തിരയുക

ഫ്രാൻസീസ് പാപ്പായും  ഇറാഖിൻറെ പ്രധാനമന്ത്രി മുസ്തഫ അൽ ഖദീമിയും (Mustafa Al-Kadhimi)  വത്തിക്കാനിൽ, 02/07/21 ഫ്രാൻസീസ് പാപ്പായും ഇറാഖിൻറെ പ്രധാനമന്ത്രി മുസ്തഫ അൽ ഖദീമിയും (Mustafa Al-Kadhimi) വത്തിക്കാനിൽ, 02/07/21 

ഇറാഖിൻറെ പ്രധാനമന്ത്രി വത്തിക്കാനിൽ, പാപ്പായുമായി കൂടിക്കാഴ്ച!

ഇറാഖിൽ ക്രൈസ്തവരുടെ ചരിത്രപരമായ സാന്നിദ്ധ്യം നൈയമിക നടപടികളിലൂടെ ഉറപ്പാക്കപ്പെടണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറാഖിൻറെ കെട്ടുറപ്പിനും പുനഃനിർമ്മിതിക്കും ദേശീയസംവാദം സുപ്രധാനമാണെന്ന ബോധ്യം മാർപ്പാപ്പായും ഇറാഖിൻറെ പ്രധാനമന്ത്രിയും പ്രകടിപ്പിക്കുന്നു.

ഫ്രാൻസീസ് പാപ്പായും പ്രധാനമന്ത്രി മുസ്തഫ അൽ ഖദീമിയും (Mustafa Al-Kadhimi) തമ്മിൽ വെള്ളിയാഴ്‌ച (02/07/21) വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലായം, പ്രസ്സ് ഓഫീസ്, അന്നു പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇതു കാണുന്നത്.

പാപ്പാ ഇക്കൊല്ലം മാർച്ച് 5-8 വരെ  ഇറാഖിൽ നടത്തിയ സന്ദർശനം, അന്നാട്ടിൽ ക്രൈസ്തവരുടെ ചരിത്രപരമായ സാന്നിദ്ധ്യവും മറ്റു പൗരന്മാർക്കുള്ള അതേ  അവകാശങ്ങളും  ഉചിതമായ നൈയമിക നടപടികളിലുടെ ഉറപ്പുവരുത്തേണ്ടതിൻറെ ആവശ്യകത, ക്രൈസ്തവർക്ക് പൊതുനന്മയ്ക്കായി നല്കാൻ കഴിയുന്ന സംഭാവന, അന്നാട്ടിൽ പരസ്പരവിശ്വാസത്തിൻറെയും സമാധനപരമായ സഹജീവനത്തിൻറെയും അന്തരീക്ഷം സംജാതമാക്കുന്നതിന് അന്താരാഷ്ട്രസമൂഹത്തിൻറെ പിന്തുണയോടുകൂടി നടത്തിയിട്ടുള്ള പരിശ്രമങ്ങൾ തുടങ്ങിയവ  പാപ്പായും പ്രധാനമന്ത്രിയും തമ്മിൽ നടന്ന സൗഹൃദസംഭാഷണ വേളയിൽ ചർച്ചാവിഷയങ്ങളായി എന്ന് പ്രസ് ഓഫീസ് വെളിപ്പെടുത്തി.

പാപ്പായുമായുള്ള സംഭാഷണാന്തരം പ്രധാനമന്ത്രി അൽ ഖദീമി വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻറെ വിദേശകാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 July 2021, 11:37