cardinale Stella Beniamino cardinale Stella Beniamino 

അജപാലന സമൂഹത്തിന്‍റെ ഘടനയില്‍ മാറ്റംവരുത്തണമെന്ന് വത്തിക്കാന്‍

“അജപാലന സമൂഹത്തെ കാലികമായി നവീകരിക്കണം...” വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ബനിയാമീനോ സ്തേല.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പ്രേഷിതമേഖലയിലെ പരിവര്‍ത്തനം
“സഭയുടെ കാലികമായ സുവിശേഷവത്ക്കരണ ദൗത്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടവക സമൂഹത്തിന്‍റെ അജപാലന പരിവര്‍ത്തനം,” എന്ന നവമായ നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ജൂലൈ 20-Ɔο തിയതി തിങ്കളാഴ്ച നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ സ്തേല ഇങ്ങനെ പ്രസ്താവിച്ചത്. ഇടവകകളിലെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഇന്ന് ആവശ്യമായിരിക്കുന്ന പരിവര്‍ത്തനം അല്ലെങ്കില്‍ നവീകരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് സുവിശേഷവത്ക്കരണം എന്ന സഭയുടെ അടിസ്ഥാന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണെന്ന് അദ്ദേഹം ആമുഖമായി പ്രസ്താവിച്ചു. ഇടവകകള്‍ തങ്ങളുടെ പരിധിയില്‍ എങ്ങനെ സംരക്ഷിക്കപ്പെടണം എന്നതിനെക്കാള്‍ സുവിശേഷം പ്രഘോഷിക്കാന്‍ പരിധികള്‍ക്ക് അപ്പുറവുമുള്ളൊരു വിസ്തൃതമായ കാഴ്ചപ്പാടാണ് കുടിയേറ്റത്തിന്‍റെയും ആഗോളവത്ക്കരണത്തിന്‍റെയും ഒരു മഹാമാരിയുടെയും ഇക്കാലഘട്ടത്തില്‍ അജപാലകര്‍ കാണേണ്ടതെന്ന് കര്‍ദ്ദിനാള്‍ സ്തേല പ്രസ്താവിച്ചു.

2. അജപാലനമേഖലയില്‍ കാണുന്ന
ദാരിദ്ര്യത്തിന്‍റെ നവമായ രൂപങ്ങള്‍

സുവിശേഷവത്ക്കരണവും സാക്ഷ്യവും അജപാലകര്‍ക്കൊപ്പം ജ്ഞാനസ്നാം സ്വീകരിച്ചിട്ടുള്ള ഓരോ ഇടവകാംഗത്തിന്‍റെയും ദൗത്യമാകയാല്‍, ഇടവകയുടെ പരിധികള്‍ക്കപ്പുറവും ഇടവകയില്‍പ്പെടാത്ത അന്യമതസ്ഥര്‍, അവിടെ ഉപജീവനത്തിനായി അന്യദേശങ്ങളില്‍നിന്ന് കുടിയേറിയിട്ടുള്ളവര്‍, പാവങ്ങള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍, വ്രണിതാക്കളായ സഹോദരങ്ങള്‍ എന്നിവരിലേയ്ക്കും തിരിയണമെന്നതാണ് സഭയുടെ നവമായ നിര്‍ദ്ദേശവും കാഴ്ചപ്പാടും. കാരണം കാലത്തിന്‍റെ ആവശ്യങ്ങള്‍ വ്യത്യസ്തമാണെന്ന് കര്‍ദ്ദിനാള്‍ വിശദീകരിച്ചു. അതിനാല്‍ കാനോനീക സഭാപരിധികളും പ്രാദേശിക നിബന്ധനകളും നിലനില്ക്കെ, നവമായ സുവിശേഷവത്ക്കരണം കാലത്തിന്‍റെ നവമായ ദാരിദ്ര്യവും അതിന്‍റെ വിവിധ രൂപങ്ങളും (new forms of povery) ആവശ്യങ്ങളും കണക്കിലെടുത്ത് ഇന്നത്തെ അജപാലനശുശ്രൂഷയ്ക്കുള്ള നവമായ നിര്‍ദ്ദേശങ്ങള്‍ പഠിച്ചും മനസ്സിലാക്കിയും പ്രാദേശികമായി വ്യാഖ്യാനിക്കുവാനും പ്രായോഗികമാക്കുവാനും മെത്രാന്മാര്‍ക്ക് അവരുടെ വൈദികരോടു ചേര്‍ന്നു സാധിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് സ്തേല വ്യക്തമാക്കി.

