചർച്ചാ വേദിക്ക് (Korea Global Forunm for Peace, KGFP) ആഗസ്റ്റ് മുപ്പത്തൊന്നാം തിയതി അയച്ച വീഡിയോ സന്ദേശത്തിൽ വത്തിക്കാൻ സ്റേററ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ കൊറിയൻ ഉപദ്വീപിലെ സമാധാനം സ്ഥാപിക്കുന്നതിൽ സഭകളുടെ പങ്കിനെ കുറിച്ച് സംസാരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മറ്റുള്ളവരുടെ അവകാശങ്ങൾ അവർക്ക് നൽകണമെന്ന് നീതി ആവശ്യപ്പെടുമ്പോൾ ഉപവി അപരന്റെ ആവശ്യങ്ങൾ നമ്മുടെ സ്വന്തമാണെന്ന മനോഭാവം നമ്മിൽ രൂപപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാണിച്ച കർദിനാൾ ഇത് ഫലപ്രദമായ സഹകരണവും സൗഹൃദവും പരിപോഷിപ്പിക്കുന്നുവെന്നും അതിനാൽ ജീവകാരുണ്യ പ്രവർത്തനത്തിലോ, സ്നേഹത്തിലോ നീതി അതിന്റെ സാഫല്യം കണ്ടെത്തുമ്പോൾ ലോകത്തിൽ യഥാർത്ഥ സമാധാനം സ്ഥാപിക്കാനാകുമെന്ന് വെളിപ്പെടുത്തി.

ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയം എല്ലാ വർഷവും ആതിഥേയത്വം വഹിക്കുന്ന വാർഷിക പരിപാടിയിലാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി തന്റെ സന്ദേശം പങ്കുവച്ചത്. ഈ പരിപാടിയിൽ വിദഗ്ധരും ഗവേഷകരും ഉൾപ്പെടെ ഇരുപതിലധികം രാജ്യങ്ങളിൽനിന്നുള്ള സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആഗസ്റ്റ് 31 മുതൽ  സെപ്റ്റംബർ രണ്ടുവരെ തുടരുന്ന സമാധാനത്തിനായുള്ള ആഗോള കൊറിയൻ ചർച്ചാ വേദിയുടെ ഈ വർഷത്തെ വിഷയം " കൊറിയകൾ തമ്മിലുള്ള ബന്ധങ്ങൾക്കും സമൂഹത്തിനും ഒരു നവവീക്ഷണം: സമാധാനത്തിനും, സമ്പദ് വ്യവസ്ഥയ്ക്കും, ജീവിതത്തിനും" എന്നതാണ്. കൊറോണാ മഹാമാരി കാരണം സമ്മേളനം ഓൺലൈനിലാണ് നടത്തപ്പെടുന്നത്.

ഈ സമ്മേളനത്തിൽ വത്തിക്കാനിലെ ഉന്നത നയതന്ത്രജ്ഞനായ കർദിനാൾ പിയത്രോ പരോളിൻ ഒരു നീണ്ട പ്രബന്ധമാണ് അവതരിപ്പിച്ചത്. കൊറിയൻ ഉപദ്വീപിൽ സമാധാനം സ്ഥാപിക്കുന്നതിൽ സഭകളുടെ പങ്കിനെക്കുറിച്ച് ഊന്നിപറഞ്ഞ അദ്ദേഹം അവിടെ സമാധാനവും അനുരഞ്ജനവും സംജാതമാകാൻ സഹായിക്കുന്ന തത്വങ്ങളും, മൂല്യങ്ങളും, ആദർശങ്ങളും സഭാ പാരമ്പര്യത്തിൽ നിന്നും സുവിശേഷത്തിൽ നിന്നും ലഭ്യമാണെന്ന് അറിയിച്ചു.

