ഒരുമയോടെ ഒരു പുതിയ വികസന ഭൂമിക്കായി ... ഒരുമയോടെ ഒരു പുതിയ വികസന ഭൂമിക്കായി ... 

ആർച്ച് ബിഷപ്പ് ഇവാൻ യൂർക്കോവിച്:രാഷ്ട്രങ്ങൾ തമ്മിലുള്ള ബഹുമുഖ സഹകരണം വഴി ഒരു പുതിയ വികസന മാതൃക കണ്ടെത്തുക

പരിശുദ്ധ സിംഹാസനം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങളിൽ ഈ വിഷമസന്ധിയെ മറികടക്കാൻ കൊണ്ടുവരുന്ന ഉപാധികളിലും ഭാവിയിലെ പുതിയ വികസനമാതൃകകളിലും പരസ്പര ബന്ധവും പരസ്പര ആശ്രയത്വവും തിരിച്ചറിഞ്ഞു കൊണ്ടുള്ളവയായിരിക്കണ മെന്നകാര്യം മറക്കരുതെന്ന് മോൺ. യൂർക്കോവിച്ച് ഊന്നിപ്പറഞ്ഞു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഇവാൻ യൂർക്കോവിച് വാണിജ്യവും വികസനവും സംബന്ധിച്ച സമ്മേളനത്തിന്റെ  തയ്യാറെടുപ്പുമായി അനുബന്ധിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ 15 മത് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രാഷ്ട്രങ്ങൾ തമ്മിലുള്ള ബഹുമുഖ സഹകരണം വഴി ഒരു പുതിയ വികസന മാതൃക കണ്ടെത്താൻ ഉദ്ബോധിപ്പിച്ചത്.

"അസമത്വത്തിലും ബലഹീനതയിലും നിന്ന് സകലരുടേയും അഭിവൃദ്ധിയിലേക്ക് " എന്ന വിഷയത്തെ ആസ്പദമാക്കി, കോവിഡ് 19 ആഗോളതലത്തിൽ വരുത്തിയ സാമ്പത്തിക ആഘാതങ്ങളുടെ വെളിച്ചത്തിൽ 2030 ലെ സുസ്ഥിര വികസന കാര്യപരിപാടികൾ ആസൂത്രണം ചെയ്യാനുള്ള ഒരുക്കങ്ങളാണ് സമ്മേളനത്തിൽ നടത്തുന്നത്. 2020 ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന സമ്മേളനം വരുന്ന ഏപ്രിൽ 25 മുതൽ 30 വരെ ബാർബദോസിൽ വച്ചാണ് നടത്തുക. പകർച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തീക, പാരിസ്ഥിതിക, സാമൂഹിക ആഘാതങ്ങളെ തരണം ചെയ്യാൻ രാജ്യങ്ങളെ സഹായിക്കാൻ വേണ്ട പ്രായോഗീക ഉപായങ്ങളും നയങ്ങളും രൂപീകരിക്കുകയാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്.

ഐക്യരാഷ്ട്രസഭ അതിന്റെ കർമ്മപരിപാടികളെ പുനർവിചിന്തനം ചെയ്യണമെന്നും ഉത്തരവാദിത്വപൂർണ്ണമായ പ്രതിബദ്ധതയുടെ രീതികൾ അവലംബിക്കണമെന്നും ആഹ്വാനം ചെയ്ത അദ്ദേഹം ഇന്നുള്ള വികസന മാതൃകകളുടെ ദൗർബ്ബല്യങ്ങൾ കോവിഡ് 19 വെളിപ്പെടുത്തിത്തരുന്നത് തിരിച്ചറിഞ്ഞു  ലോകം പരസ്പരം ആശ്രയിച്ചു നിൽക്കുന്ന ഒന്നാണെന്നും അതിനാൽ ദീർഘവീക്ഷണമാർന്ന കൂട്ടായ പ്രവർത്തനമാണവശ്യമെന്നും തന്റെ പ്രഭാഷണത്തിൽ അറിയിച്ചു. മാത്രമല്ല പകർച്ചവ്യാധി വരുത്തിയ പ്രതിസന്ധി പരിസ്ഥിതിയും, വികസനവും സുരക്ഷയും എത്രമാത്രം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതിനാൽ ഏതെങ്കിലും ഒന്ന് പരിഹരിക്കാൻ മറ്റവയെ മാറ്റി നിറുത്തി ചിന്തിക്കുന്നത് ഒരിക്കലും വിജയ സാധ്യതയുള്ള പദ്ധതിയാവില്ല എന്നും അടിവരയിട്ടു. അതിനാൽ കോവിഡ് 19 ന്റെ സാമ്പത്തീക പരിണതഫലങ്ങൾക്കുള്ള തിരുത്തൽ നയങ്ങൾ ബൃഹത് സാമ്പത്തിക നയങ്ങൾ മാത്രമാകാതെ പരിസ്ഥിതിയെ മാനിച്ചുകൊണ്ടുള്ള ഉചിതവും സമഗ്രമായ വികസനവും ലക്ഷ്യംവച്ചുള്ളവയാവണമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 February 2021, 14:16