തിരയുക

ക്രൈസ്തവൈക്യപ്രക്രിയയെ (എക്യുമെനിസം) അധികരിച്ചുള്ള പുതിയരേഖയുടെ പ്രകാശന കർമ്മം വത്തിക്കാനിൽ പരിശുദ്ധസിംഹാസനത്തിൻറെ പ്രസ്സ് ഓഫീസിൽ നടക്കുന്നു,04/12/2020 ക്രൈസ്തവൈക്യപ്രക്രിയയെ (എക്യുമെനിസം) അധികരിച്ചുള്ള പുതിയരേഖയുടെ പ്രകാശന കർമ്മം വത്തിക്കാനിൽ പരിശുദ്ധസിംഹാസനത്തിൻറെ പ്രസ്സ് ഓഫീസിൽ നടക്കുന്നു,04/12/2020 

ക്രൈസ്തവൈക്യസംരംഭങ്ങളെ അധികരിച്ച് പുതിയൊരു രേഖ!

എക്യുമെനിസത്തെക്കുറിച്ചുള്ള പുതിയ രേഖ “മെത്രാനും ക്രൈസ്തവരുടെ ഐക്യവും: എക്യുമെനിക്കൽ മാർഗ്ഗനിർദ്ദേശിക” പ്രകാശിതമായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കത്തോലിക്കാസഭയുടെ ക്രൈസ്തവൈക്യസംരംഭങ്ങളെ അധികരിച്ച് ഒരു രേഖ വെള്ളിയാഴ്ച (04/12/20) പ്രകാശിതമായി.

ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതി, പരിശുദ്ധസിംഹാസനത്തിൻറെ പ്രസ്സ് ഓഫീസിൽ നിന്ന് ഇൻറർനെറ്റിലൂടെ നടത്തിയ പത്രസമ്മേളനത്തിലാണ്, ഈ രേഖ പ്രകാശനം ചെയ്തത്.

ഈ പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ് (Card. Kurt Koch), മെത്രാന്മാർക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർക് ഓല്ലെത്ത് (Card. Marc Ouellet), ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെ (Card. Luis Antonio G. Tagle) പൗരസ്ത്യസഭയ്ക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി (Card. Leonardo Sandri) എന്നിവർ ഈ രേഖയുടെ ഉള്ളടക്കം മാദ്ധ്യമപ്രവർത്തകർക്കായി സംഗ്രഹിച്ചു.

“മെത്രാനും ക്രൈസ്തവരുടെ ഐക്യവും: എക്യുമെനിക്കൽ മാർഗ്ഗനിർദ്ദേശിക” എന്ന ശീർഷകമാണ് ഈ രേഖയ്ക്കു നല്കിയിരിക്കുന്നത്.

“കത്തോലിക്കാസഭയിൽ ക്രൈസ്തവൈക്യപരിപോഷണം”, “ഇതര ക്രൈസ്തവസഭകളുമായി കത്തോലിക്കാസഭയുടെ ബന്ധം” എന്നിങ്ങനെ രണ്ടു ഭാഗമാണ് ഈ രേഖയ്ക്കുള്ളത്.

എക്യുമെനിക്കൽ ദൗത്യം, അതായത്, ക്രൈസ്തവൈക്യപരിപോഷണ ദൗത്യം നിറവേറ്റുന്നതിന് കത്തോലിക്കാ സഭ ചെയ്യേണ്ടുന്ന കാര്യങ്ങളാണ് ആദ്യ ഭാഗത്തിൻറെ ഉള്ളടക്കം.

ഇതര ക്രൈസ്തവ സഭകളുമായി കത്തോലിക്കസഭ ഇടപഴകുന്ന നാലു രീതികൾ, അതായത്, ആദ്ധ്യാത്മിക എക്യുമെനിസം, സ്നേഹ സംഭാഷണം, സത്യ സംഭാഷണം, ജീവിത സംഭാഷണം എന്നിവ, വിശകലനം ചെയ്യുകയാണ് രണ്ടാമത്തെ ഭാഗം.

രണ്ടാം വത്തിക്കാൻ സൂനദോസ് ക്രൈസ്തവൈക്യത്തെ അധികരിച്ചു പുറപ്പെടുവിച്ച “ഉണിത്താത്തിസ് റേദിന്തെഗ്രാസിയൊ” (Unitatis redintegratio) ക്രൈസ്തവൈക്യത്തെക്കുറിച്ച് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ പുറപ്പെടുവിച്ച “ഉത്ത് ഊനും സിന്ത്” (Ut unum sint) എന്ന ചാക്രികലേഖനം, ക്രൈസ്തവൈക്യ പരിപോഷണത്തിനായുള്ള പൊന്തിഫിക്കൽ സമിതി പുറപ്പെടുവിച്ച രണ്ടു രേഖകൾ എന്നിവയെ അടിസ്ഥനാപ്പെടുത്തിയാണ് പുതിയ രേഖ തയ്യാറാക്കിയിരിക്കുന്നത്.

മെത്രാൻ തൻറെ രൂപതയുമൊത്തു നടത്തുന്ന എക്യുമെനിക്കൽ യാത്രയിൽ (ക്രൈസ്തവൈക്യ യാത്രയിൽ) ഒരു മാർഗ്ഗനിർദ്ദേശികയാണ് ഈ രേഖയെന്ന് ഇതിൻറെ പ്രകാശനവേളയിൽ കർദ്ദിനാൾ കുർത്ത് കോഹ് വിശദീകരിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2020, 16:08