മതങ്ങളുടെ സമ്മേളനത്തിന് തിരിതെളിയിക്കുന്ന പാപ്പാ ഫ്രാന്‍സിസ്... മതങ്ങളുടെ സമ്മേളനത്തിന് തിരിതെളിയിക്കുന്ന പാപ്പാ ഫ്രാന്‍സിസ്... 

പാപ്പാ വോയ്ത്തീവ തുറന്ന മതസൗഹാര്‍ദ്ദ പാത

“വിശുദ്ധനായ ജോണ്‍ പോള്‍ 2-Ɔമന്‍ പാപ്പാ തുറന്ന വിശ്വശാന്തിയുടെ വഴി മതസൗഹാര്‍ദ്ദത്തിന്‍റെ പ്രവാചക ദര്‍ശനമായിരുന്നു,” പാപ്പാ ഫ്രാന്‍സിസ്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. അസ്സീസി പട്ടണത്തില്‍ തുടങ്ങിയ
സഭയുടെ മതസൗഹാര്‍ദ്ദ യാത്ര

സാന്‍ എജീഡിയോ ഉപവിപ്രസ്ഥാനം സംഘടിപ്പിച്ച റോമിലെ കാപ്പിത്തോള്‍ കുന്നിലെ രാജ്യാന്തര മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ നല്കിയ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. 1986-ല്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍ പാപ്പാ വോയ്ത്തീവ തുടക്കമിട്ട സമാധാനത്തിനും സാഹോദര്യത്തിനുമായുള്ള മതനേതാക്കളുടെ പ്രഥമ രാജ്യാന്തര സംഗമമാണ് വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും പാത ആദ്യമായി തുറന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തിന് ആമുഖമായി പ്രസ്താവിച്ചു. രാജ്യാന്തര ഉപവിപ്രസ്ഥാനം സാന്‍ എജീഡിയോ സംഘടിപ്പിച്ച പരിപാടിയില്‍ പാപ്പായ്ക്കൊപ്പം ഇറ്റലിയുടെ പ്രസിഡന്‍റ് സേര്‍ജോ മത്തരേലാ, കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോ പ്രഥമന്‍ എന്നിവരും  മറ്റു മതനേതാക്കളും പങ്കെടുത്തു.

2. സാഹോദര്യത്തിന്‍റെ പാതയിലെ ചവിട്ടുപടികള്‍
അസ്സീസി സംഗമത്തിനുശേഷവും,  തുടര്‍ന്നും മതങ്ങളെ കരുവാക്കിക്കൊണ്ടുള്ള കലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും മൗലികവാദവും ലോകം കണ്ടുവെങ്കിലും മതങ്ങള്‍ തമ്മിലുള്ള സംവാദശ്രമങ്ങള്‍ ആഗോളതലത്തില്‍ വളര്‍ത്തിയിട്ടുള്ള ഫലപ്രാപ്തി എടുത്തുപറയാവുന്നതും ഇന്നും നിലനില്ക്കുന്നതുമാണെന്ന് പാപ്പാ ഓര്‍പ്പിച്ചു.  അതിനാല്‍ മതാന്തരസംവാദവും പ്രാര്‍ത്ഥനയുടെ സംവാദങ്ങളും ഈ ഭൂമിയില്‍ സഹോദരീ സഹോദരന്മാരായി സഹകരിച്ചു പ്രവര്‍ത്തിക്കുവാനും സമാധാനപാതയില്‍ പുരോഗമിക്കുവാനുമുള്ള ചവിട്ടു പടികാളാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. അബുദാബി സന്ദര്‍ശനത്തിനിടെ മതങ്ങളുടെ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമായ വിശ്വസാഹോദര്യ പ്രഖ്യാപനവും, അതിന്‍റെ തുടര്‍പദ്ധതികള്‍ക്കായി രൂപീകരിച്ച സമുന്നത കമ്മിറ്റിയും, വിശ്വസാഹോദര്യത്തിനായുള്ള മതങ്ങളുടെ കൂട്ടായ്മയും സമാധാന പാതയിലെ പുതിയ കാല്‍വയ്പുകളായി പാപ്പാ വിശേഷിപ്പിച്ചു.

