കടപ്പാട് : മാത്യു ബി. കുര്യനോടും കുടുംബത്തോടും... കടപ്പാട് : മാത്യു ബി. കുര്യനോടും കുടുംബത്തോടും... 

കുടുംബ സ്നേഹത്തിന്‍റെ ആനന്ദം ജൂബിലി വർഷത്തിലേയ്ക്ക്...

കുടുംബങ്ങൾക്കുള്ള ജൂബിലി വര്‍ഷത്തിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് നല്കിയ വീഡിയോ സന്ദേശം :

- ഫാദർ വില്യം  നെല്ലിക്കൽ

1. ആമുഖം
''നമ്മുടെ അനുദിന സ്‌നേഹം'' (Daily love) എന്ന പേരിൽ മാർച്ച് 19-നു നടന്ന കുടുംബ വർഷത്തിന്‍റെ ഉദ്ഘാടനത്തിനു സംഘടിപ്പിച്ച ‘ഓൺ-ലൈൻ’ സംഗമത്തിനാണ് പാപ്പാ സന്ദേശം നല്‍കിയത്. അൽമായര്‍, കുടുംബങ്ങൾ, ജീവൻ എന്നിവയ്ക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ തലവൻ, കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍, റോമാ രൂപതയുടെ വികാരി ജനറൽ കര്‍ദ്ദിനാള്‍ ആഞ്ചെലോ ദി ദൊനാത്തിസ്, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാഡമിയുടെ ചാൻസിലർ, ആർച്ചുബിഷപ്പ് വിന്‍സെന്‍സോ പാലിയാ എന്നിവരെ ലോകത്തുള്ള കുടുംബങ്ങൾക്കൊപ്പം പ്രത്യേകമായി മനസ്സിലേറ്റിക്കൊണ്ടാണ് താൻ ഈ ചിന്തകൾ പങ്കുവയ്ക്കുന്നതെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു.

2. മെത്രാന്മാരുടെ സിനഡുസമ്മേളത്തിന്‍റെ
ഫലപ്രാപ്തിയായ പ്രമാണരേഖ

ദാമ്പത്യ സ്വരുമയുടേയും കുടുംബ സ്‌നേഹത്തിന്‍റേയും ആനന്ദത്തെയും സൗന്ദര്യത്തെയും കുറിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന സിനഡിനുശേഷം ഇറക്കിയ ''സ്നേഹത്തിന്‍റെ ആനന്ദം'' (Amoris Laetitia) അപ്പസ്‌തോലിക പ്രബോധനത്തിന്‍റെ പ്രചാരണം തുടങ്ങിയിരുന്നു. 2020 ഡിസംബർ മുതൽ 2021 ഡിസംബർവരെ സഭ ആചരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ വർഷത്തിൽ ഈ പ്രമാണരേഖയെക്കുറിച്ച് വിചിന്തനംചെയ്യാനും ആവര്‍ത്തിച്ചു പഠിക്കുവാനുമാണ് കുടുംബങ്ങൾക്കുള്ള ജൂബിലിയായി ഒരു വര്‍ഷം നീക്കിവെച്ചിരിക്കുന്നതെന്ന കാര്യം പാപ്പാ അനുസ്മരിച്ചു. ദൈവനിശ്ചയമുണ്ടെങ്കില്‍ അടുത്ത വർഷം റോമില്‍ സംഗമിക്കേണ്ട 10-ാമത് ലോക കുടുംബദിനമായ (World Family Day) 2022 ജൂണ്‍ 26-നു കുടുംബങ്ങളുടെ ജൂബിലിയുടെ സമാപനവും ഒന്നായി ആഘോഷിക്കാമെന്നു പ്രത്യാശിക്കുന്നതായും പാപ്പാ പ്രസ്താവിച്ചു. ഈ ഉദ്ദേശലക്ഷ്യം കൈവരിക്കാനുള്ള നിരവധിപ്പേരുടെ പരിശ്രമങ്ങളേയും തങ്ങളുടെ പ്രവര്‍ത്തനരംഗത്ത് അവർ ഓരോരുത്തരും നല്കുന്ന സംഭാവനകളേയും പാപ്പാ കൃതജ്ഞതയോടെ അഭിനന്ദിക്കുന്നതായും പ്രസ്താവിച്ചു.