3. മാറ്റങ്ങള്‍ക്കു വിധേയമാകുന്ന കുടുംബങ്ങളും
പിന്‍തുണയ്ക്കേണ്ട അജപാലനസമൂഹവും

കുടുംബങ്ങള്‍ പ്രാദേശികമായ ഉപജീവനത്തിനും ജോലിക്കും മക്കളുടെ പഠനത്തിനും നിലനില്പിനുമായി സഞ്ചിരിക്കുക, മാറി താമസിക്കുക, താല്ക്കാലികമായി കുടിയേറുക (realtiy of mobility) എന്നത് ഇന്നിന്‍റെ ആവശ്യമായി മാറിയിരിക്കുകയാണ്. അതിനാള്‍ മാറ്റമില്ലാത്ത പരമ്പരാഗത മൂരാച്ചി ഘടനയായി ഇടവകകള്‍ നിലകൊള്ളാതെ രൂപതയുടെയും ഇടവകയുടെയും ഘടനകളില്‍ ജനങ്ങളുടെ കാലികമായ ആവശ്യങ്ങളെ ആധാരമാക്കിയുള്ള നീക്കങ്ങളെ മാനിക്കുന്ന നവീകരണവും, പുനര്‍രൂപീകരണങ്ങളും  നടപ്പാക്കേണ്ടതാണെന്ന് ഇറ്റലിക്കാരനായ കര്‍ദ്ദിനാള്‍ സ്തേല ആഹ്വാനംചെയ്തു.

4. ഇടവകയെ ലാഭത്തിനുള്ള കമ്പനിയാക്കരുത്!
ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയല്ല (Corporate Agency) സഭയെന്നും സമൂഹത്തിന്‍റെയും കുടുംബങ്ങളുടെ കൂട്ടായ്മയുടെയും ഭാഗമായിരിക്കണം ഇടവകകളെന്നും, അതുവഴി കൂട്ടായ്മയില്‍ ജീവിക്കുവാനും ഒരുമയോടെ നിലനില്ക്കുവാനും, ദൈവത്തിന്‍റെ മുഖകാന്തി തെളിയിച്ചുകൊണ്ടു ജീവിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് അജപാലനസമൂഹമെന്നും കര്‍ദ്ദിനാള്‍ അനുസ്മരിപ്പിച്ചു. അതിനാല്‍ വ്യക്തിതാല്പര്യങ്ങളെയും സ്വന്തം കുടുംബത്തിന്‍റെ താല്പര്യങ്ങളെയുംകാള്‍ വൈദികര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയുടെയും മാനവിക കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മയാണ് ലക്ഷ്യംവയ്ക്കേണ്ടത് എന്ന സത്യം മറന്നുപോകരുതെന്നും കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.

5. അതിരുകള്‍ക്ക് അപ്പുറമെത്തേണ്ട
അനിവാര്യമായ വീക്ഷണം

ഒരു മിഷണറി അല്ലെങ്കില്‍ പ്രേഷിതന്‍ സ്വന്തം വീടും തോട്ടവും, സുഖസൗകര്യങ്ങളും മാറ്റിവച്ച് ക്രൈസ്തവ വിശ്വാസത്തിന്‍റെ മനോഹാരിതയും സുവിശേഷത്തിന്‍റെ സന്തോഷവും പ്രസിരിപ്പിക്കുമാറ് ജീവിക്കണമെന്നും സഭയുടെ നവമായ നിര്‍ദ്ദേശങ്ങളെ ആധാരമാക്കി മാറ്റങ്ങള്‍ നടപ്പിലാക്കണമെന്നും കര്‍ദ്ദിനാള്‍ സ്തേല ഉദ്ബോധിപ്പിച്ചു. അതിനാല്‍ തന്‍റെ ഇടവകക്കാരും ഇടവകാതിര്‍ത്തിയും എന്ന സങ്കുചിതമായ പരിധിക്കും അപ്പുറം അജപാലകര്‍ക്ക് ഇന്ന് ഉണ്ടായിരിക്കേണ്ടത് ക്രിസ്തുവിന്‍റെ തുറവുള്ള വീക്ഷണമാണെന്ന് നവമായ അജപാലന വെല്ലുവിളികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ സ്തേല അഭിമുഖം ഉപസംഹരിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2020, 13:28