EUROPE-MIGRANTS-ITALY-SPAIN-NORWAY-EU EUROPE-MIGRANTS-ITALY-SPAIN-NORWAY-EU 

മാള്‍ട്ട അപ്പസ്തോലിക സന്ദര്‍ശനം റദ്ദാക്കിയതില്‍ ഖേദം

മാള്‍ട്ടയിലെ ഈശോസഭാംഗവും അഭയാര്‍ത്ഥികളുടെ പ്രേഷിതനും, ഫാദര്‍ ഒലിവര്‍ ബോര്‍ഗുമായി അഭിമുഖം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. റദ്ദാക്കിയ മാള്‍ട്ട അപ്പസ്തോലിക യാത്ര
ഏപ്രില്‍ 29-ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ ബോര്‍ഗ് പാപ്പായുടെ മാള്‍ട്ട സന്ദര്‍ശനത്തെക്കുറിച്ചു പ്രസ്താവിച്ചത്. ഒരുസഹസ്രാബ്ദത്തിനും അപ്പുറം മാള്‍ട്ടയുടെ തീരങ്ങളില്‍ കപ്പല്‍ തകര്‍ന്ന അവസ്ഥയില്‍ അഭയാര്‍ത്ഥിയായി എത്തിച്ചേര്‍ന്ന പൗലോസ് അപ്പസ്തോലന്‍റെ ഓര്‍മ്മയിലാണ് പാപ്പാ ഫ്രാന്‍സിസ് മാള്‍ട്ട സന്ദര്‍ശനത്തിന് ഒരുങ്ങിയത്. “അവര്‍ തങ്ങളോട് അനിതരസാധാരണമായ കാരുണ്യം കാട്ടി,” (നടപടി 28, 2) എന്ന പ്രമേയവുമായി മെയ് 31-ന്  സന്ദര്‍ശിക്കുവാനായിരുന്നു  ഒരുങ്ങിയത്.  എന്നാല്‍ എവിടെയും പൊട്ടിപ്പുറപ്പെട്ട മഹാമാരിയുടെ പ്രതിസന്ധിയില്‍ സന്ദര്‍ശനം റ‍ദ്ദാക്കിയതില്‍ ഖേദമുണ്ടെന്നും, പാപ്പായുടെ സന്ദര്‍ശനം മാള്‍ട്ടയില്‍ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റക്കാരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ശരിയായ അവബോധം ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഒരുപോലെ നല്കുവാന്‍ അപ്പസ്തോലിക സന്ദര്‍ശനം സഹായകമായേനെയെന്ന് ഫാദര്‍ ബോര്‍ഗ് അഭിപ്രായപ്പെട്ടു.

2. അഭയം തേടിയെത്തുന്നവരോട് കരുണകാട്ടാം
ഇന്ന് മാള്‍ട്ടപോലെ പലരാജ്യങ്ങളും കുടിയേറ്റത്തെ തടയുന്നുണ്ട്. എന്നാല്‍ കുടിയേറ്റവും അഭയം തേടിയുള്ള യാത്രയും മാനവികതയുടെ അനിവാര്യമായ പ്രതിഭാസമാണെന്ന് ഈശോസഭയുടെ മാള്‍ട്ടയിലെ അഭയാര്‍ത്ഥികേന്ദ്രത്തിന്‍റെ ഉത്തരവാദിത്തമുള്ള ഫാദര്‍ ബോര്‍ഗ് അഭിപ്രായപ്പെട്ടു. ഒന്നും രണ്ടും ലോകയുദ്ധങ്ങളെ തുടര്‍ന്ന് യൂറോപ്പില്‍നിന്നും കാനഡ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അമേരിക്ക എന്നി രാജ്യങ്ങളിലേയ്ക്ക് കുടിയേറിയവര്‍ക്ക് കയ്യുംകണക്കുമില്ലെന്ന് ഫാദര്‍ ബോര്‍ഗ് ചൂണ്ടിക്കാട്ടി. ഇന്ന് കാലാവസ്ഥക്കെടുതി, വരള്‍ച്ച, പ്രകൃതി ക്ഷോഭം, യുദ്ധം, അഭ്യന്തരകലാപം, മതപീഡനം, ഭീകരാക്രമണം എന്നിവമൂലം സ്വന്തം നാടും വീടുംവിട്ട് അന്യനാടുകളിലേയ്ക്കു കുടിയേറുവാന്‍ നിര്‍ബന്ധിതരാകുന്നവരാണ് അധികം ജനങ്ങളും. അവരെ സ്വീകരിക്കാതെ തള്ളിക്കളയുന്നതും, അവരോട് അവജ്ഞ കാണിക്കുന്നതും വിശ്വസാഹോദര്യത്തിന് നിരക്കാത്ത പ്രവൃത്തിയാണെന്ന് ഫാദര്‍ ബോര്‍ഗ് അഭിപ്രായപ്പെട്ടു.