3. “അമോരിസ് ലെത്തീസ്സിയ” കുടുംബങ്ങൾക്കുള്ള പ്രമാണരേഖ
ഈ അഞ്ചു വര്‍ഷക്കാലയളവില്‍ കുടുംബം എന്ന യാഥാര്‍ത്ഥ്യത്തോടുള്ള നവമായ ഒരു അജപാലന സമീപനം പ്രോത്സാഹിപ്പിക്കുവാനുള്ള യാത്രയുടെ ആരംഭബിന്ദുവായി ''അനുദിന സ്‌നേഹം'' എന്ന സംഗമത്തെ താൻ കാണുന്നതായി പാപ്പാ പ്രസ്താവിച്ചു. സഭയുടെ ഭാഗത്തുനിന്ന് കുടുംബത്തെക്കുറിച്ച് ഒരു പുതിയ ഉള്‍ക്കാഴ്ച ഇന്ന് അത്യാവശ്യമാണെന്നും, എന്നാൽ അത് കാലത്തിനും സംസ്‌കാരത്തിനും അനുസൃതമായിരിക്കണം എന്നതും “അമോരിസ് ലത്തീസ്സിയ” (Amoris Laetitiae) “സ്നേഹത്തിന്‍റെ ആനന്ദം” എന്ന രേഖയുടെ സന്ദേശം. കുടുംബം എന്ന സുന്ദരസങ്കല്‍പ്പത്തിന്‍റെ കാവല്‍ക്കാരായി നാം മാറിക്കൊണ്ട്, അതിന്‍റെ ദൗര്‍ബല്യങ്ങളേയും മുറിവുകളേയും സഹാനുഭൂതിയോടെ  പരിചരിച്ചില്ലെങ്കില്‍ സ്നേഹത്തിന്‍റെ ആനന്ദം, അമോരിസ് ലെത്തീസ്സിയ.... എന്ന കുടുംബങ്ങളെ സംബന്ധിച്ച സഭാപ്രബോധനത്തിന്‍റെ പ്രാധാന്യവും മൂല്യവും ഊട്ടിയുറപ്പിക്കുവാൻ നമുക്കാവില്ല.

4. കുടുംബങ്ങളുടെ സുവിശേഷ ആർജ്ജവം
കുടുംബ സങ്കല്പത്തിന്‍റെ മര്‍മ്മപ്രധാനമായ രണ്ടു ഘടകങ്ങള്‍ സുവിശേഷ പ്രഘോഷണത്തിന്‍റെ ആത്മാര്‍ത്ഥതയും, അതിൻ പ്രകാരം ജീവിക്കുവാനുള്ള ആര്‍ജ്ജവവുമാണ്. വാസ്തവത്തില്‍, ഒരു ഭാഗത്തു നാം ദമ്പതികളോടും, ഇണകളായ യുവതീയുവാക്കളോടും കുടുംബങ്ങളോടും അവരുടെ ഒരുമയുടേയും സ്‌നേഹത്തിന്‍റേയും ആധികാരികമായ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്നതിന് ദൈവവചനമാണ് ഉപയോഗിക്കുന്നത്. ത്രിത്വൈക സ്‌നേഹത്തിന്‍റെ അടയാളവും പ്രതീകവുമാണ് അവരുടെ കൂടിച്ചേരല്‍ എന്നും, ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമാണ് അവരെന്നും സഭ വചനാധിഷ്ഠിതമായി പ്രബോധിപ്പിക്കുന്നു. അങ്ങനെ നിത്യനൂതനമായ സുവിശേഷ വചനത്തില്‍നിന്നാണ് കുടുംബം ഉള്‍പ്പെടെയുള്ള എല്ലാ തത്വങ്ങളും രൂപമെടുക്കുന്നത്. കുടുംബ ബന്ധങ്ങളുടെ മുഖം വികൃതമാക്കുകയും ദുര്‍ബലമാക്കുകയും ചെയ്യുന്ന അടിമത്വത്തില്‍നിന്ന് മാനുഷിക ബന്ധങ്ങളെ സ്വതന്ത്രമാക്കാന്‍ വചനം ആവശ്യപ്പെടുന്നു.

5. നല്ല കുടുംബബന്ധം ജീവതനന്മയ്ക്കുള്ള മാർഗ്ഗം
വികാരപരമായ സര്‍വ്വാധിപത്യം വിവാഹ ജീവിതത്തിന്‍റെ ആയുഷ്‌ക്കാല പ്രതിബദ്ധതയെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതകൾ വളർത്തുന്ന വ്യക്തിമാഹാത്മ്യവാദത്തിന് പ്രാമുഖ്യം നല്കല്‍, ഭാവിയെക്കുറിച്ചുള്ള ഭീതി എന്നിവയാണ് ഈ അടിമത്വത്തിനു കാരണമെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ദൈവിക പദ്ധതി എന്ന നിലയില്‍ എന്നും നന്ദിയോടെയും വിശ്വസ്തതയോടെയും സമഗ്രമായും ജീവിക്കാനുള്ള ആഹ്വാനമാണ് വിവാഹത്തിന്‍റെ മൂല്യമെന്നും, ദൈവാനുഗ്രത്തിന്‍റെ ഫലമാണ് അതെന്നും ക്രൈസ്തവ ദമ്പതികളോട് ഈ വിഷമതകളെ അഭിമുഖീകരിക്കുമ്പോള്‍ സഭ ദൃഢമായി പ്രഘോഷിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. സമൂഹത്തിലെ സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും രാസത്വരകവും, മനുഷ്യന്‍റെ ആഹ്ലാദ നിറവിനും പൂര്‍ത്തീകരണത്തിനും ഇടയാക്കുന്നതും, പരാജയങ്ങളും വീഴ്ചകളും മാറ്റങ്ങളും നിറഞ്ഞ വഴിയിലൂടെയാണെങ്കിലും കുടുംബബന്ധവും സ്നേഹവുമാണ് ജീവിത നന്മയുടെ ഒരേയൊരു മാര്‍ഗ്ഗമെന്ന് മനസ്സിലാകേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

