Papa Giovanni XXIII  Papa Giovanni XXIII  

വത്തിക്കാന്‍റെ ക്രൈസ്തവൈക്യ സംരംഭത്തിന് അറുപതു വയസ്സ്

പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉദ്ദ്യോഗസ്ഥന്‍, മോണ്‍സീഞ്ഞോര്‍ ജുവാന്‍ ഗോമസുമായുള്ള അഭിമുഖത്തില്‍നിന്ന്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഇതര സഭകളുമായുള്ള ബന്ധത്തിന്
ഒരു സെക്രട്ടേറിയേറ്റ്

1960 ജൂണ്‍ 6-ന് ജോണ്‍ 23-Ɔമന്‍ പാപ്പായാണ് ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായ് ആദ്യമായി ഒരു സെക്രട്ടേറിയേറ്റ് (Secretariat for Relationship with other christian churches) ആഗോളസഭയില്‍ തുറന്നതെന്ന് ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ (Pontifical Council for Christian Unity) സേവനംചെയ്യുന്ന മോണ്‍സീഞ്ഞോര്‍ ജുവാന്‍ ഗോമസ് ജൂണ് 4-ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ അനുസ്മരിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ഒരുക്കമായി - ഇതര ക്രൈസ്തവ സഭാസമൂഹങ്ങളുമായി ബന്ധപ്പെടുവാനും, ഐക്യത്തിന്‍റെ വഴികള്‍ തെളിയിക്കുവാനുംവേണ്ടി ധിഷണാശാലിയും ദീര്‍ഘവീക്ഷണമുള്ള അന്നത്തെ ജോണ്‍ 23-Ɔമന്‍ പാപ്പായാണ് സഭൈക്യ കാര്യങ്ങള്‍ക്കായി ഒരു സെക്രട്ടേറിയേറ്റിന് തുടക്കമിട്ടതെന്ന് മോണ്‍. ജുവാന്‍ വിശദീകരിച്ചു.

2. “എക്യുമേനിക്കല്‍ കൗണ്‍സില്‍”
1960-Ɔമാണ്ടിലെ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളായ ജനുവരി 25-ന് ശ്ലീഹായുടെ നാമത്തില്‍ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍വെച്ചാണ് വത്തിക്കാനില്‍ ആസന്നഭാവിയില്‍ സംഗമിക്കാവാന്‍ പോകുന്ന രണ്ടാമത്തെ കൗണ്‍സിലിനെക്കുറിച്ച് (Vatican II Council) ജോണ്‍ 23-Ɔമന്‍ പാപ്പാ പ്രഖ്യാപനം നടത്തിയത്. “എക്യുമേനിക്കല്‍ കൗണ്‍സില്‍” എന്നാണ് വിശുദ്ധനായ പാപ്പാ റങ്കോളി താന്‍ വിളിച്ചുകൂട്ടാന്‍ പോകുന്ന സഭാപിതാക്കാന്മാരുടെ സമ്മേളനത്തെ വിശേഷിപ്പിച്ചതെന്ന് മോണ്‍സീഞ്ഞോര്‍ ജുവാന്‍ ചൂണ്ടിക്കാട്ടി. സഭകളുടെ ഐക്യത്തിനായി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നല്കുവാന്‍പോകുന്ന വലിയ പ്രാധാനം ആ പ്രയോഗത്തില്‍, എക്യുമേനിക്കല്‍ കൗണ്‍സില്‍ (Ecumencial Council) എന്ന പ്രയോഗത്തില്‍ വ്യക്തമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ നല്കുവാന്‍ ഉദ്ദേശിക്കുന്ന സഭൈക്യത്തിന്‍റെ പ്രാധാന്യം മനസ്സിലേറ്റിക്കൊണ്ടുതന്നെയാണ്, വര്‍ഷങ്ങള്‍ക്കുമുന്നേ പാപ്പാ റങ്കോളി സഭൈക്യ കാര്യങ്ങളെ സംബന്ധിച്ച് സെക്രട്ടേറിയേറ്റ് സ്ഥാപിച്ചതെന്ന് മോണ്‍സീഞ്ഞോര്‍ ജുവാന്‍ വ്യക്തമാക്കി.

3. ഇതര സഭകളുമായുള്ള ബന്ധത്തിനായി
തുടക്കമിട്ട സെക്രട്ടേറിയേറ്റ്

ഇതര ക്രൈസ്തവ സഭകളുമായി ബന്ധത്തില്‍ ഏര്‍പ്പെടുവാനും, രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ സമര്‍പ്പിക്കുവാനുള്ള സഭകളുടെ ഐക്യം സംബന്ധിച്ച പ്രാണരേഖയുടെ കരഡുരൂപം തയ്യാറാക്കുക, പിന്നീട് സഭകളുടെ ഐക്യത്തിനായുള്ള ഡിക്രി (Unitates Redintegratio) ഒരുക്കുക എന്നീ ഉത്തരവാദിത്ത്വങ്ങളും സെക്രട്ടറിയേറ്റില്‍ നിക്ഷിപ്തമായിരുന്നുവെന്ന് മോണ്‍. ജുവാന്‍ ഗോമസ് വ്യക്തമാക്കി. അതുപോലെ കൗണ്‍സിലിനുവേണ്ടി അക്രൈസ്തവ മതങ്ങളുമായുള്ള ബന്ധം നിര്‍വ്വചിക്കുന്ന പ്രമാണരേഖ (Nostra Aetatae) തയ്യാറാക്കുന്നതിലും ക്രൈസ്തവൈക്യത്തിനായുള്ള സെക്രട്ടേറിയേറ്റ് വലിയ പങ്കുവഹിച്ചിട്ടുള്ളതായി മോണ്‍. ജുവാന്‍ ഗോമസ് പ്രസ്താവിച്ചു. അതുപോലെ മതസ്വാതന്ത്ര്യം സംബന്ധിച്ച കൗണ്‍സിലിന്‍റെ പ്രഖ്യാപനം (Declaration about Religious Freedom) ഒരുക്കുന്നതിലും സെക്രട്ടേറിയേറ്റ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മോണ്‍. ജുവാന്‍ സാക്ഷ്യപ്പെടുത്തി.

