പ്രത്യക്ഷീകരണ മഹോത്സവ  ദിവ്യബലിയില്‍.... പ്രത്യക്ഷീകരണ മഹോത്സവ ദിവ്യബലിയില്‍.... 

പ്രത്യക്ഷീകരണ മഹോത്സവത്തില്‍ പാപ്പായുടെ സജീവസാന്നിദ്ധ്യം

വത്തിക്കാനിലെ പ്രത്യക്ഷീകരണ മഹോത്സവ ദിവ്യബലിയില്‍ പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

1. വിലക്കുകള്‍ പാലിച്ചുകൊണ്ടുള്ള തിരുനാള്‍
മഹാമാരിയുടെ വിലക്കുകള്‍ പാലിച്ച് മാധ്യമങ്ങളിലൂടെ തത്സമയം ജനങ്ങള്‍ക്കായി സംപ്രേഷണംചെയ്ത പാപ്പായുടെ ദിവ്യബലിയില്‍ കര്‍ദ്ദിനാളന്മാരും മറ്റു പരിചാരികരും വിശ്വാസികളുമായി 200-ല്‍ താഴെ പേരാണ് പങ്കെടുത്തത്. സുവിശേഷപാരായണം, ഈ വര്‍ഷത്തെ ആരാധനക്രമചക്രത്തിലെ രക്ഷാകരചരിത്രം പ്രഘോഷിക്കുന്ന “കലേന്താ” (Liturgical Calendar) ആലാപനവും കഴിഞ്ഞാണ് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത്.

2. തേടിയവരാണ് കണ്ടെത്തിയത്
വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആധാരമാക്കി നടത്തിയ പ്രഭാഷണത്തില്‍ പൂജരാജാക്കളുടെ മഹോത്സവം നമ്മെ പഠിപ്പിക്കുന്നത്, ക്രിസ്തുവിനെ ആരാധിക്കുക അത്ര എളുപ്പമല്ലെന്നാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു (2, 1-12). ദീര്‍ഘകാലത്തെ ആന്തരിക യാത്രയിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന ആത്മീയ പക്വതയുണ്ടെങ്കില്‍ മാത്രമേ സാധിക്കൂവെന്ന് ആഹ്വാനംചെയ്തു. ദൈവത്തെ ആരാധിക്കാത്തവര്‍ വിഗ്രഹാരാധകരായിരിക്കുമെന്നും, വിശ്വാസമില്ലാത്തവര്‍ ലൗകിക വസ്തുക്കളുടെ ഉപാസകരായിരിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു. അതിനാല്‍ കണ്ണുകള്‍ ഉയര്‍ത്തി, അധരങ്ങള്‍ ഉയര്‍ത്തി ദൈവിക വെളിച്ചം തേടണമെന്നും, രക്ഷയുടെ വഴിയേ ചരിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

3. പ്രത്യക്ഷീകരണവും അനുഷ്ഠാന വ്യത്യാസങ്ങളും
ക്രിസ്തുമസ് കഴിഞ്ഞുള്ള 12-Ɔο ദിനത്തില്‍ കിഴക്കുനിന്നുമുള്ള 3 രാജാക്കന്മാര്‍ ബേതലഹേമില്‍ പിറന്ന ദിവ്യഉണ്ണിയെ സന്ദര്‍ശിച്ച്, അവിടുത്തേയ്ക്ക് സ്വര്‍ണ്ണവും മീറയും കുന്തുരുക്കവും കാഴ്ചവെച്ചു മടങ്ങിയെന്ന പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ വത്തിക്കാനിലും ജനുവരി 6-Ɔο തിയതി ബുധനാഴ്ച രാവിലെയാണ് പ്രത്യക്ഷീകരണ മഹോത്സവത്തിന്‍റെ ദിവ്യബലി അര്‍പ്പിച്ചത്. ഇന്ത്യയിലും മറ്റു പല ഏഷ്യന്‍ രാജ്യങ്ങളിലും അജപാലന കാരണങ്ങളാല്‍, ജനങ്ങളുടെ സൗകര്യാര്‍ത്ഥം ക്രിസ്തുമസ് കഴിഞ്ഞുവരുന്ന രണ്ടാം ഞായറാഴ്ചയാണ് പ്രത്യക്ഷീകരണ മഹോത്സവം കൊണ്ടാടുന്നത്.

4. പാപ്പാ ആരോഗ്യവാന്‍
കഴിഞ്ഞ ജനുവരി ഒന്നിന്‍റെ സായാഹ്നപ്രാര്‍ത്ഥനയിലും പ്രഭാതബലിയര്‍പ്പണത്തിലും  കാലിലെ ഷിയാറ്റിക്ക് ഞരമ്പുകളിലെ തീവ്രമായ വേദനയാല്‍ പങ്കെടുത്തിരുന്നില്ല. അതിനുശേഷം അപ്പസ്തോലിക അരമനയില്‍നിന്നുമുള്ള ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ നടത്തിയെങ്കിലും പൊതുവേദിയില്‍ ദിവ്യബലിക്ക് എത്തിയത് ഇത് ആദ്യമായിട്ടാണ്. പാപ്പാ ഫ്രാന്‍സിസ് പൂര്‍ണ്ണ ആരോഗ്യവാനായി കാണപ്പെട്ടു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 January 2021, 13:26