2020.06.24 - BEATA VIRGINE di fatima 2020.06.24 - BEATA VIRGINE di fatima 

“ലുത്തീനിയാ”യിലെ പുതിയ യാചനകള്‍ മനുഷ്യരുടെ ഹൃദയസ്പന്ദനങ്ങള്‍

ദൈവമാതാവിന്‍റെ പ്രാര്‍ത്ഥനാമാലികയില്‍ പാപ്പാ ഫ്രാന്‍സിസ് വരുത്തിയ നവീകരണത്തെക്കുറിച്ച്....

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. കാലികമായ ആവശ്യങ്ങള്‍ കണക്കിലെടുത്ത്
ലോകത്തിന്‍റെ കാലികമായ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ദൈവമാതാവിന്‍റെ പ്രാര്‍ത്ഥനാമാലികയില്‍ മൂന്നു പ്രത്യേക യാചനകള്‍കൂടി കൂട്ടിച്ചേര്‍ത്തതെന്ന് ആരാധനക്രമകാര്യങ്ങള്‍ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ആര്‍തര്‍ റോഷ് പ്രസ്താവിച്ചു. ജൂണ്‍ 22 ചൊവ്വാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് ദൈവമാതാവിന്‍റെ ലുത്തീനിയയില്‍ അല്ലെങ്കില്‍ പ്രാര്‍ത്ഥനാമാലികയില്‍ പാപ്പാ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്ത മൂന്നു പുതിയ യാചനകളെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് റോഷ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2. എന്നും മാതൃസഹായം തേടുന്ന സഭാപാരമ്പര്യം
സഭ ഒരു തീര്‍ത്ഥാടകയായിട്ടാണ് ചരിത്രത്തിന്‍റെ വഴികളിലൂടെ നീങ്ങുന്നത്. ഈ യാത്ര ഭൂമിയിലാണെങ്കിലും, നിത്യത തേടിയുളള യാത്രയാണിതെന്ന് അദ്ദേഹം വിവരിച്ചു. ലോകരക്ഷകനായ ക്രിസ്തുവിനെ അനുകരിച്ചുകൊണ്ടും, അവിടുന്നുമായുള്ള അഭേദ്യമായ കൂട്ടായ്മ അനുഭവിച്ചുകൊണ്ടുമാണ് ഈ ഭൗമികയാത്ര. എന്നാല്‍ തന്‍റെ പുത്രനായ ക്രിസ്തുവിനോടും, ദൈവവചനത്തോടും പരിപൂര്‍ണ്ണ വിശ്വസ്തതയും വിധേയത്വവും കാണിച്ച പരിശുദ്ധ കന്യകാനാഥ മനുഷ്യകുലത്തിന് ഈ ജീവിതയാത്രയില്‍ തുണയും മാതൃകയും മാദ്ധ്യസ്ഥയുമായി സഭ സ്വീകരിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് റോഷ് വ്യക്തമാക്കി. സുവിശേഷത്തില്‍നിന്ന് നാം മനസ്സിലാക്കുന്നതു പ്രകാരം സഭയുടെ ആരംഭംമുതലേ  യേശുവിന്‍റെ ശിഷ്യന്മാര്‍ കന്യകാനാഥയെ “സ്ത്രീകളില്‍ അനുഗ്രൃഹീത”യായി സ്തുതിക്കുകയും ഈ അമ്മയുടെ മാതൃസഹായത്തില്‍ ആശ്രയിക്കുകയും ചെയ്തുപോന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

