2018.01.16 Petersdom 2018.01.16 Petersdom  

വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനത്തില്‍ അഴിച്ചുപണികള്‍

മെയ് 20-ന് വത്തിക്കാന്‍ പുനര്‍വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

സാമ്പത്തിക സംവിധാനങ്ങളുടെ ഏകോപനം
പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃക സ്വത്തുക്കളുടെ ഭരണകാര്യങ്ങള്‍ ഇന്നാള്‍വരെയും നിര്‍വ്വഹിച്ചുപോന്ന പ്രസ്ഥാനത്തില്‍നിന്നും (Administration of Patrimony of the Apostolic See - APSA) വസ്തുവകകളുടെ കണക്കുവിവരങ്ങളുള്ള സാങ്കേതിക സംവിധാനങ്ങളും അതുമായി ബന്ധപ്പെട്ട ജോലിക്കാരും നവമായി സ്ഥാപിച്ചിട്ടുള്ള വത്തിക്കാന്‍റെ സാമ്പത്തിക കാര്യാലയത്തിന് (Secretariat for Financial Administration of Vatican) കൈമാറ്റംചെയ്ത പുനര്‍വിജ്ഞാപനം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ മെയ് 20-ന് പ്രസിദ്ധപ്പെടുത്തി.

രണ്ടു പ്രസ്ഥാനങ്ങളുടെയും  പ്രതിനിധികള്‍ പുനര്‍വിജ്ഞാപനത്തില്‍ ഒപ്പുവച്ചു. പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃക സ്വത്തുക്കളുടെ ഭരണകാര്യാലയത്തിനുവേണ്ടി ആര്‍ച്ചുബിഷപ്പ് നൂണ്‍ഷ്യോ ഗലന്തീനോയും വത്തിക്കാന്‍റെ നവമായ സാമ്പത്തിക കാര്യാലയത്തിന്‍റെ പ്രീഫെക്ട് ഫാദര്‍ ജുവാന്‍ അന്തോണിയോ ഗ്വരേരോ എസ്.ജെ.-യുമാണ്  വസ്തുവകകളുടെ രേഖകള്‍ കൈമാറിയ കരാറില്‍ ഒപ്പുവച്ചത്.

നവീകരണപദ്ധതിയുടെ ഭാഗമായ ക്രമീകരണം
വത്തിക്കാന്‍റെ സ്ഥാവര-ജംഗമ സ്വത്തുക്കളും, അതുമായി ബന്ധപ്പെട്ട പണമിടപാടുകളും പൂര്‍വ്വകാലങ്ങളില്‍ നടത്തിയിരുന്ന വലിയ സംവിധാനത്തില്‍നിന്നാണ് നവീകരിച്ച സഭയുടെ പുതിയ സംവാധാനത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് കൈമാറുന്നത്. 2014-ല്‍ സഭാനവീകരണത്തിന്‍റെ ഭാഗമായിട്ടാണ് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന് (Dicastery for Financial Affairs of Vatican) പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടത്. നവമായ ഉടമ്പടി പ്രകാരമുള്ള മാറ്റങ്ങള്‍ 2020 ജൂണ്‍ ഒന്നുമുതല്‍ നടപ്പില്‍വരുമെന്നും പുനര്‍വിജ്ഞാപനം വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2020, 09:34