സ്വാഗതം ചെയ്യുക, അനുഗമിക്കുക, ശ്രവിക്കുക

ഐക്യദാർഢ്യത്തിന്റെ അടിസ്ഥാനത്തിൽ മാനവീകതയുടെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ഉപാധികൾ സൃഷ്ടിക്കുന്നതിന്  ദൈവമക്കൾ എന്ന നിലയിൽ ജനങ്ങളും രാഷ്ട്രങ്ങളും സഹോദരീ സഹോദരന്മാരായി പരസ്പരം കൂടിക്കാഴ്ച നടത്തുകയും മനുഷ്യരാശിയുടെ പൊതു ഭാവി കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കുകയും വേണമെന്നപ്രബോധിപ്പിച്ച പോൾ ആറാമൻ പാപ്പയുടെ വാക്കുകളെയും കർദിനാൾ  തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. ഈ പ്രക്രിയ സ്വീകരണം, അനുഗമനം, ശ്രവണം എന്നീ പ്രവർത്തനങ്ങളാൽ പരിപോഷിപ്പിക്കപ്പെടുന്നതാണെന്ന് കർദിനാൾ പരോളിൻ ചൂണ്ടിക്കാണിച്ചു. കൂടുതൽ അടുപ്പത്തോടെ മറ്റുള്ളവരെ സ്വീകരിക്കുന്ന സ്വാഗതം ചെയ്യൽ, സംവാദത്തിനായുള്ള അവരുടെ തുറവും ക്ഷമയും ദയയും ഒരിക്കലും തെറ്റായി വിധിക്കുന്നില്ല എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞതിനെയും കർദിനാൾ ഓർമ്മിച്ചു. അത് നമ്മുടെ ജീവിതത്തിൽ അവർക്ക് ഇടം കൊടുക്കുകയാണെന്നും നമ്മുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരാനുള്ള സന്നദ്ധത നൽകുകയാണെന്നും അവ വിശ്വസനീയമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്നവയാണെന്നും കർദ്ദിനാൾ പരോളിൻ അറിയിച്ചു.

അനുഗമിക്കേണ്ടതിന്റെ ആവശ്യകതയെ വിശദീകരിച്ചുകൊണ്ട്, മനുഷ്യജീവിതത്തോടുള്ള ആദരവും, ഓരോ വ്യക്തിയുടെയും അന്തസ്സും, വ്യക്തികളുടെ പുരോഗമനപരമായ അനുഗമിക്കലും ലക്ഷ്യം വെച്ചു യഥാർത്ഥ സാഹചര്യങ്ങളിൽ നാം നയങ്ങൾ പങ്കുവച്ച് നടപ്പിലാക്കുന്നില്ലെങ്കിൽ സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ഒന്നിപ്പിക്കുന്ന വികസനമുണ്ടാവില്ലെന്ന് കർദിനാൾ ഊന്നി പറഞ്ഞു.

ശ്രവണവും സംവാദവും

നാം സ്വീകരിക്കുന്ന സ്വരങ്ങൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുന്നതിനായി നമ്മുടെ വിലയേറിയ സമയവും ശ്രദ്ധയും ബോധപൂർവം നീക്കി വയ്ക്കുന്നതാണ് ശ്രവണം അല്ലെങ്കിൽ സംവാദം എന്ന കർമ്മം എന്ന് തന്റെ സന്ദേശത്തിൽ പറഞ്ഞ കർദിനാൾ സാംസ്കാരിക മധ്യസ്ഥതയിലും, സമൂഹങ്ങളിലും, സംഘങ്ങളിലും സംഘർഷങ്ങൾ പരിഹരിക്കാൻ ഈ ശ്രവണം സഹായിക്കുമെന്ന് വെളിപ്പെടുത്തി.

ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായത്തിൽ സംവാദങ്ങൾ മറ്റുള്ളവരുടെ ആവശ്യങ്ങളെ മനസ്സിലാക്കാനും വിലമതിക്കാനും നമ്മെ പ്രാപ്തരാക്കുകയും ശ്രവിക്കുന്ന മനോഭാവം നമ്മിൽ വളർത്തുകയും സംസാരിക്കുന്നവന്റെ ന്യായമായ കാഴ്ചപ്പാടുകളെ ശ്രദ്ധിക്കാൻ നമ്മെ തുറവുള്ളവരാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.

ജനങ്ങളെ മനസ്സിലാക്കാനും പരസ്പരം ആവശ്യങ്ങളെ വിലമതിക്കാനും നമ്മെ സഹായിക്കുന്നുവെന്ന നിലയിൽ സംവാദം ബഹുമതിയുടെ മഹത്തായ അടയാളമാണെന്ന് കർദിനാൾ തന്റെ പ്രബന്ധത്തിൽ സൂചിപ്പിച്ചു. വ്യത്യസ്ഥതകൾ അവഗണിക്കാതെയും മറ്റുള്ളവരെക്കാൾ നമ്മുടെ നിലപാടുകൾക്ക് പ്രാബല്യം നൽകാതെയും പൊതുനന്മ അന്വേഷിക്കാനും പങ്കുവെയ്ക്കാനും നമ്മെ സഹായിക്കുന്നു എന്നനിലയിൽ സംവാദം ഉപവിയുടെ ഒരു ആവിഷ്കാരമായി മാറുന്നു.

