തിരയുക

വത്തിക്കാൻ റേഡിയോ - 90 വർഷങ്ങൾ, 1931 - 1921 വത്തിക്കാൻ റേഡിയോ - 90 വർഷങ്ങൾ, 1931 - 1921 

നവതി നിറവിൽ വത്തിക്കാൻ റേഡിയോ;പാപ്പായുടെ ആശംസകൾ!

ഒറ്റപ്പെട്ടുകിടക്കുന്ന, അതിവിദൂരമായ ഇടങ്ങളിൽപ്പോലും വചനം എത്തിക്കാൻ കഴിയുന്നു എന്ന മനോഹാരിത റേഡിയോയ്ക്കുണ്ട്, ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ചരിത്രത്തിൻറെ ഓർമ്മ കാത്തുസൂക്ഷിക്കുന്നതും ഗതകാലസുഖസ്മരണയേക്കാളുപരി, നാം പടുത്തയർത്താൻ വിളിക്കപ്പെട്ടിരിക്കുന്ന ഭാവിയെക്കുറിച്ച് ഓർമ്മിക്കേണ്ടതും സുപ്രധാനമാണെന്ന് മാർപ്പാപ്പാ.

വത്തിക്കാൻ റേഡിയോയുടെ തൊണ്ണൂറാം വാർഷിക ദിനത്തിൽ, അതായത്, 12-ɔ൦ തീയതി വെള്ളിയാഴ്ച (12/02/21) നല്കിയ ആശംസാസന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

വത്തിക്കാൻ റേഡിയോയിലെ ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക്  തൻറെ നന്ദി രേഖപ്പെടുത്തുന്ന പാപ്പാ ഒറ്റപ്പെട്ടുകിടക്കുന്ന, അതിവിദൂരമായ  ഇടങ്ങളിൽപ്പോലും വാക്കുകൾ എത്തിക്കാൻ കഴിയുന്നു എന്ന മനോഹാരിത റേഡിയൊയ്ക്കുണ്ടെന്ന് അനുസ്മരിക്കുന്നു.

ഇന്ന് വത്തിക്കാൻ റേഡിയോ ചിത്രങ്ങളും ലിഖിതങ്ങളും സ്വരത്തോടു സംയോജിപ്പിച്ചുകൊണ്ടാണ് പ്രവർത്തനം തുടരുന്നതെന്ന വസ്തുതയും പാപ്പാ തൻറെ ഹ്രസ്വമായ ആശംസാസന്ദേശത്തിൽ എടുത്തു പറയുന്നു.

ലോകത്തോടു സംസാരിക്കുന്നതിൽ ധൈര്യത്തോടും സർഗ്ഗാത്മകതയോടും കൂടി മുന്നേറാൻ പാപ്പാ പ്രചോദനം പകരുകയും, അങ്ങനെ, സത്യം കാണാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു ആശയവിനിമയത്തിനു രൂപം നല്കാൻ സാധിക്കുമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.  

1931 ഫെബ്രുവരി 12-നാണ് പതിനൊന്നാം പീയുസ് പാപ്പാ വത്തിക്കാൻ റേഡിയോ ഉദ്ഘാടനം ചെയ്തത്.

പാപ്പായുടെ ആഗ്രഹപ്രകാരം ഗുല്യേൽമൊ മർക്കോണി (Guglielmo Marconi),  ആണ് വത്തിക്കാൻ റേഡിയോ നിലയം നിർമ്മിച്ചത്.

10 കിലോവാട്ട് വൈദ്യുതി രണ്ട് ഹ്രസ്വതരംഗങ്ങളിൽ എച്ച് വി ജെ എന്ന കോൾ‌സൈൻ ഉപയോഗിച്ച് 1931 ഫെബ്രുവരി 12 ന് പ്രക്ഷേപണം ആരംഭിച്ച വത്തിക്കാൻ റേഡിയോ ഇന്ന് ഹ്രസ്വ-മദ്ധ്യമ-എഫ് എം തരംഗങ്ങൾക്കു പുറമെ, ഉപഗ്രഹം ഇൻറർനെറ്റ് എന്നിങ്ങനെയുള്ള അത്യാധുനിക ഉപാധികളും ഉപയോഗിച്ച് മലയാളം ഉൾപ്പെടെ 41 ഭാഷകളിൽ പ്രക്ഷേപണം തുടരുന്നു. 69 നാടുകളെ പ്രതിനിധാനം ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർ വത്തിക്കാൻ റേഡിയോയിൽ സേവനമനുഷ്ഠിക്കുന്നു. വർഷത്തിൽ 12000 മണിക്കൂറാണ് മൊത്ത പ്രക്ഷേപണസമയം.

വത്തിക്കാൻ റേഡിയോയുടെ നവതി പ്രമാണിച്ച് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വെള്ളിയാഴ്ച (12/02/21) രാവിലെ ദിവ്യബലി അർപ്പിച്ചു. 

റേഡിയോയുടെ മേലധികാരികളും മാദ്ധ്യമ പ്രവർത്തകരുൾപ്പടെയുള്ള ജീവനക്കാരും ദിവ്യബലിയിൽ സംബന്ധിച്ചു.

ഭൂമിശാസ്ത്രപരമായി മാത്രമല്ല ചരിത്രപരമായും ലോകത്തോടുള്ള തുറവിൻറെ ഒരു അടയാളമായി ഭവിച്ചു ആരംഭം മുതൽ തന്നെ വത്തിക്കാൻ റേഡിയോ എന്ന് കർദ്ദിനാൾ പീയെത്രൊ പരോളിൻ സുവിശേഷ പ്രഭാഷണ വേളയിൽ അനുസ്മരിച്ചു.

സഭയുടെയും പത്രോസിൻറെ ശുശ്രൂഷയുടെയും സാർവ്വത്രികതയുടെ ആവിഷ്ക്കാരമായി സകലയിടത്തും വ്യാപിച്ചു കിടക്കുന്ന ഒരു ജാലം വത്തിക്കാൻ റേഡിയോ തീർത്തുവെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യബലി കാണാൻ: https://www.youtube.com/watch?v=kiALpS1MXHc

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2021, 14:14