പിതൃവാത്സല്യത്തോടെ.... പിതൃവാത്സല്യത്തോടെ.... 

മോൺസീഞ്ഞോർ പോൾ പള്ളത്തിന്‍റെ നീണ്ടകാല നിസ്തുല സേവനം

ആരാധനക്രമം, വിശുദ്ധരുടെ കാര്യങ്ങൾ, സഭയുടെ പരമോന്നത കോടതി... എന്നിങ്ങനെ വത്തിക്കാന്‍റെ മൂന്നു പ്രധാന വകുപ്പുകളിൽ...

- ഫാദർ വില്യം നെല്ലിക്കൽ 

വത്തിക്കാന്‍റെ ആരാധാനക്രമം-കൂദാശാ കാര്യങ്ങൾക്കുള്ള സംഘത്തിലും വിശുദ്ധരുടെ കാര്യങ്ങൾക്കുള്ള വകുപ്പിലും സഭയുടെ സമുന്നത കോടതിയിലുമായി 26 വർഷക്കാലത്തെ നിശ്ശബ്ദസേവനം :

1. ഉപദേശക സമിതിയിലെ പ്രത്യേക നിയമനം
മോൺസീഞ്ഞോർ പോൾ പള്ളത്ത് സഭാനിയമങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ ഉപദേശക സമിതി അംഗമായി പാപ്പാ ഫ്രാൻസിസ് ഫെബ്രുവരി 4-ന് പാപ്പാ ഫ്രാൻസിസ് നിയമിച്ചു. അഞ്ചുവർഷക്കാലം നീളുന്നതാണ് ഈ നിയമനം. നിലവിൽ വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിൽ “റിലേറ്റർ” (Relator) എന്ന തസ്തികയിൽ ജോലി ചെയ്യവെയാണ് സഭാനിയമങ്ങൾക്കുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ ഉപദേശക സമിതി അംഗമായി മോൺസീഞ്ഞോർ പള്ളത്തിനെ പാപ്പാ പ്രാൻസിസ് നിയമിച്ചത്. പൗരസ്ത്യ-പാശ്ചാത്യ സഭാനിയമങ്ങളിലുള്ള പാണ്ഡിത്യവും സഭനിയമങ്ങളെക്കുറിച്ചുള്ള വ്യാഖ്യാന പാടവവും പരിചയസമ്പത്തും കണക്കിലെടുത്താണ് ഈ നിയമനം നടന്നിട്ടുള്ളത്.

2. പാലായുടെ പുത്രൻ
പാലാ രൂപതയിൽ രാമപുരത്തിനടുത്ത് ഏഴാച്ചേരിയിലുള്ള പള്ളത്ത് അഗസ്റ്റിൻ - മേരി ദമ്പത്തികളുടെ പുത്രനായി 1959-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം രൂപതാ സെമിനായിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി 1987-ൽ പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യത്തിന്‍റെ ആദ്യവർഷങ്ങൾ രൂപതയുടെ അജപാലനശുശ്രൂഷയിൽ മുഴുകിയതായിരുന്നു.

 പൗരസ്ത്യ വിദ്യാപീഠത്തിലും ലാറ്ററൻ യൂണിവേഴ്സിറ്റിയിലും
തുടർന്ന് റോമിലെ പൗരസ്ത്യവിദ്യാപീഠത്തിൽ പഠിച്ച് 1994-ൽ പൗരസ്ത്യ സഭാനിയമത്തിൽ ഡോക്ടർ ബിരുദം കരസ്ഥമാക്കി. 1997-ൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും പാശ്ചാത്യ സഭാനിയമത്തിലും ഡോക്ടർ ബിരുദം നേടി. ഡോക്ടർ ബിരുദങ്ങൾ പൂർത്തിയാക്കിയശേഷം രണ്ടുവർഷക്കാലത്തോളം റോമിലെ പൗരസ്ത്യവിദ്യാപീഠത്തിൽ സഭാനിയമങ്ങളുടെ അദ്ധ്യായനത്തിലും വ്യാഖ്യാനപഠനങ്ങളിലും വ്യാപൃതനായി.