4. ദൃശ്യമായ ഐക്യത്തിനുള്ള നിരന്തരമായ പരിശ്രമം
ക്രിസ്തുവിന്‍റെ വീക്ഷണത്തില്‍ അവിടുന്ന് ആവിഷ്ക്കരിച്ചതുപോലെ സഭയെ പുനരാവിഷ്ക്കരിക്കുവാനും പുനര്‍നിര്‍മ്മിക്കുവാനുമുള്ള ശക്തിയാണ് സഭൈക്യ സംരംഭം. ഈ പ്രക്രിയ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെയും അവിടുത്തെ വചനത്തോടുള്ള വിശ്വസ്തതയുടെയും അടയാളമാണെന്ന് മോണ്‍. ജുവാന്‍ വിശദീകരിച്ചു. ക്രിസ്തു തന്‍റെ പീഡാസഹനത്തിനുമുന്‍പ് പ്രാര്‍ത്ഥിച്ചത് സകലരും ഒന്നായിരിക്കുന്നതിനുവേണ്ടിയാണ്. അതിനാല്‍ സഭൈക്യ സംരംഭം ക്രിസ്തീയ കൂട്ടായ്മയ്ക്കായുള്ള ഒരു വിശ്വാസപ്രകരണമാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ക്രിസ്തുവിലുള്ള വിശ്വാസവും അവിടുത്തെ സഭയോടുള്ള സ്നേഹത്തിന്‍റെ പ്രതീകവുമാണ് സഭൈക്യ സംരംഭം. അതിനാല്‍ ക്രിസ്തുവിന്‍റെ ശിഷ്യരുടെതന്നെ മദ്ധ്യേയുള്ള പ്രവര്‍ത്തനവും, ദൃശ്യമായ ഐക്യത്തിനായുള്ള നിരന്തരമായ പരിശ്രമവുമാണതെന്നും മോണ്‍. ജുവാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

5. അകന്നുപോയെ കണ്ണികളെ കൂട്ടിയിണക്കാന്‍
നൂറ്റാണ്ടുകളായി സഭയുമായുള്ള ഇതര ക്രൈസ്തവ മക്കളുടെ ബന്ധത്തില്‍ മനസ്സിലേറ്റിയേക്കാവുന്ന ബാഹ്യവും ആന്തരികവുമായ മുറിവുകള്‍ സൗഖ്യപ്പെടുത്തുവാനുള്ള ശ്രമമാണ് ആധുനികകാലത്തെ കൗണ്‍സില്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുടക്കമിട്ടത്. ഈ കഴിഞ്ഞ 60 വര്‍ഷക്കാലമായി കാര്യക്ഷമമായി തുടരുന്ന സഭൈക്യ നീക്കങ്ങള്‍ ശ്രദ്ധേയമാണ്. നാളുകളായി കത്തോലിക്ക സഭയും ഇതര സഭകളും തമ്മിലുള്ള ബന്ധങ്ങളില്‍ വന്നുകൂടിയിട്ടുള്ള അകല്‍ച്ചയും വിള്ളലുംമൂലം, പരസ്പരം അറിയാതെ അകന്നുപോയവര്‍ അടുത്തു വന്നിട്ടുണ്ട്. അന്യോന്യം വെറുപ്പു പ്രകടമാക്കിയിരുന്നവര്‍ തമ്മില്‍ സ്നേഹിക്കുവാനും സംവദിക്കുവാനും തുടങ്ങിയിട്ടുണ്ട്. അങ്ങനെ ക്രിസ്തു വിഭാവനംചെയ്ത ഐക്യത്തിന്‍റെ പാതയിലെ നേട്ടങ്ങളാണ് ആറു പതിറ്റാണ്ടുകാലത്തെ കൂട്ടായ്മയുടെ ഫലമെന്ന് മോണ്‍. ജുവാന്‍ ഗോമസ് ചൂണ്ടിക്കാട്ടി.

6. ക്രിസ്തുവിന്‍റെ രക്തത്തില്‍ വളര്‍ന്ന സാഹോദര്യം
സഭൈക്യ സംവാദത്തിലൂടെ...,  അങ്ങനെ പരസ്പരം അറിഞ്ഞവര്‍ പൊതുവായ കാര്യങ്ങളില്‍ സഹകരിക്കുകയും സഹോദരങ്ങളായി ഇന്ന് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്തുവിന്‍റെ രക്തത്തില്‍ നാം സഹോദരങ്ങളാണ് എന്ന പൊതുവായ നിലപാടില്‍ സഭൈക്യം സംരംഭം എത്തിക്കഴിഞ്ഞു. പ്രാര്‍ത്ഥനയിലും വിശ്വാസത്തിന്‍റെ പൊതുമേഖലയിലും, ആരാധനക്രമ കാര്യങ്ങളിലും ദൈവശാസ്ത്രത്തിന്‍റെ മേഖലയിലും സഭയ്ക്ക് ഇന്ന് ഇതര സഭകളുമായി ക്രമമായും കൃത്യമായും ഒരുമിച്ചുകൂടാന്‍ സംവിധാനങ്ങളുണ്ടെന്ന് മോണ്‍. ജുവാന്‍ വിശദീകരിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 June 2020, 09:57