3. മതങ്ങള്‍ സമാധാനത്തിനുള്ള സ്ഥാപനങ്ങള്‍
സമാധാനത്തിന്‍റെ കല്പന എല്ലാ മതങ്ങളുടെ പ്രബോധനങ്ങളിലും ദൈവം ഉള്‍ച്ചേര്‍ത്തിട്ടുള്ളതാണ് (എല്ലാവരും സഹോദരങ്ങള്‍ 284). സമൂഹത്തില്‍ കാണുന്ന നിസംഗതയ്ക്കും ശത്രുതയ്ക്കും കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ മത വൈധ്യത്തിനോ മതങ്ങള്‍ക്കോ സ്ഥാനമില്ലെന്ന സത്യം ഈശ്വരവിശ്വാസികളായ എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. യുദ്ധവും കലാപങ്ങളും ഭീകരതയും ചുറ്റും തലപൊക്കുമ്പോള്‍ നിസംഗരായി നോക്കിനില്ക്കാതെ, അവരവരുടെ മതത്തിന്‍റെ വിശ്വാസമൂല്യങ്ങളില്‍ ഊന്നിനിന്നുകൊണ്ട് നമുക്കു സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രയോക്താക്കളാകുവാന്‍ സാധിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മതങ്ങളുടെ അടിസ്ഥാന ലക്ഷ്യം സാഹോദര്യവും സമാധാനവുമാണെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. അതിനാല്‍ ക്ലേശങ്ങളുടെ ഇക്കാലഘട്ടത്തില്‍ മതങ്ങളും വിശ്വാസികളും സമാധാനത്തിനായി ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്നും, ഒരിക്കലും കലാപത്തിനും അക്രമത്തിനും യുദ്ധത്തിനും കൂട്ടുനില്ക്കാതെ ലോലവും മാന്യവുമായ കരുത്തും കഴിവും ഉപയോഗിച്ച് സംഘര്‍ഷങ്ങള്‍ ഒഴിവാക്കിക്കൊണ്ടു മുന്നേറാന്‍ പരിശ്രമിക്കണമെന്നും  പാപ്പാ ഉദ്ബോധിപ്പിച്ചു.

4. “ഈ ലോകം ഒരു നല്ല കുടുംബം” എന്ന കാഴ്ചപ്പാട്
ലോകം ഒരു മാനവകുടുംബമാണ്.  ഭൂമി നമ്മുടെ പൊതുഭവനമാണ്. ഈ ചിന്ത ജനങ്ങളുടെയും സമൂഹങ്ങളുടെയും സര്‍ക്കാരുകളുടെയും നേതാക്കളുടെയും രാജ്യാന്തര കൂട്ടായ്മകളുടെയും മനസ്സില്‍ ആഴമായി പതിയേണ്ടതാണെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. എങ്കില്‍ മാത്രമേ ഇന്നു ലോകം നേരിടുന്ന മഹാമാരിയില്‍നിന്നു മാത്രമല്ല, എല്ലാത്തരം പ്രതിസന്ധികളില്‍നിന്നും നമുക്കു രക്ഷനേടാനാവൂ. കൂട്ടായ്മയിലൂടെയും സംവാദത്തിന്‍റെ ശൈലിയിലും, വിദ്വേഷം വെടിഞ്ഞ് അനുരഞ്ജന ശ്രമങ്ങളിലൂടെയും, രാഷ്ട്രീയ ഗര്‍വ്വും ധാര്‍ഷ്ട്യവും മയപ്പെടുത്തിയും സത്യമായ സമാധാനവഴികള്‍ തുറക്കുവാന്‍ പരിശ്രമിക്കാമെന്ന് പാപ്പാ ആഹ്വാനംചെയ്തു (FT, 231).

5. ഐകമത്യം മഹാബലം
റോമില്‍ ചേര്‍ന്ന ഈ മതങ്ങളുടെ കൂട്ടായ സംഗമം ലോകത്തിനു നല്കുന്നത് സമാധാനത്തിന്‍റെ സന്ദേശമായിരിക്കട്ടെയെന്നും, മതങ്ങള്‍ കലാപമോ യുദ്ധമോ ഭീകരപ്രവര്‍ത്തനങ്ങളോ ആഗ്രഹിക്കുന്നില്ലെന്നും, മറിച്ച് സമാധാനമാണെന്ന് ഒത്തൊരുമിച്ചു പ്രഖ്യാപിക്കാമെന്നും പാപ്പാ ആഹ്വാനംചെയ്തു. അനുരഞ്ജനത്തിലൂടെ ലോകത്ത് സാഹോദര്യം വര്‍ദ്ധമാനമാക്കുവാനും, പ്രത്യാശയുടെ പുതിയ വഴികള്‍ തുറക്കുവാനും എല്ലാമതങ്ങള്‍ക്കും വിശ്വാസികള്‍ക്കും സാധിക്കട്ടെയെന്നും ആശംസിച്ചു.  അങ്ങനെ സമാധാനമുള്ളൊരു ലോകം യാഥാര്‍ത്ഥ്യമാക്കുവാനും നാം സഹോദരീ സഹോദരന്മാരായി ലോകത്തിന്‍റെ തകര്‍ച്ചയില്‍നിന്ന് ഒരുമിച്ച് രക്ഷനേടുവാനും ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2020, 09:37