6. ജീവിതയാഥാർത്ഥ്യങ്ങളിൽ മുഴുകേണ്ട സഭ
ദാമ്പത്യജീവിത നന്മയ്ക്കുള്ള ആഹ്വാനം മറ്റൊരു ഭാഗത്ത് മുകളില്‍നിന്നോ, പുറമെനിന്നോ നല്കുവാനാവില്ല. സഭയുടെ നാഥനും സ്ഥാപകനുമായ ക്രിസ്തുവിനെപ്പോലെ സഭയും ചരിത്ര യാഥാര്‍ത്ഥ്യത്തില്‍നിന്നാണ് പിറവിയെടുത്തിരിക്കുന്നത്. കുടുംബത്തിന്‍റെ സുവിശേഷം പ്രഘോഷിക്കുമ്പോള്‍പോലും യാഥാര്‍ത്ഥ്യത്തില്‍ മുഴുകി നിന്നുകൊണ്ടായിരിക്കണം സഭ അത് നിര്‍വ്വഹിക്കേണ്ടത്. ദമ്പതികളുടേയും മാതാപിതാക്കളുടേയും അനുദിന കഷ്ടപ്പാടുകളെ അടുത്തറിഞ്ഞും, അവരുടെ കഷ്ടപ്പാടുകളും യാതനകളും സഹാനുഭൂതിയോടെ നോക്കിയും, അവരെ ഞെരുക്കുകയും അവർക്ക് മാര്‍ഗതടസ്സമായി വരികയും ചെയ്യുന്ന ചെറുതും വലുതുമായ സാഹചര്യങ്ങളെ മനസ്സിലാക്കിയും വേണമത് നിർവ്വഹിക്കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ “അനുദിന സ്‌നേഹം” അനുഷ്ഠിക്കേണ്ട അല്ലെങ്കിൽ ജീവിക്കേണ്ട സമൂര്‍ത്തമായ സന്ദര്‍ഭം ഇതാണ്. ഈ രീതിയിലാണ് കുടുംബങ്ങളുടെ ജൂബിലി വർഷത്തിന് ആരംഭമായ സമ്മേളനത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത് - ''നമ്മുടെ അനുദിന സ്‌നേഹം''. ഈ ശീർഷകം ഏറെ അര്‍ത്ഥവത്തായ ഒരു തെരഞ്ഞെടുപ്പാണെന്ന് പാപ്പാ ഫ്രാൻസിസ് അഭിപ്രായപ്പെട്ടു.

7. കുടുംബത്തിന്‍റെ ഉൾക്കാമ്പാകേണ്ട സുവിശേഷം
ഒരു ദാമ്പത്യജീവിതത്തിന്‍റെ ലാളിത്യത്തില്‍നിന്നും നിശബ്ദ പ്രവര്‍ത്തനത്തില്‍നിന്നും ഉടലെടുക്കുന്നതാണ് അനുദിന സ്‌നേഹം. പലപ്പോഴും ക്ഷീണിതരാണെങ്കിലും നിത്യേനയുള്ള ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും ദമ്പതികളും അമ്മമാരും പിതാക്കന്മാരും കുട്ടികളും പ്രതിബദ്ധതയോടെ തങ്ങളുടെ കടമ നിര്‍വ്വഹിക്കുമ്പോഴാണ് അതുണ്ടാകുന്നത്. മുകളില്‍നിന്നുള്ള ഒരു തത്വമായി സുവിശേഷം അവതരിക്കപ്പെടുമ്പോഴും, അനുദിന ജീവിതത്തിന്‍റെ ഉള്‍ക്കാമ്പിലേക്ക് അതിന് കടക്കാനായില്ലെങ്കിലും അതൊരു സുന്ദര തത്വമായും അല്ലെങ്കിൽ പലപ്പോഴും അത് ഒരു ധാര്‍മ്മികബാധ്യതയും മാത്രം അനുഭവപ്പെടുകയും ചെയ്യുന്ന ദുർഗതിയുണ്ട്.

