മാനിക്കപെടേണ്ട സ്ത്രീത്വം മാനിക്കപെടേണ്ട സ്ത്രീത്വം  

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അനുവദിക്കരുതെന്ന് വത്തിക്കാൻ

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിക്കണമെന്ന് ലോകമനുഷ്യാവകാശ സംഘടനയോട് വത്തിക്കാൻ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അനുവദിക്കരുതെന്ന് ലോകമനുഷ്യാവകാശ സംഘടനയോട് വത്തിക്കാൻ ആവശ്യപ്പെട്ടു.

ഗാർഹിക പീഡനം ഉൾപ്പെടെ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന പ്രതികൾക്കുള്ള ശിക്ഷകളിലെ ഇളവ്, ഈ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മൗനവും നിസ്സംഗതയും തുടങ്ങിയവ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് എന്നാണ് ജൂൺ ഇരുപത്തിയെട്ടാം തീയതി നടത്തിയ ഒരു പ്രസ്താവനയിൽ, ഐക്യരാഷ്ട്രസഭയുടെ ജനീവയിലുള്ള കേന്ദ്രത്തിലേക്കുള്ള, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യസംഘം അഭിപ്രായപ്പെട്ടത്.

എന്നാൽ, ലൈംഗിക അതിക്രമത്തിന്റെ ഫലമായി ഗർഭം ധരിച്ചുണ്ടായ കുട്ടികൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് മറക്കരുതെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഇങ്ങനെയുള്ള കുട്ടികൾ, സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ പാർശ്വഫലമായി തഴയപ്പെടെരുതെന്നും, അവരെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്നും, ദൗത്യസംഘം ആവശ്യപ്പെട്ടു. ഗര്ഭധാരണം മുതൽ സ്വാഭാവികമായ മരണം വരെ മനുഷ്യജീവിതത്തോടുള്ള ബഹുമാനം എന്നത്, അക്രമസംസ്കാരത്തെ അതിജീവിക്കാനുള്ള തുടക്കമാണ് എന്നും വത്തിക്കാൻ സംഘം പ്രസ്താവിച്ചു.

ലിംഗഭേദമന്യേയുള്ളവർ, സ്ത്രീകൾ, വിദ്യാഭ്യാസത്തിനുള്ള അവകാശം, അന്താരാഷ്ട്ര ഐക്യദാർഢ്യം, ഡിജിറ്റൽ പശ്ചാത്തലത്തിൽ സ്വകാര്യതയ്ക്കുള്ള അവകാശം എന്നിവയാണ് ജൂൺ 21 മുതൽ ജൂലൈ 13 വരെ ജനീവയിൽ നടക്കുന്ന മനുഷ്യാവകാശ കൗൺസിലിന്റെ നാല്പത്തിയേഴാമത്‌ സെഷനിൽ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2021, 14:05