കൊറിയൻ ഉപദ്വീവുമായ ബന്ധത്തിന്റെ നൂതനവീക്ഷണത്തിൽ പങ്കെടുത്ത 66കാരനായ കർദിനാൾ ജനങ്ങളെ സംയോജിപ്പിക്കുന്ന സാർവ്വത്രീക മൂല്യങ്ങൾക്ക് എപ്പോഴും ഊന്നൽ നൽകിയ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായെ ഈ അവസരത്തിൽ അനുസ്മരിക്കുകയും ചെയ്തു. അദ്ദേഹം ഓരോ വ്യക്തിയിലും സമൂഹത്തിലുമുള്ള നന്മ കാണുകയും ഭിന്നത സൃഷ്ടിക്കുന്ന സങ്കുചിതമായ ചിന്താഗതിയെ മറികടന്ന് പരസ്പര ബഹുമാനത്തിന്റെയും അംഗീകാരത്തിന്റെയും അടിസ്ഥാനത്തിൽ ഒരു സംവാദം സ്ഥാപിക്കുകയും ചെയ്യാൻ പരിശ്രമിച്ചു. ഓരോ വ്യക്തിയിലും സമൂഹത്തിലും ചിലനന്മകളുണ്ടെന്ന് വിശ്വസിച്ചു കൊണ്ട് വിഭജിക്കുന്നതിനെക്കാൾ ഒന്നിപ്പിക്കുന്നതെന്തെന്ന് അന്വേഷിക്കാൻ ആദ്യം ആ വ്യക്തിയെ പ്രേരിപ്പിക്കുന്നുവെന്നു പറഞ്ഞ കർദിനാൾ സംവാദത്തിന്റെ അടിസ്ഥാനം ഇതാണെന്നും ക്യൂബൻ മിസൈൽ പ്രതിസന്ധിയെ സമാധാനപരമായി പരിഹരിക്കാൻ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായെ ഇതാണ് സഹായിച്ചതെന്നും വ്യക്തമാക്കി.

സമാധാനം, നീതി, ധർമ്മം

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനമനുസരിച്ച് യുദ്ധത്തിന്റെ അഭാവത്തേക്കാളും എതിർ ശക്തികൾ തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയേക്കാളും മേലെയാണ് സമാധാനം. ജനക്ഷേമം സംരക്ഷിക്കപ്പെടാതെ, വ്യക്തികൾ സ്വതന്ത്രമായി തങ്ങളുടെ മനസ്സിന്റെ സമ്പത്തും കഴിവുകളും, അന്യോന്യമുള്ള വിശ്വാസാരൂപിയും പരസ്പരം പങ്കുവെയ്ക്കാതെ സമാധാനം ഉണ്ടാകില്ല.അങ്ങനെ സമാധാനം എന്നത് സ്നേഹത്തിന്റെ ഫലം കൂടിയാണ്. കാരണം നീതിക്ക് നേടാവുന്നതിനുമപ്പുറം സ്നേഹം തന്റെ യാത്ര തുടരുന്നു. സമാധാനം സൗഹൃദവും ദയയുമാണെന്ന് നമുക്ക് പറയാം. കൺഫ്യൂഷ്യസിന്റെ അഭിപ്രായത്തിൽ ഉദാരമനസ്കത എന്നത് നിങ്ങൾ ആഗ്രഹിക്കാത്തത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക എന്നതാണ്. ഇത് ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" എന്ന (മത്താ. 22 :39) ക്രിസ്തീയ കൽപ്പനയോടു ചേർന്നുനിൽക്കുന്നു വെന്നും കർദ്ദിനാൾ വിശദീകരിച്ചു