3. ദൈവമാതാവിന്‍റെ എണ്ണമറ്റ സ്തുതിപ്പുകള്‍
ക്രിസ്തുവുമായി ഐക്യപ്പെടുവാനും അവിടുത്തെ അനുഗ്രഹം തേടുവാനും  ഉറപ്പുള്ള വഴിയായി നൂറ്റാണ്ടുകളായി ക്രൈസ്തവമക്കള്‍ വിശ്വാസപൂര്‍വ്വം കന്യകാനാഥയെ എണ്ണമറ്റ സ്തുതികളാലും, വിശേഷണങ്ങളാലും, അപദാനങ്ങളാലും വിശേഷിപ്പിക്കുകയും വിളിച്ചപേക്ഷിക്കുകയും ചെയ്തുപോന്നു. ഏറെ ആശങ്കയും ഭീതിയും അനിശ്ചിതത്ത്വവും ഇടതോര്‍ന്നു നില്ക്കുന്ന ഇക്കാലയളവിലും പൂര്‍ണ്ണവാത്സല്യത്തോടും വിശ്വാസത്തോടും ഭക്തിയോടുംകൂടെ യേശുവിന്‍റെ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടണമെന്നത് ദൈവജനത്തിന്‍റെ ഹൃദയത്തില്‍ ഉയരുന്ന തീവ്രമായ അഭിലാഷമാണെന്ന് ആര്‍ച്ചുബിഷപ്പ് റോഷ് ചൂണ്ടിക്കാട്ടി. വിശ്വാസികളുടെ ഈ വികാരം വിവേചിച്ചറിഞ്ഞും, ഈ ആത്മീയാഭിലാഷം ഉള്‍ക്കൊണ്ടും പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം തേടുന്ന നിലവിലുള്ള പ്രാര്‍ത്ഥനാ മാലികയോടു മൂന്നു യാചനകള്‍കൂടി ലോകം അനുഭവിക്കുന്ന മഹാമാരിയുടെ ക്ലേശങ്ങള്‍ കണക്കിലെടുത്ത് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായതെന്ന് ആര്‍ച്ചുബിഷപ്പ് റോഷ് വ്യക്തമാക്കി.

4. മൂന്നു പുതിയ ജപമണികളുടെ സ്ഥാനങ്ങള്‍
മൂന്നു യാചനകളും ദൈവമാതാവിന്‍റെ പ്രാര്‍ത്ഥനാമാലികയില്‍ ചേര്‍ക്കേണ്ട സ്ഥാനങ്ങളും പാപ്പാ തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. അതുപ്രകാരം ആദ്യമായി “പ്രത്യാശയുടെ മാതാവേ…,” എന്ന യാചന ലുത്തിനിയായുടെ ആദ്യഭാഗത്ത് ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എന്ന യാചനയ്ക്കുശേഷവും, തുടര്‍ന്ന് “കാരുണ്യത്തിന്‍റെ മാതാവേ…” എന്ന യാചന തിരുസഭയുടെ മാതാവേ എന്ന യാചനയ്ക്കുശേഷവും, മൂന്നാമതായി “അഭയാര്‍ത്ഥികളുടെ ആശ്വാസമേ…” എന്ന യാചന പാപികളുടെ സങ്കേതമേ എന്ന യാചനയ്ക്കുശേഷവും കൂട്ടിച്ചേര്‍ക്കണമെന്നതാണ് പാപ്പായുടെ നിര്‍ദ്ദേശം. 2020 ജൂണ്‍ 20, പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിമലഹൃദത്തിരുനാളില്‍ ആരാധനക്രമകാര്യങ്ങള്‍ക്കും കൂദാശകള്‍ക്കുമുള്ള വത്തിക്കാന്‍ സംഘം പുറപ്പെടുവിച്ച കത്തിലൂടെയാണ് പാപ്പായുടെ നവമായ ഈ പ്രബോധനം ആഗോളതലത്തില്‍ മെത്രാന്‍ സംഘങ്ങളുടെ തലവന്മാര്‍വഴി ലോകമെമ്പാടുമുള്ള സഭാമക്കളെ അറിയിച്ചിട്ടുള്ളത്. 

5. ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനാമാലിക
(Litany)
(പുതിയ മൂന്നു യാചകള്‍ യഥാസ്ഥാനങ്ങളില്‍ ചേര്‍ത്തിട്ടുള്ളത്) :

a) കര്‍ത്താവേ അനുഗ്രഹിക്കണമേ – കര്‍ത്താവേ...
മിശിഹായേ അനുഗ്രഹിക്കണമേ – മിശിഹായേ...
കര്‍ത്താവേ അനുഗ്രഹിക്കണമേ - കര്‍ത്താവേ...
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഭൂലോക രക്ഷകനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

b)  പരിശുദ്ധ മറിയമേ,
ദൈവകുമാരന്‍റെ  പരിശുദ്ധ ജനനീ,
കന്യകകള്‍ക്കു മകുടമായ നിര്‍മ്മലകന്യകേ,
 മിശിഹായുടെ മാതാവേ,
ദൈവവരപ്രസാദത്തിന്‍റെ മാതാവേ,
* പ്രത്യാശയുടെ മാതാവേ,  (Mater spei)
അത്യന്ത വിരക്തയായ മാതാവേ,
കളങ്കമറ്റ മാതാവേ,
കന്യാത്വത്തിന് ഭംഗവരാത്ത മാതാവേ,
സ്നേഹത്തിന‍് ഏറ്റം യോഗ്യയായ മാതാവേ,
അത്ഭുതത്തിനു വിഷയമായ മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സൃഷ്ടാവിന്‍റെ മാതാവേ,
രക്ഷകന്‍റെ മാതാവേ,
തിരുസഭയുടെ മാതാവേ,
* കരുണ്യത്തിന്‍റെ മാതാവേ, (Mater misericordiae)

c) ഏറ്റവും വിവേകമതിയായ കന്യകേ,
വളണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,
സ്തുതിക്കു യോഗ്യയായ കന്യകേ,
മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,
ഏറ്റവും വിശ്വസ്തയായ കന്യകേ,

നീതിയുടെ ദര്‍ണപ്പമേ,
ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ,
ആദ്ധ്യാത്മിക പാതമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാ പുഷ്പമേ,
ദാവീദിന്‍റെ കോട്ടയേ,
നിര്‍മ്മലദന്തംകൊണ്ടുള്ള കോട്ടയേ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പേടകമേ,
സ്വര്‍ഗ്ഗത്തിന്‍റെ വാതിലേ,
ഉഷഃകാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
* അഭയാര്‍ത്ഥികളുടെ ആശ്വാസമേ, (Solacium migrantium)
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,

d) മാലാഖമാരുടെ രാജ്ഞീ,
പൂര്‍വ്വപിതാക്കന്മാരുടെ രാജ്ഞീ,
ദീര്‍ഘദര്‍ശികളുടെ രാജ്ഞീ,
ശ്ലീഹന്മാരുടെ രാജ്ഞീ,
രക്തസാക്ഷികളുടെ രാജ്ഞീ
വന്ദകന്മാരുടെ രാജ്ഞീ,
കന്യകകളുടെ രാജ്ഞീ,
സകല വിശുദ്ധരുടേയും രാജ്ഞീ,
അമലോത്ഭവയായ രാജ്ഞീ,
സ്വര്‍ഗ്ഗാരോപിതയായ രാജ്ഞീ,
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,
സമാധാനത്തിന്‍റെ രാജ്ഞീ,

e) ലോകത്തിന്‍റെ പാപങ്ങള്‍‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ!
ലോകത്തിന്‍റെ പാപങ്ങള്‍‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!
ലോകത്തിന്‍റെ പാപങ്ങള്‍‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ അനുഗ്രഹിക്കണമേ!
സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണയായ മതാവേ, ഇതാ, ഞങ്ങള്‍ നിന്നില്‍ അഭയംതേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ. ആമേന്‍.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍, സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ!

6. സമാപന പ്രാര്‍ത്ഥന
കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തന്നരുളണമേ! ആമ്മേന്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2020, 13:27