(FILE) a visit to Pope Emeritus Benedict VI... (FILE) a visit to Pope Emeritus Benedict VI... 

പ്രായമായ വൈദികരുടെ ജീവിതം രണ്ടാംതരമല്ലെന്ന് പാപ്പാ ഫ്രാന്‍സിസ്

വാര്‍ദ്ധക്യത്തില്‍ എത്തിയ വൈദികരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച സന്ദേശത്തിന്‍റെ സംഗ്രഹം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പ്രായമായ വൈദികരുടെ അപൂര്‍വ്വസംഗമം
പ്രായമായ വൈദികരുടെ ധ്യാനാത്മമായ ജീവിതം രണ്ടാം തരമല്ലാത്ത സഭയിലെ ശുശ്രൂഷയാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. സെപ്തംബര്‍ 17-Ɔο തിയതി വ്യാഴാഴ്ച വടക്കെ ഇറ്റലിയിലെ ലൊമ്പാര്‍ഡിയ പ്രവിശ്യയില്‍ പ്രായാധിക്യത്തിലെത്തി വിശ്രമജീവിതം നയിക്കുന്ന വൈദികരുടെ കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ലൊംബാര്‍ഡിയയിലെ കരവാജിയോയിലുള്ള ദൈവമാതാവിന്‍റെ ബസിലിക്കയിലാണ് പ്രായമായ വൈദികരുടെ കൂട്ടായ്മ സംഗമിച്ചത്. ആറുവര്‍ഷമായി നടത്തുന്ന ഈ സംഗമത്തിന് നേതൃത്വം നല്കുന്ന സ്ഥലത്തെ മെത്രാന്‍ സംഘത്തിനും, പ്രായമായവരെയും വൈകല്യമുള്ളവരെയും തുണയ്ക്കുന്ന ഇറ്റലിയിലെ ഉപവി പ്രസ്ഥാനം യൂണിത്താല്‍സിക്കും (UNITALSI) പാപ്പാ ആമുഖമായി നന്ദിപറഞ്ഞു.

2. നിശ്ശബ്ദമായ സുവിശേഷസാക്ഷ്യം
പ്രായാധിക്യത്താല്‍ ശാരീരികമായി തളര്‍ന്നും, രോഗങ്ങളുടെ ക്ലേശങ്ങളും വേദനയും അനുഭവിച്ചുമുള്ള വൈദികജീവിതം ദൈവത്തോടും സഭയോടുമുള്ള അവരുടെ വിശ്വസ്തമായ സ്നേഹത്തിന്‍റെ സാക്ഷ്യമാണെന്നും, അജപാലനമേഖലയില്‍ ത്യാഗപൂര്‍വ്വം ജീവിച്ച ഈ വൈദികസഹോദരങ്ങളുടെ ജീവിതം സായംപ്രഭയുള്ള നിശബ്ദമായ സുവിശേഷ സാക്ഷ്യമാണെന്നും പാപ്പാ വിശേഷിപ്പിച്ചു. അവരുടെ സജീവമായ സമര്‍പ്പണവും അതിന്‍റെ ഓര്‍മ്മയും സഭയുടെ ഭാവി കരുപ്പിടിപ്പിക്കാന്‍ പോരുന്നതാണെന്ന സത്യം താന്‍ നന്ദിയോടെ സന്ദേശത്തില്‍ സാക്ഷ്യപ്പെടുത്തുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.

3. സ്വാര്‍ത്ഥതയുടെ വൈറസ്സിനെ കീഴ്പ്പെടുത്താം
മഹാമാരിയുടെ ഇക്കാലഘട്ടം എല്ലാവര്‍ക്കും ക്ലേശകരമായിരുന്നതുപോലെ, പ്രായമായ വൈദികര്‍ അതിലേറെ അടച്ചുപൂട്ടലും ഏകാന്തതയും അനുഭവിക്കുന്നുണ്ടാകുമെന്ന് പാപ്പാ ആശങ്കപ്പെട്ടു. എന്നാല്‍ സ്വാര്‍ത്ഥതയുടെയും തന്‍പോരിമയുടെയും വൈറസ് ബാധയില്‍നിന്നും മോചിതരായി, മറ്റുള്ളവരുമായി, വിശിഷ്യ സഹായം ആവശ്യമുള്ളവരെയും ജീവിതക്ലേശങ്ങള്‍ അനുഭവിക്കുന്നവരെയും കുറിച്ച് ചിന്തിക്കുവാനും, അവരുമായുള്ള സാഹോദര്യവും കൂട്ടായ്മയും ചിന്തയിലും ധ്യാനത്തിലും പുനരാവിഷ്ക്കരിക്കുവാനുമുള്ള സമയമാവട്ടെ ഇതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

4. ആത്മവിശുദ്ധീകരണത്തിനുള്ള സമയം
ആരെയും മരവിപ്പിക്കുന്ന നിശബ്ദതയുടെയും ശൂന്യതയുടെയും കഠിനമായ ദിനങ്ങളില്‍ ദൈവത്തിങ്കലേയ്ക്ക് ദൃഷ്ടികള്‍ ഉയര്‍ത്തി എല്ലാവരും കാരുണ്യത്തിനായി വിളിച്ചപേക്ഷിക്കണമെന്ന് പാപ്പാ വൈദികരെ ഓര്‍പ്പിച്ചു. പ്രായമായവര്‍ക്കൊപ്പം എല്ലാവരെയും ദൈവകൃപ നവീകരിക്കുന്ന ഒരു സമയമാവട്ടെ ഇതെന്ന് പാപ്പാ ആശംസിച്ചു. മലാക്കി പ്രവാചകന്‍റെ വാക്കുകളില്‍..., “അലക്കുകാരന്‍റെ കാരംപോലെയും, ഉലയിലെ അഗ്നിപോലെയും...” നമ്മുടെ ബലഹീനതകളെ ദൈവം ശുദ്ധിചെയ്യുന്നതിനുള്ള മനസ്സിന്‍റെ തുറവു കാണിക്കാമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

5. ഉപസംഹാരം
വൈദികരുടെ അമ്മയായ പരിശുദ്ധ കന്യകാനാഥയ്ക്ക് പ്രായമായ വൈദികസഹോദരങ്ങളെ സമര്‍പ്പിക്കുന്നതായിട്ടും, ഈ മഹാമാരിയില്‍ മരണമടഞ്ഞ എല്ലാ വൈദികരെയും പ്രത്യേകം അനുസ്മരിച്ചുകൊണ്ടും, അവരുടെ ആത്മാക്കളെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2020, 08:08