ലോകത്തിൽ യഥാർത്ഥ സമാധാനം സ്ഥാപിക്കണമെങ്കിൽ നീതി അതിന്റെ ധർമ്മത്തെ ഉപവിയിൽ, അതായത് സ്നേഹത്തിൽ കണ്ടെത്തണമെന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകളെയും തന്റെ സന്ദേശത്തിൽ കർദിനാൾ ഉൾപ്പെടുത്തി. അതുകൊണ്ടാണ് വ്യക്തികളുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ക്ഷമ ആവശ്യമാണെന്ന് പാപ്പാ ഓർമിപ്പിച്ചതെന്ന് പറഞ്ഞ കർദിനാൾ പിയത്രോ പരോളിൻ "സ്നേഹത്തിന്റെ സംസ്കാരം " സ്വീകരിക്കുന്ന ഒരു മാനവീകതയ്ക്ക് മാത്രമേ ആധികാരീകവും ശാശ്വതവുമായ സമാധാനം ആസ്വദിക്കാൻ കഴിയൂ എന്നും പറഞ്ഞു.

സൗഹൃദം

ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായത്തിൽ സൗഹൃദത്തിന് ഐക്യവും പരസ്പരബന്ധവും അടിസ്ഥാനമാക്കിയുള്ള ഒരു സാമൂഹിക മാനമുണ്ട്. 2020 മാർച്ച് ഇരുപത്തി ഏഴാം തീയതി വിജനമായ വിശുദ്ധ പത്രോസിന്റെ  ചത്വരത്തിൽ നിന്നു കൊണ്ട്  കൊറോണാ മഹാമാരി വിതച്ച നാശത്തിനിടയിൽ നാമെല്ലാവരും ഒരേ വഞ്ചിയിലാണെന്നും ദുർബ്ബലരും, വഴി തിരിച്ചറിയാൻ കഴിയാത്ത വരുമാണെന്നും എന്നാൽ ആർക്കും ഒറ്റയ്ക്ക് രക്ഷപെടാനാവില്ലെന്നും പരസ്പരം എല്ലാവർക്കും എല്ലാവരെയും ആവശ്യമുണ്ടെന്നും പാപ്പാ പറഞ്ഞത് ഇത് ഉദ്ദേശിച്ചാണ്.

സകലരും സഹോദരർ അഥവാ ഫ്രത്തേല്ലി തൂത്തി  എന്ന  സാഹോദര്യത്തെ കുറിച്ചുള്ള തന്റെ ചാക്രിക ലേഖനത്തിലും ഫ്രാൻസിസ് പാപ്പാ സമീപിക്കാനും, സംസാരിക്കാനും, ശ്രദ്ധിക്കാനും കാണാനും, പരസ്പരം അറിയാനും മനസ്സിലാക്കാനും, ഒരു പൊതു അടിസ്ഥാനം കണ്ടെത്താനും സംവാദം സഹായിക്കുമെന്ന് വിവരിച്ചിട്ടുണ്ട്. ഉദാരമനസ്കരായ നിരവധി വ്യക്തികളുടെ ഇത്തരം സംഭാഷണങ്ങൾ പ്രധാന വാർത്തകളിൽ ഇടം നേടാതെ തന്നെ കുടുംബങ്ങളെയും, സമൂഹങ്ങളെയും ഒരുമിച്ച് നിർത്തുന്നുവെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളേയും ഇവിടെ കർദിനാൾ  അനുസ്മരിച്ചു.

ലോകത്തിൽ സത്യസന്ധമായ സമാധാനത്തിനായി നീതി, ഉപവിയിൽ പൂർണ്ണത കണ്ടെത്തണമെന്നും, ജനങ്ങളെ വിഭജിക്കുന്നതിനേക്കാൾ അവരെ ഒന്നിപ്പിക്കുന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും ഊന്നി പറഞ്ഞു കൊണ്ട് ലോകത്തിൽ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും  ആവശ്യകതയെക്കുറിച്ച്  പോൾ ആറാമൻ പാപ്പാ ഓർമ്മപ്പെടുത്തിയത് പോലെ നമ്മൾ മറ്റുള്ളവരിൽ അപരിചിതനെയോ, എതിരാളിയെയോ, ശല്യപ്പെടുത്തുന്നവരെയോ, ശത്രുവിനെയോ അല്ല കാണേണ്ടതെന്നും മറിച്ച് നമ്മെപ്പോലെ മനുഷ്യരെന്ന നിലയിൽ ബഹുമാനവും, ആദരവും, സഹായവും, സ്നേഹവും അർഹിക്കുന്ന വ്യക്തികളെ കാണണമെന്നും പറഞ്ഞുകൊണ്ടാണ് കർദിനാൾ പിയതോ പരോളി൯ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2021, 15:10