ആഫ്രിക്കയിലെ ദുരിതാവസ്ഥ നിഴലിക്കുന്ന വദനങ്ങൾ! ആഫ്രിക്കയിലെ ദുരിതാവസ്ഥ നിഴലിക്കുന്ന വദനങ്ങൾ! 

ആഫ്രിക്കയുടെ ഋണബാദ്ധ്യത റദ്ദാക്കണം, പിന്തുണയുമായി വത്തിക്കാൻ!

ആഫ്രിക്കയ്ക്കായി നീക്കിവയ്ക്കുന്ന വിഭവങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുകയും ജനങ്ങളുടെ വളർച്ചയ്ക്കും ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായി വിനിയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുക്കേണ്ടതD ആവശ്യമാണെന്ന് കർദ്ദിനാൾ പീറ്റർ കൊദ്വ അപ്പിയ ടർക്സൺ .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടുകളുടെ കടം എഴുതിത്തള്ളുന്നതിനുള്ള പ്രചാരണ പരിപാടിക്ക് വത്തിക്കാൻറെ പിന്തുണ.

സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗവും കോവിദ് 19 രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സമിതിയുമാണ് ആഫ്രിക്കൻ നാടുകളുടെ ഋണബാദ്ധ്യത റദ്ദാക്കുന്നതിന് പിന്തുണ അറിയിച്ചത്.

ഏഴാം തീയതി ബുധനാഴ്ച (07/04/21) ആണ് കടം എഴുതിത്തളളുന്നതിനായുള്ള പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കപ്പെട്ടത്.

സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗവും കോവിദ് 19 രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സമിതിയും കാരിത്താസ് ആഫ്രിക്ക, ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും മെത്രാന്മാരുടെ സംഘം, ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും ഇശോസഭാസംഘം, കിഴക്കെ ആഫിക്കയിലെയും മദ്ധ്യാഫ്രിക്കയിലെയും സമർപ്പിതകളുടെ സമിതി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വെബിനാർ (webinar) പരിപാടിയിലാണ് ഈ പ്രചാരണപരിപാടിക്ക് തുടക്കമായത്.

സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ പീറ്റർ കൊദ്വ അപ്പിയ ടർക്സൺ ആണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.

ആഫ്രിക്കയ്ക്കായി നീക്കിവയ്ക്കുന്ന വിഭവങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുകയും ജനങ്ങളുടെ വളർച്ചയ്ക്കും ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായി വിനിയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനുള്ള ഒരു സംവിധാനം  വികസിപ്പിച്ചെടുക്കേണ്ടതിൻറെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഫ്രിക്കൻ നാടുകളുടെ കടം എഴുതിത്തള്ളുകയെന്നത് കോവിദ് 19 പകർച്ചവ്യധിയുടെതായ ഈ കാലയളവിൽ പൂർവ്വോപരി അടിയന്തിര പ്രാധാന്യമർഹിക്കുന്നുവെന്ന് ആഫ്രിക്കയിലെ സഭയുടെ ഒരു പ്രതിനിധിയായ സന്ന്യാസിനെ അലെസ്സാന്ത്ര സ്മെറീല്ലി അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവരുടെയും ഏറ്റം ദുർബ്ബലരുടെയും പേരിൽ കാര്യങ്ങളെ വീക്ഷിക്കുകയും വിധിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് ആഫ്രിക്കയിലെ കാരിത്താസ് സംഘടനയുടെ അദ്ധ്യക്ഷനായ ഘാനയിലെ കുമാസി അതിരൂപതയുടെ ആർച്ചുബിഷപ്പ് ഗബ്രിയേൽ ജസ്റ്റിസ് യാവ് അനോക്യെ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2021, 14:06