3. സഭ സ്നേഹസാന്നിദ്ധ്യമാവണം
കൊറോണയുടെ കെടുതിയില്‍ ജനങ്ങളുടെ സമീപത്ത് ആയിരിക്കാന്‍ അജപാലകരോട് ആവശ്യപ്പെടുന്ന പാപ്പാ ഫ്രാന്‍സിസ്, ലോകത്തിനു ലഭ്യമാക്കുന്ന സാമൂഹ്യ ശ്രൃംഖലകളിലൂടെയുള്ള പ്രാര്‍ത്ഥനയും ദിവ്യബലിയും സന്ദേശങ്ങളും ഫലവത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ ക്ലേശിക്കുന്ന ജനങ്ങളെ സഹായിക്കുവാനും  ഉപവിപ്രവൃത്തികള്‍വഴിയും, പ്രാര്‍ത്ഥനയിലൂടെയും അവരുടെ സമീപത്തായിരിക്കുവാനും പ്രാദേശിക സഭകള്‍ ചെയ്യുന്ന ചെറുതും വലുതുമായ പദ്ധതികള്‍ ഏറെ ശ്ലാഘനീയമാണെന്ന് 45 വര്‍ഷക്കാലം മദ്ധ്യപൂര്‍വ്വദേശത്ത് പ്രവൃത്തിച്ചശേഷം മാള്‍ട്ടയില്‍ തിരിച്ചെത്തിയ ഫാദര്‍ ബോര്‍ഗ് ചൂണ്ടിക്കാട്ടി.

4. മെയ്മാസ റാണിയുടെ  മാദ്ധ്യസ്ഥ്യം തേടാം
മഹാമാരി തുടരുകയാണെങ്കില്‍  പൂര്‍ണ്ണമായും  വിനോദസഞ്ചാരത്തെ ആശ്രയിച്ചുള്ള മാള്‍ട്ടയുടെ സാമ്പത്തിക സംവിധാനങ്ങള്‍ തകരുകയും, ജനങ്ങള്‍ ഉപജീവനത്തിനു മാര്‍ഗ്ഗമില്ലാതാകുന്ന അവസ്ഥയിലേയ്ക്കു നീങ്ങുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. മെയ്മാസ മേരിയന്‍ വണക്കം ഈ പ്രതിസന്ധിയിലും ജനങ്ങള്‍ മാള്‍ട്ടയില്‍ ആചരിക്കുമെന്ന് ഫാദര്‍ ബോര്‍ഗ് പറഞ്ഞു. വീടുകളില്‍ മാധ്യമശ്രൃംഖലകളിലൂടെ പങ്കുചേരാന്‍ സാധിക്കുന്ന പ്രാര്‍ത്ഥനകള്‍ പൂര്‍വ്വോപരി ജനങ്ങളെ ദൈവചിന്തയുള്ളവരും പ്രാര്‍ത്ഥനാ ചൈതന്യമുള്ളവരുമാക്കുന്നുണ്ട്. തിരുക്കുടുംബത്തിന്‍റെ കുടിയേറ്റത്തില്‍ നായകിയായ അമ്മ, പരിശുദ്ധ കന്യകാമറിയം മാനവകുടുംബത്തിന്‍റെ പ്രതിസന്ധിയിലും ഭീതിദമാകുന്ന മഹാമാരിയിലും മദ്ധ്യസ്ഥയും തുണയുമാകുമെന്ന പ്രത്യാശയോടെയാണ് അഭിമുഖം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2020, 10:43