Pope: video message Pope: video message 

ആരും ഒറ്റയ്ക്കാണെന്നു ചിന്തിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ്

കപ്പലിലും കടലിലുമായി ദീര്‍ഘനാള്‍ ജോലിചെയ്യുന്നവര്‍ക്ക് ഒരു സാന്ത്വനസന്ദേശം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. തീരത്ത് അടുക്കാനാവാതെ കഴിയുന്നവര്‍
ജൂണ്‍ 16-Ɔο തിയതി ചൊവ്വാഴ്ച കപ്പല്‍ ജീവനക്കാര്‍ക്കും ദീര്‍ഘനാള്‍ കടലില്‍ മത്സബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അയച്ച ഹ്രസ്വ-വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. മഹാമാരിയുടെ പ്രതിസന്ധിയില്‍ തീരത്ത് അടുക്കാനാവാതെ ഒത്തിരിനാള്‍ കടലില്‍ കഴിയേണ്ടിവരികയും, സ്വന്തം നാട്ടില്‍നിന്നും കുടുംബത്തില്‍നിന്നും അകന്ന് കടലില്‍ കഴിയുകയും ചെയ്യേണ്ടിവരുന്നവര്‍ക്കാണ് മഹാമാരിയുടെ കാലത്ത് പാപ്പാ ഈ സന്ദേശം പ്രത്യേകമായി അയച്ചത്.

2. പ്രാര്‍ത്ഥനയില്‍ തുണയാകുന്ന ക്രിസ്തുസാന്നിദ്ധ്യം
മുന്‍പൊരിക്കലും ഇല്ലാത്തൊരു പ്രതിസന്ധിയാണ് എല്ലാവരും ഈ നാളുകളില്‍ അനുഭവിക്കുന്നതെന്ന് പാപ്പാ ആമുഖമായി പറഞ്ഞു. എന്നാല്‍ ആരും ഒറ്റയ്ക്കല്ലെന്നു പറയുവാനും, കടല്‍യാത്രയിലും അതുമായി ബന്ധപ്പെട്ട ജോലികളിലും വ്യാപൃതരായിരിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും താന്‍ പ്രത്യേകമായി അനുസ്മരിക്കുകയും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ അറിയിച്ചു. താന്‍ മാത്രമല്ല, കടലില്‍ ജോലിചെയ്യുന്നവര്‍ക്കായി ഓരോ തുറമുഖത്തും നിയോഗിച്ചിട്ടുള്ള ശുശ്രൂഷകരായ വൈദികരും, സമുദ്രതാരമായ കന്യകാനാഥയുടെ (Stella Maris) പ്രേഷിതരും സന്നദ്ധസേവകരുമായ സഹോദരങ്ങളും അവര്‍ക്കുവേണ്ടിയും കുടുംബങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായി പാപ്പാ അറിയിച്ചു.

സുവിശേഷസംഭവങ്ങള്‍ പലതും രേഖപ്പെടുത്തിയിട്ടുള്ളതുപോലെ ജീവിതത്തോണിയുടെ പ്രക്ഷുബ്ധമായ സമയങ്ങളില്‍  കടല്‍ ജീവനക്കാരായിരുന്ന  തന്‍റെ  ശിഷ്യന്മാരുടെകൂടെ ഈശോ അഭയവും സമാശ്വാസവുമായി ഉണ്ടായിരുന്നുവെന്ന കാര്യം ഓര്‍ക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

3. സമുദ്രതാരമായ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം
പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ കപ്പല്‍ ജോലിക്കാര്‍ക്കും മത്സ്യബന്ധനത്തിനായി ദീര്‍ഘനാള്‍ ആഴക്കടലില്‍ ചെലവഴിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറ്റു സഹായികള്‍ക്കും ആത്മീയ ശുശ്രൂഷകര്‍ക്കും പ്രത്യാശയുടെയും സമാശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനാസാമീപ്യം എപ്പോഴും ഉറപ്പുനല്കുന്നതായി പാപ്പാ പ്രസ്താവിച്ചു. കലങ്ങിമറിഞ്ഞ ഇന്നിന്‍റെ ജീവിതചുറ്റുപാടില്‍ സകലരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സമുദ്രതാരമായ കന്യകാനാഥ സകലര്‍ക്കും വഴികാട്ടിയാവട്ടെയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ട്, അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 June 2020, 12:25