അസാധാരണരോഗ ദിനാചരണത്തോടനുബന്ധിച്ച് റോമിലെ കൊളോസിയം വര്‍ണ്ണദീപപ്രഭയില്‍ കുളിച്ചപ്പോള്‍ 29/02/2020 അസാധാരണരോഗ ദിനാചരണത്തോടനുബന്ധിച്ച് റോമിലെ കൊളോസിയം വര്‍ണ്ണദീപപ്രഭയില്‍ കുളിച്ചപ്പോള്‍ 29/02/2020 

അസാധാരണരോഗ ദിനം!

ഫെബ്രുവരിയുടെ അവസാന ദിനം വിചിത്രരോഗ ദിനമായി ആചരിക്കപ്പെടുന്നു. ഇക്കൊല്ലം ആചരിക്കപ്പെട്ടത് പതിമൂന്നാം അസാധാരണരോഗ ദി നം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിചിത്രരോഗ ബാധിതരെ സാഹോദര്യ ചൈതന്യത്തോടുകൂടി പരിചരിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ ആശംസിക്കുന്നു.

സമഗ്രമാനവ പുരോഗതിക്കായുള്ള റോമന്‍ കൂരിയാവിഭാഗത്തിന്‍റെ തലവനായ അദ്ദേഹം, അനുവര്‍ഷം ഫെബ്രുവരി അവസാന ദിനത്തില്‍ അസാധാരണരോഗ ദിനം ആചരിക്കപ്പെ‌ടുന്നതിനോടനുബന്ധിച്ച്, മെത്രാന്‍ സംഘങ്ങളുടെ തലവന്മാര്‍ക്കും   ആരോഗ്യഅജപാലന ചുമതലയുള്ള മെത്രാന്മാര്‍ക്കും സമര്‍പ്പിതര്‍ക്കും സാമൂഹ്യ ആരോഗ്യ അജപാലന പ്രവര്‍ത്തകര്‍ക്കും സന്നദ്ധസേവകര്‍ക്കുമായി നല്കിയ സന്ദേശത്തിലാണ് ഇങ്ങനെ ആശംസിച്ചിരിക്കുന്നത്.

പതിമൂന്നാം അസാധാരണരോഗ ദിനമാണ് ഈ ശനിയാഴ്ച (29/02/2020) ആചരിക്കപ്പട്ടത്.

വിചിത്ര രോഗങ്ങള്‍ ബാധിച്ചവരുടെ സംഖ്യ ലോകത്തില്‍ 30 കോടിയിലേറെ വരുമെന്നും ആകയാല്‍ ഈ സംഖ്യയെ നിസ്സാരമായി കാണാതെ സവിശേഷ ശ്രദ്ധ നല്കേണ്ട ഒരു മേഖലയാണിതെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറയുന്നു.

രോഗനിര്‍ണ്ണയം അസാധ്യമായിരിക്കുകയും അസാധാരണമായ രോഗം ബാധിച്ചവരും അവരുടെ കുടുംബങ്ങളും ഒറ്റപ്പെടുത്തപ്പെടുകയും, അവര്‍ നിസ്സഹായരായിപ്പോകുകയും ചെയ്യുന്ന ഖേദകരമായ അവസ്ഥയെക്കുറിച്ചും അദ്ദേഹം അനുസ്മരിക്കുന്നു.

ആരോഗ്യമേഖലയിലും നീതിയും സമത്വവും മനുഷ്യവ്യക്തിയുടെ മാഹാത്മ്യവും ഉറപ്പാക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ചൂണ്ടിക്കാട്ടുന്നു.

വിചിത്ര രോഗങ്ങളുടെ കാര്യത്തില്‍ വൈദ്യശാസ്ത്ര ഗവേഷണ പഠനങ്ങളും ഒപ്പം ഈ ഗവേഷണങ്ങളില്‍ രോഗികളുടെ പങ്കാളിത്തവും അവ ഫലവത്താകുന്നതിന് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.    

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 February 2020, 12:50