സെർബിയായിലെ കാലം ചെയ്ത ഓർത്തഡോക്സ് പാത്രിയാർക്കീസ്  ഇറിനെയ് ( PATRIARCH IRINEJ) സെർബിയായിലെ കാലം ചെയ്ത ഓർത്തഡോക്സ് പാത്രിയാർക്കീസ് ഇറിനെയ് ( PATRIARCH IRINEJ) 

സെർബിയൻ ഓർത്തഡോക്സ് പാത്രിയാർക്കീസിൻറെ നിര്യാണത്തിൽ അനുശോചനം!

വിശ്വാസത്തിൻറെയും എളിയതും സന്തോഷഭരിതവുമായ സംഭാഷണത്തിൻറെയും മാതൃകയാണ് പാത്രിയാർക്കീസ് ഇറിനെയ് എന്ന് ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സെർബിയയിലെ ഓർത്തഡോക്സ് പാത്രിയാർക്കീസ് ഇറിനെയുടെ (Irinej) നിര്യാണത്തിൽ ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതി അനുശോചനം രേഖപ്പെടുത്തി.

ജീവിതം ദൈവത്തിന് പൂർണ്ണമായി സമർപ്പിക്കുകയും സെർബിയയിലെ ഓർത്തൊക്സ് സഭയുടെ ആന്തരിക കൂട്ടായ്മയുടെ ചൈതന്യം പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് വിശ്വാസത്തിൻറെയും എളിയതും സന്തോഷഭരിതവുമായ സംഭാഷണത്തിൻറെയും മാതൃകയായിഭവിച്ചു പാത്രിയാർക്കീസ് ഇറിനെയ് എന്ന് ഈ പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ് (Card. Kurt Koch) അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുന്നു.  

കോവിദ് 19 രോഗബാധിതനായി ആശുപത്രിയിലായിരുന്ന പാത്രിയാർക്കീസ് ഇറിനെയ് വെള്ളിയാഴ്ചയാണ് മരണമടഞ്ഞത്.

90 വയസ്സായിരുന്ന പ്രായം.

1930 ആഗസ്റ്റ് 28 ന് ജനിച്ച അദ്ദേഹം 1959-ൽ സന്ന്യാസ പദവി സ്വീകരിച്ചു. 1974-ൽ മെത്രാൻ പദവി ലഭിച്ച ഇറിനെയ് അതിനടുത്ത വർശഷം നിഷിൻറെ (Niš) മെത്രാനായി. 35 വർഷം തൽസ്ഥാനത്തു തുടർന്നു.

2009-ൽ സെർബിയയിലെ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് പാവലെ (Pavle) മരണമടഞ്ഞതിനെ തുടർന്ന് 2010 ജനുവരി 22-ന് ഇറിനെയ് ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 

ഞായറാഴ്ച (22/11/20) ആയിരിക്കും പാത്രിയാർക്കീസ് ഇറിനെയുടെ കബറടക്ക ശുശ്രൂഷകൾ. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2020, 14:01