തിരയുക

ഡോ. പട്ടരുമഠത്തിൽ എസ്. ജെ. ഡോ. പട്ടരുമഠത്തിൽ എസ്. ജെ.  

വചന വ്യാഖ്യാനത്തിൽ മുഴുകി ഫാദർ പട്ടരുമഠത്തിൽ

ഫാദർ ഹെൻറി പട്ടരുമഠത്തിലിനെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മിഷന്‍ അംഗമായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.

- ഫാദർ വില്യം നെല്ലിക്കൽ 

പാണ്ഡിത്യത്തിനുള്ള അംഗീകാരം
തിരുവചനത്തിന്‍റെ വ്യാഖ്യാനപഠനത്തിനുള്ള റോമിലെ പൊന്തിഫിക്കല്‍ വിദ്യാപീഠത്തിന്‍റെ ഡീനും പ്രഫസറുമായി  പ്രവര്‍ത്തിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ജനുവരി 15-ന് ഇറക്കിയ വിജ്ഞാനപത്തിലൂടെ ഫാദര്‍ ഹെൻറി പട്ടരുമഠത്തിലിനെ  വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മിഷിന്‍റെ അംഗമായി നിയമിച്ചത്.

2. കേരളത്തിന്  അഭിമാനം
ഈശോ സഭയുടെ കേരള പ്രോവിന്‍സ് അംഗമാണ് ഫാദര്‍  ഹെൻറി പട്ടരുമഠത്തില്‍. ബൈബിള്‍ വ്യാഖ്യാന വൈജ്ഞാനികത്തില്‍ ആഗോളതലത്തില്‍ പ്രഗത്ഭരായ അദ്ധ്യാപകരെയും പ്രേഷിതരെയും സൃഷ്ടിക്കുന്ന റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ വിദ്യാപീഠത്തിന്‍റെ ചുക്കാന്‍ പിടിക്കുകയും പ്രഫസറായി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന പ്രഥമ ഇന്ത്യക്കാരനാണ് ഫാദര്‍ ഹെൻറി. 

വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ചെറുപുഷ്പം  ഇടവകയില്‍ പട്ടരുമഠം ജോർജ്ജ്-ക്യാതറീന്‍ ദമ്പതികളുടെ പുത്രനാണ് ഫാദര്‍ ഹെൻറി പട്ടരുമഠത്തിൽ. കോളെജ് വിദ്യാഭ്യാസത്തിനുശേഷം 1986-ല്‍ ഈശോ സഭയില്‍ ചേര്‍ന്നു. 1995-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ  ബൈബിള്‍ വിദ്യാപീഠത്തില്‍നിന്നു തന്നെ അദ്ദേഹം ബൈബിള്‍ വ്യാഖ്യാനപഠനത്തില്‍ 2001-ല്‍ ലൈസന്‍ഷിയേറ്റും, തുടര്‍ന്ന് ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ 2007-ല്‍ ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കി.

3. വാഗ്‌മിയും ഗ്രന്ഥകർത്താവും
മലയിലെ പ്രസംഗം - വിശകലനവും വ്യാഖ്യാനവും, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് – മത്തായിയുടെ സുവിശേഷം പഠിപ്പിക്കുന്ന ക്രിസ്തു ശിഷ്യത്വം, യാത്രി – ബൈബിള്‍ പഠനവും ധ്യാനവും... എന്നിവ ഫാദര്‍ പട്ടരുമഠത്തിലിന്‍റെ ശ്രദ്ധേയമായ മലയാളത്തിലുള്ള  രചനകളാണ്. കൂടാതെ ബൈബിള്‍ സംബന്ധിയായ  നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും, ഗ്രന്ഥങ്ങളും ഇംഗ്ലിഷ്, ഇറ്റാലിയൻ ഭാഷകളിൽ  അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.

4. റോമിലെ ബിബ്ലിക്കും വിദ്യാപീഠം

ബൈബിള്‍ വ്യാഖ്യാന പഠനത്തിനുള്ള ലോകത്തെ ഏറ്റവും പഴക്കമുള്ളതും സമുന്നതവുമായ വിദ്യാപീഠമാണ് റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 1909-ല്‍ വിശുദ്ധനായ 10-Ɔο പിയൂസ് പാപ്പാ സ്ഥാപിച്ചതാണീ ബൈബിള്‍ വ്യാഖ്യാന പഠനത്തിനുള്ള വിദ്യാപീഠം (Exegetical institute). തിരുവെഴുത്തുകൾ ശരിയായി വ്യാഖ്യനിക്കപ്പെടണം എന്ന ലക്ഷ്യവുമായിട്ടാണ് പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (Pontificium Instituttum Biblicum) ഈശോ സഭാംഗങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിതമായത്. 

തിരുവചനം അര്‍ത്ഥഗര്‍ഭമായും ശരിയായും വ്യാഖ്യാനിക്കുവാന്‍ ബൈബിള്‍ വിജ്ഞാനിയവും പൗരസ്ത്യ സാംസ്കാരികതയും ഭാഷകളുടെ പഠനവും കൂട്ടിയിണക്കിയ ശാസ്ത്രീയ സങ്കേതമാണിത്.ഈ അത്യപൂര്‍വ്വ സ്ഥാപനത്തില്‍ 2021ലെ അദ്ധ്യയന വര്‍ഷത്തില്‍ ലൈസന്‍ഷിയേറ്റിനും ഡോക്ടറല്‍ ബിരുദത്തിനുമായി ലോകത്തിന്‍റെ 75 വിവിധ രാജ്യങ്ങളില്‍നിന്നായി 100-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഗവേഷണപഠനം നടത്തുന്നുണ്ട്.

ആഗോളസഭയുടെ  ബൈബിള്‍ കമ്മിഷന്‍റെയും ബിബ്ലിക്കല്‍ വിദ്യാപീഠത്തിന്‍റെയും സേവനത്തില്‍ ഫാദര്‍ ഹെൻറി പട്ടരുമഠത്തിലിന് പ്രാര്‍ത്ഥനയോടെ എല്ലാ ഭാവുകങ്ങളും നേരുന്നു!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2021, 16:18