8. അജപാലകരോട് ഒരു വാക്ക്
കുടുംബങ്ങളെ ജീവിത യാത്രയില്‍ അനുഗമിക്കുവാനും അനുഗ്രഹിക്കുവാനും ശ്രവിക്കുവാനുമാണ് അജപാലകർ വിളിക്കപ്പെട്ടിരിക്കുന്നത്. അവരുടെ ഗതി നിര്‍ണ്ണയിക്കാന്‍ മാത്രമല്ല, അവരോടൊപ്പം സഞ്ചരിക്കുവാന്‍ കൂടിയാണ്. ഔചിത്യബോധത്തോടെ അവരുടെ ഭവനങ്ങളില്‍ പ്രവേശിച്ച് ദമ്പതിമാരോട്, സഭ അവർക്കൊപ്പമുണ്ട്, ദൈവം അവർക്കു സമീപസ്ഥനാണ്, ലഭിച്ചിരിക്കുന്ന വരദാനം കാത്തുസൂക്ഷിക്കുവാൻ കുടുംബങ്ങളെ സഹായിക്കുകയാണ് അജപാലകരുടെ പ്രത്യേക ദൗത്യമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

സഭ സുവിശേഷം പ്രഘോഷിച്ചുകൊണ്ടും അത് ജീവിച്ചുകൊണ്ടുമാണ് കുടുംബൾക്കൊപ്പം ചരിക്കേണ്ടതും അവരെ സന്തോഷമുള്ളവരായി ജീവിക്കുവാൻ ശുശ്രൂഷിക്കേണ്ടതും : ത്രിത്വൈക ദൈവത്തിലുള്ള കുടുംബങ്ങളുടെ കൂട്ടായ്മയും, ആ കൂട്ടായ്മയുടെ മനോഹാരിതയും, ഒപ്പം കുടുംബ ജീവിതമാകുന്ന അവരുടെ ദൈവവിളിയോടും ദൗത്യത്തോടും പ്രതികരിക്കുവാൻ സഹായിക്കുന്നതിന് അവർക്കൊപ്പം നടക്കുവാൻ സഭയെന്നും പരിശ്രമിക്കേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

9. ജനങ്ങളുടെ കൂടെയായിരിക്കേണ്ട സഭ
കുടുംബങ്ങൾക്കുള്ള സഭയുടെ പ്രബോധനങ്ങൾ അയാഥാർത്ഥ്യമായ ഉന്നതങ്ങളിൽനിന്നോ പുറമേനിന്നോ അല്ല ഉണ്ടാകേണ്ടത്. യേശുവിനെ പ്പോലെ സഭയും മനുഷ്യരുടെ മദ്ധ്യേ ആയിരിക്കുകയും, ദൈവത്തെ അവരുടെ മദ്ധ്യേ നന്മയായി അവതരിക്കുകയുംചെയ്യുന്ന ഒരു ചരിത്ര യാഥാർത്ഥ്യമാവണം. സഭ കുടുംബങ്ങളോട് സദ്വാർത്ത ഉരുവിടുന്നത് യഥാർത്ഥമായ ജീവിതചുറ്റുപാടുകളിൽ അവരുടെ മദ്ധ്യേ ആയിരുന്നുകൊണ്ടായിരിക്കണമെന്നും പാപ്പാ എടുത്തുപറഞ്ഞു. ദമ്പതികളുടെയും മാതാപിതാക്കളുടെയും അദ്ധ്വാനവും, അവരുടെ ജീവിത പ്രശ്നങ്ങളും യാതനകളും, അവരുടെ ജീവിത മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുന്നതും ചിലപ്പോൾ ഭാരപ്പെടുത്തുന്നതുമായ ചെറുതും വലുതുമായ ചുറ്റുപാടുകളെ യഥാർത്ഥത്തിൽ മനസ്സിലാക്കിക്കൊണ്ടായിരിക്കണമെന്നും, ഇതാണ് അനുദിന സ്നേഹം ജീവിക്കേണ്ട ജീവിത ചുറ്റുപാടുകളെന്നും പാപ്പാ വ്യക്തമാക്കി.

കുറിപ്പ് : കുടുംബങ്ങളെ സംബന്ധിച്ച സഭയുടെ നവമായ പ്രബോധം മലയാളത്തിൽ "സ്നേഹത്തിന്‍റെ ആനന്ദം" (Amoris Laetitia) എന്ന ശീർഷകത്തിൽ പി.ഒ.സി. പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 April 2021, 18:26