when Pope Francis anointed Cardinal Baldisseri and others on Ash Wednesday when Pope Francis anointed Cardinal Baldisseri and others on Ash Wednesday 

"ഇഷ്ടമുള്ളതു ചെയ്യുവാനുള്ളതല്ല ജീവിതം...!" - പാപ്പാ ഫ്രാന്‍സിസ്

ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ തനിമയാര്‍ന്ന വീക്ഷണം – ഈ വര്‍ഷത്തെ തപസ്സുകാല സന്ദേശത്തില്‍നിന്നും...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളുടെ സദ്വാര്‍ത്ത
ക്രിസ്തുവിന്‍റെ മരണോത്ഥാന രഹസ്യങ്ങളുടെ സദ്വാര്‍ത്തയാണ് ക്രൈസ്തവ ജീവിതത്തിന്‍റെ ആനന്ദത്തിന്‍റെ സ്രോതസ്സെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഈ തപസ്സുകാലത്തേയ്ക്ക് പ്രബോധിപ്പിച്ച സന്ദേശത്തിലാണ് പാപ്പാ ക്രിസ്തുവിന്‍റെ മരണോത്ഥാനങ്ങളുടെ അല്ലെങ്കില്‍ പെസഹാരഹസ്യത്തിന്‍റെ പ്രാമുഖ്യം ചൂണ്ടിക്കാണിക്കുന്നത്. വളരെ യഥാര്‍ത്ഥവും സത്യവും മൂര്‍ത്തവുമായ ഒരു സ്നേഹത്തിന്‍റെ ആകത്തുകയാണ് ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ സഭയിലെ പ്രബോധനവും പ്രബോധനാധികാരവുമെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. അത് നമ്മെ തുറവുള്ളതും ഫലദായകവുമായ ഒരു സാഹോദര്യ ബന്ധത്തിനായി ക്ഷണിക്കുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. (Christus Vivit, 117).

2. ജീവന്‍ നല്കുവാനും സമൃദ്ധമായ് നല്കുവാനും
എന്‍റെ ജീവിതം എനിക്കുള്ളതാണെന്നും ഇഷ്ടമുള്ളതു ചെയ്യുവാനുള്ളതുമാണ് എന്നുമുള്ള “നുണ” അല്ലെങ്കില്‍ “തെറ്റായ ചിന്ത”യില്‍ വിശ്വസിക്കുന്നവര്‍ ഉണ്ടെങ്കില്‍ അത്പാടെ ഉപേക്ഷിക്കുകതന്നെ വേണം. കാരണം, “ജീവന്‍ നല്കുവാനും അത് സമൃദ്ധമായി നല്കുവാനും…” എന്ന ദൈവപിതാവിന്‍റെ സ്നേഹത്തില്‍നിന്നും, ആഗ്രഹത്തില്‍നിന്നും ഉടലെടുക്കുന്നതാണ് നമ്മുടെ ജീവിതങ്ങള്‍ (യോഹ. 10, 10). മറിച്ച് “നുണയുടെ പിതാവായ പിശാചി”ന്‍റെ പ്രലോഭിപ്പിക്കുന്ന ശബ്ദം കേട്ട് നാം അലസമായി സ്വാര്‍ത്ഥതയില്‍ ജീവിക്കുന്നെങ്കില്‍, വ്യക്തിജീവിതത്തിലും മൊത്തമായി ജീവിതചുറ്റുപാടുകളിലും പരിതാപകരമായ സംഭവങ്ങളില്‍ കുടുങ്ങി, ജീവിതത്തിന്‍റെ അര്‍ത്ഥശൂന്യതയുടെ അഗാധങ്ങളില്‍ നാം നിപതിക്കുകയും, ഈ ജീവിതത്തില്‍ത്തന്നെ നരകം അനുഭവിക്കേണ്ടിവരുകയും ചെയ്യുമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. (യോഹ.8, 44).

3. കുമ്പസാരത്തെക്കുറിച്ച് പാപ്പായുടെ വീക്ഷണം
ക്രൂശിതനായ ക്രിസ്തുവില്‍ ദൃഷ്ടിപതിച്ച് വീണ്ടും വീണ്ടും നമുക്ക് അവിടുന്നില്‍ പരിരക്ഷിതരും നവീകൃതരുമാകാമെന്ന് പാപ്പാ സന്ദേശത്തില്‍ ആഹ്വാനംചെയ്തു. പാപങ്ങള്‍ കുമ്പസാരത്തില്‍ ഏറ്റുപറയുമ്പോള്‍, പാപങ്ങളില്‍നിന്നും, അവയുടെ കുറ്റബോധത്തില്‍നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമാക്കാന്‍ കരുത്തുള്ള ക്രിസ്തുവിന്‍റെ കാരുണ്യത്തില്‍ ഉറച്ചുവിശ്വസിക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അഗാധമായ സ്നേഹത്താല്‍ നമുക്കായി ചിന്തിയ അവിടുത്തെ തിരുരക്തത്തെ ധ്യാനിച്ച്, സകലരും പാപക്കറകള്‍ കഴുകി വിശുദ്ധീകരിക്കപ്പെടട്ടെയെന്നും, അങ്ങനെ ഈ തപസ്സിലൂടെ ക്രിസ്തുവില്‍ നവജീവന്‍ പ്രാപിക്കാമെന്നും പാപ്പാ ആഹ്വാനംചെയ്യുന്നു (Christus Vivit, 123).

