with football players... with football players... 

“കളിയിലെ കാര്യങ്ങളെ”ക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ പുസ്തകം

വത്തിക്കാന്‍റെ മാധ്യമ വകുപ്പും മുദ്രണാലയവും ചേര്‍ന്നു പുറത്തുകൊണ്ടുവരുന്നു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സ്നേഹപൂര്‍വ്വം കളിക്കാരോടും
കായികതാരങ്ങളോടും

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളിലായി അന്തര്‍ദേശീയ ദേശീയ കായിക താരങ്ങള്‍ക്കും, രാജ്യാന്തര ഫുട്ബോള്‍ ടീമുകള്‍ക്കും, ചിലപ്പോള്‍ കുട്ടികള്‍ക്കുമായി കായിക വിനോദത്തെക്കുറിച്ചും അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെക്കുറിച്ചും പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണങ്ങളുടെ ഗഹനവും കലാമൂല്യവുമുള്ള അവതരണമായിരിക്കും വത്തിക്കാന്‍റെ മുദ്രണാലയം സെപ്തംബര്‍ 7-ന് റോമില്‍ പ്രകാശനംചെയ്യുവാന്‍ പോകുന്ന “കളിയിലെ കാര്യങ്ങള്‍” (Mattersi in Giocco) എന്നു ശീര്‍ഷകം ചെയ്തിരിക്കുന്ന ഗ്രന്ഥമെന്ന് വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ (Dicastery for Communications) പ്രസ്താവന  അറിയിച്ചു. ആദ്യം ഇറ്റാലിയനിലും സ്പാനിഷിലും പുറത്തുവരുന്ന പുസ്തകം ഉടനെ ഇതര ഭാഷകളിലും ലഭ്യമാക്കും.

2. ഫുട്ബോള്‍ പ്രേമിയായിരുന്ന ബര്‍ഗോളിയോ
ചെറുതെങ്കിലും കളികളിലെ ക്രമത്തെക്കുറിച്ചും, അതിന്‍റെ യഥാര്‍ത്ഥമായ ചൈതന്യത്തെയും ലക്ഷ്യങ്ങളെയും കുറിച്ചും, യുവാവായിരുന്നപ്പോള്‍ ഫുട്ബോളുമായി കളക്കളത്തില്‍ ഇറങ്ങിയിട്ടുള്ള പാപ്പാ പറയുന്ന വാക്കുകള്‍ രസകരമാണ്. അര്‍ജന്‍റീനയിലെ അജപാലകനായിരിക്കെ ബര്‍ഗോളിയോ അര്‍ജന്‍റീനയുടെ ദേശീയ ടീമിന്‍റെ ഉപദേശകനും കുമ്പസാരക്കാരനുമായി പ്രവര്‍ത്തിച്ചിട്ടുള്ളതും വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പത്രാധിപര്‍, അലസാന്ത്രോ ജിസ്സോത്തി  അനുസ്മരിച്ചു..

3. കളിയുടെ കൂട്ടായ്മ ജീവിതത്തിലും
കളിയും കായികാഭ്യാസവും എപ്രകാരം അനുദിനം ജീവിത നന്മയുടെ ഭാഗമാക്കാമെന്നു പറയുന്ന പാപ്പാ, അത് ജീവതം തന്നെയാണെന്നും, ഒരുമിച്ചുള്ള ജീവിതത്തിന്‍റെ ഓട്ടമാണ് കളികളെന്നും ( Running together) ഗ്രന്ഥത്തില്‍ ലളിതമായ ഭാഷയില്‍ വശ്യഭംഗിയോടെ അവതരിപ്പിക്കുന്നുവെന്ന് ജിസ്സോത്തി പ്രസ്താവിച്ചു. 124 പേജുകളുള്ള പുസ്തകത്തിന് 5 യൂറോ, 350 രുപായാണ് വില. സെപ്തംബര്‍ 7-ന് റോമില്‍ “ഫാവോ”യുടെ (FAO) ആസ്ഥാനത്തെ കായികസമുച്ചയത്തില്‍ നടത്തപ്പെടുന്ന പ്രകാശനച്ചടങ്ങില്‍ ഇറ്റലിയുടെ പ്രഗത്ഭരായ കായികതാരങ്ങളും ഫുഡ്ബോള്‍ താരങ്ങളും പങ്കെടുക്കുമെന്ന് വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പ്രസ്താവന അറിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2020, 07:37