വി. പത്രോസിന്റെ കല്ലറ വി. പത്രോസിന്റെ കല്ലറ  

പൊന്തിഫിക്കൽ ക്രിസ്തീയ പുരാവസ്തു ശാസ്ത്രവിഭാഗവും സംഗീതത്തിനും പരിശുദ്ധ കലകൾക്കുമായുള്ള സ്ഥാപനവും ഒരുമിച്ച് പഠന ധനസഹായ പദ്ധതി രൂപീകരിച്ചു

വരുന്ന 10 വർഷത്തേക്ക് Pro Musica and Arte Sacra Foundation Scholarship എന്ന പേരിൽ 300,000 യൂറോയാണ് നൽകുന്നതെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അർഹരായ വിദ്യാർത്ഥിക്ക് രണ്ടു വർഷത്തെ ധനസഹായം നല്കാനുള്ള രണ്ടു പദ്ധതികൾക്കാണ് കഴിഞ്ഞ മേയ് 12ന് റോമിൽ വച്ച് സംഗീതത്തിനും പരിശുദ്ധ കലയ്ക്കുമായുള്ള സ്ഥാപനത്തിന്റെ സ്ഥാപകനും തലവനുമായ ഹാൻസ് - ആൽബെർട്ട് കൂർഷ്യലും പൊന്തിഫിക്കൽ ക്രിസ്ത്രീയ പുരാവസ്തു സ്ഥാപനത്തിന്റെ റെക്ടറായ മോൺ. സ്റ്റെഫാൻ ഹൈഡും ഒപ്പുവച്ചത്.

പതിനൊന്നാം പിയൂസ് മാർപ്പാപ്പയാണ് ക്രിസ്തീയ സ്മാരകങ്ങൾക്ക് മാത്രമായി  1925ൽ  പൊന്തിഫിക്കൽ ക്രിസ്തീയ പുരാവസ്തു വകുപ്പ് സ്ഥാപിച്ചത്. ഈ സ്ഥാപനം കൂടുതൽ യുവ വിദഗ്ദ്ധരെ ഒരുക്കുന്നതിനു നൽകിയിട്ടുള്ള സംഭാവനകൾ വലുതാണ്. സ്ഥാപനത്തിന്റെ നൂറാം വർഷത്തോടടുക്കുന്ന ഈ സന്ദർഭത്തിൽ ഭാവിയിൽ യുവ വിദഗ്ദ്ധരെ കണ്ടെത്താൻ മാത്രമല്ല അവരെ പ്രോൽസാഹിപ്പിക്കുന്ന ധനസഹായം നൽകുന്നതിൽ നീതിപൂർവ്വകവും തുടർച്ചയും ഉറപ്പാക്കുന്നതിനും ഈ തീരുമാനം ഉപകരിക്കും.

പൊന്തിഫിക്കൽ ക്രിസ്ത്യൻ ആർക്കെയോളജി സ്ഥാപനവും സംഗീതത്തിനും പരിശുദ്ധ കലകൾക്കുമായുള്ള സ്ഥാപനവും തമ്മിലുള്ള സഹകരണം  റോമിലുള്ള ക്രിസ്തീയ സ്മാരകങ്ങളുടെ പഠനങ്ങൾക്കും സംരക്ഷണത്തിനുമായുള്ള പൊതുതാല്പര്യത്തിന്റെ ഫലമാണ്. ഈ പൊന്തിഫിക്കൽ സ്ഥാപനം നടത്തിയ പ്രശസ്തമായ ഗവേഷണങ്ങളാണ് വി. പത്രോസിന്റെ ബസിലിക്കയ്ക്ക് കീഴിൽ വി. പത്രോസിന്റെ  ശവക്കല്ലറ കണ്ടെത്തിയതും അടുത്ത കാലത്ത് മ്യൂസിയമാക്കി മാറ്റിയതും എന്ന കാര്യം പ്രത്യേകം ഓർമ്മിക്കേണ്ടതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2021, 15:57