തിരയുക

ഫ്രാൻസീസ് പാപ്പാ പ്രായാധിക്യത്തിലെത്തിയവരോടൊപ്പം (ഫയൽ ചത്രം) ഫ്രാൻസീസ് പാപ്പാ പ്രായാധിക്യത്തിലെത്തിയവരോടൊപ്പം (ഫയൽ ചത്രം) 

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി!

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടിയുള്ള ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള പ്രഥമ ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ പ്രത്യേക ദിവ്യപൂജാർപ്പണം.

ഈ ദിനം ആഗോളസഭാതലത്തിൽ ആചരിക്കുന്ന ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്‌ച (25/07/21) രാവിലെ, പ്രാദേശിക സമയം 10 മണിക്ക്, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ കുർബ്ബാന ആരംഭിക്കും.

പ്രായംചെന്നവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ റോം രൂപതാതലത്തിലും സംഘടനാതലത്തിലും ഏർപ്പെട്ടിരിക്കുന്നവരും മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേർ ഈ ദിവ്യബലിയിൽ സംബന്ധിക്കുമെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

ഒരു വർഷമൊ അതിലേറെയൊ നാളുകളായി ഏകാന്തയിൽ കഴിഞ്ഞിരുന്ന പ്രായം ചെന്നവർക്ക് ഈ തിരുക്കർമ്മത്തിൽ പങ്കെടുക്കുന്നതിന് പേരക്കുട്ടികളുമൊത്ത് പുറത്തിറങ്ങാൻ കഴിയും എന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഈ ഘടകം സംതൃപ്തി പ്രകടിപ്പിക്കുന്നു.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സന്നിഹിതരായ യുവതീയുവാക്കൾ, ദിവ്യബലിയുടെ അവസാനം, മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രായംചെന്നവർക്കും “ഞാൻ എന്നും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്ന ശീർഷകത്തിൽ ഫ്രാൻസീസ് പാപ്പാ പുറപ്പെടുവിച്ചിരിക്കുന്ന സന്ദേശം പുഷ്പത്തോടപ്പം സമ്മാനിക്കും.

ഏകാന്തതയനുഭവിക്കുന്ന മുത്തശ്ശീമുത്തച്ഛന്മാരെയും വയോധികരെയും ഈ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും സന്ദർശിക്കാൻ അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം യുവതയെ ക്ഷണിക്കുന്നു.

സഭ നിഷ്ക്കർഷിച്ചിട്ടുള്ള കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം, പാപ്പായുടെ നിയോഗങ്ങൾക്കായുള്ള പ്രാർത്ഥന എന്നീ വ്യവസ്ഥകൾ, ഈ സന്ദർശനത്തിന് മുമ്പോ പിമ്പോ, പാലിക്കുകയാണെങ്കിൽ, അത് പൂർണ്ണദണ്ഡവിമോചന ലബ്ധി സാദ്ധ്യമാക്കുന്നു.

ഈ ദിനാചരണത്തിൻറെ ഔദ്യോഗിക പ്രാർത്ഥന ഫ്രാൻസീസിസ് പാപ്പാ ചൊല്ലുന്നത് വെള്ളിയാഴ്‌ച (23/07/21) വീഡിയൊയിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള മുത്തശ്ശീമുത്തച്ഛന്മാരും പ്രായം ചെന്നവരും ഈ പ്രാർത്ഥന പാപ്പായോടൊപ്പം ചൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് ഈ വിഡിയൊ പ്രാർത്ഥന പുറത്തിറക്കിയിരിക്കുന്നത്.

ഇക്കൊല്ലം ജനുവരി 31-നാണ് ഫ്രാൻസീസ് പാപ്പാ, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള ലോകദിനം പ്രഖ്യാപിച്ചത്.

അനുവർഷം ജൂലൈ മാസത്തിലെ നാലമത്തെ ഞായറാഴ്‌ചയാണ് ഈ ദിനം ആചരിക്കുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2021, 12:02