4. പെസഹ ഒരു പഴങ്കഥയല്ല!
ക്രിസ്തുവിന്‍റെ പെസഹാചരണം ഒരു ഗതകാല സംഭവമായി കാണരുതെന്നും, അനുദിനജീവിതത്തില്‍ സഹിക്കുകയും യാതനകള്‍ അനുഭവിക്കുകയും ചെയ്യുന്നവരെ വിശ്വാസത്തോടെ സ്പര്‍ശിക്കുമ്പോള്‍ അവരില്‍ ക്രിസ്തുവിന്‍റെ ശരീരം കാണാന്‍ പരിശുദ്ധാത്മാവിന്‍റെ പ്രചോദനം അനുവദിക്കുന്നതിനാല്‍, സഹിക്കുന്നവരില്‍ പെസഹാരഹസ്യങ്ങള്‍ ഇന്നും ജീവിക്കുന്നുണ്ടെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. അതുപോലെ നന്മയ്ക്കായി നാം ഓരോരുത്തരും ഏറ്റെടുക്കുന്ന സഹനങ്ങളിലൂടെ വ്യക്തിജീവിതങ്ങളെയും, കുടുംബങ്ങളെയും, സമൂഹത്തെയും പിന്‍തുണയ്ക്കുവാനും നവീകരിക്കുവാനും സാധിക്കുമെന്നും പാപ്പാ ആഹ്വാനംചെയ്തു.

5. പ്രാര്‍ത്ഥനയില്‍ ക്രിസ്തുവുമായി മുഖാമുഖം
ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളിലൂടെ എപ്രകാരം ദൈവികകാരുണ്യം നമ്മുടെമേല്‍ വര്‍ഷിക്കപ്പെടുന്നുവെന്ന് ആഴമായി ധ്യാനിക്കുന്നതു നല്ലതാണ്. “എന്നെ സ്നേഹിക്കുകയും എനിക്കായി ജീവന്‍ ഹോമിക്കുകയും ചെയ്ത,” ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിന്‍റെ സുഹൃത്തുക്കളെപ്പെോലെ ഹൃദ്യമായ ഒരു മുഖാമുഖം അനുഭവമില്ലാതെ നമ്മുടെ ജീവിതത്തില്‍ ദൈവിക കാരുണ്യത്തിന്‍റെ അനുഭവം ഉണ്ടാകണമെന്നില്ലെന്ന് പാപ്പാ പൗലോശ്ലീഹായുടെ വാക്കുകളില്‍ ഉദ്ധരിച്ചു. (ഗലാത്തിയര്‍ 2, 20). അതുകൊണ്ട് തപസ്സുകാലത്ത് തീവ്രമായ പ്രാര്‍ത്ഥന അനിവാര്യമാണെന്നും, അതിനെ ഒരു കടമ്പയോ കടമയോ എന്നതിനെക്കാള്‍, എപ്പോഴും ആദ്യം എത്തുകയും നമ്മെ പരിപാലിക്കുകയുംചെയ്യുന്ന ദൈവസ്നേഹത്തോടു പ്രത്യുത്തരിക്കുവാനുള്ള ഒരു ആവശ്യമായും അവസരമായും തപസ്സിനെയും അതിന്‍റെ പ്രാര്‍ത്ഥനയെയും നാം കാണണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

6. ചിന്തയുടെ സ്രോതസ്സ്
ഫെബ്രുവരി 26-Ɔο തിയതി ബുധനാഴ്ച ആഗോളസഭയില്‍ ആരംഭിച്ച തപസ്സാചരണത്തിന് നാന്നായിട്ടാണ് ഈ സന്ദേശം ലോകമെമ്പാടുമുള്ള ക്രൈസ്തവമക്കള്‍ക്കായി പാപ്പാ ഫ്രാന്‍സിസ്  പങ്കുവച്ചത്.  പൗരസ്ത്യ കത്തോലിക്ക സഭാവിഭാഗങ്ങള്‍ ഫെബ്രുവരി 24-നും അവരവരുടെ പാരമ്പര്യങ്ങളില്‍ വിഭൂതിയോടെ തപസ്സാചരണത്തിന് തുടക്കം കുറിച്ചു.  40-ഉം  50-ഉം നാളുകള്‍ നീളുന്ന വലിയനോമ്പ്  ഏപ്രില്‍ 12-ന് ആചരിക്കുന്ന ക്രിസ്തുവിന്‍റെ പുനരുത്ഥാന മഹോത്സവത്തോടെ സമാപിക്കും.

പാപ്പായുടെ തപസ്സുസന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം മലയാളത്തില്‍ ലഭിക്കാന്‍...
https://www.vaticannews.va/ml/pope/news/2020-02/lent-message-pope-francis-full-malayalam.html
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2020, 10:47