വത്തിക്കാന്‍റെ സേവനത്തിൽ
1995-ൽ ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ സംഘത്തിൽ നിയമിതനായി. അവിടെ 16 വർഷക്കാലത്തെ നീണ്ട സേവനത്തിനുശേഷം 2011-ൽ സഭയുടെ മൂന്നു സമുന്നത കോടതികളിൽ ഒന്നായ “റോമൻ റോത്ത”യിൽ (Rota Romana) വിവാഹം-പൗരോഹിത്യം എന്നിവയെ സംബന്ധിച്ച കേസുകൾ കൈകാര്യംചെയ്യുന്ന വിഭാഗത്തിൽ പ്രവർത്തിച്ചു. 2013-ൽ പാപ്പാ ഫ്രാൻസിസ് ഫാദർ പള്ളത്തിനെ വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിൽ Relator എന്ന തസ്തികയിൽ നിയമിച്ചു.

ഫാദർ പള്ളത്തിന്‍റെ രചനകൾ
സഭാചരിത്രം, സഭാനിയമം എന്നീ വിഷയങ്ങളിൽ 23 പുസ്തകങ്ങളും നിരവധി ലേഖനങ്ങളും മോൺസീഞ്ഞോർ പോൾ പള്ളത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാനവും പരിചയസമ്പത്തും ഒളിച്ചവയ്ക്കേണ്ടതല്ല, പങ്കുവയ്ക്കേണ്ടതാണ് എന്നു വിശ്വസിക്കുന്ന ഇദ്ദേഹം ഇനിയും സഭാനിയമത്തിന്‍റെ സമകാലീന വീക്ഷണം സംബന്ധിച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെന്നും വത്തിക്കാൻ വാർത്താവിഭാഗത്തിനു ഫെബ്രുവരി 9-നു നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

മറ്റു വിദഗ്ദ്ധ സേവനങ്ങൾ
വിശുദ്ധരുടെ കാര്യങ്ങൾക്കുള്ള പ്രാരംഭ നടപടിക്രമങ്ങൾ തയ്യാറാക്കുന്നതിൽ മോൺ. പള്ളത്ത് കേരളസഭയ്ക്കു നല്കിയി‌ട്ടുള്ള സേവനങ്ങൾ നിരവധിയാണ്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ (അഗസ്റ്റിൻ തേവർപറമ്പിൽധ), ധ്യന്യനായ ബിഷപ്പ് മാർ തോമസ് കുര്യാളശ്ശേരി, ധന്യനായ ബിഷപ്പ് മാർ മാത്യു കദളിക്കാട്ടിൽ, ദൈവദാസൻ ഊക്കൻ (അഗസ്റ്റിൻ ജോൺ), ദൈവദാസനും വൈദികനും വർഗ്ഗീസ് പയ്യപ്പിള്ളി എന്നീ പുണ്യാത്മാക്കളുടെ വിശുദ്ധിയുടെ നടപടിക്രമങ്ങളിൽ പോസ്റ്റുലേറ്ററായി (Postulator) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണ നടപടിക്രമങ്ങളുടെ അസിസ്സ്റ്റന്‍റ് പോസ്റ്റുലേറ്ററായി (Assistant Postulator) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ പൗരസ്ത്യസഭാ കാര്യങ്ങൾക്കുള്ള വത്തിക്കാൻ സംഘത്തിന്‍റെ ഉപദേശകസമിതിയിലും പൗരസ്ത്യ സഭകൾക്കായുള്ള ആരാധനക്രമ കമ്മിഷനിലും മോൺ. പള്ളത്ത്  അംഗമായി നിലവിൽ സേവനംചെയ്യുന്നുണ്ട്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 February 2021, 08:10