VATICAN-POPE-ANGELUS VATICAN-POPE-ANGELUS 

പാപ്പാ ഫ്രാന്‍സിസ് നേര്‍ന്ന പുതുവത്സരാശംസകള്‍!

ജനുവരി 1–Ɔο തിയതി പുതുവര്‍ഷനാള്‍ - ത്രികാല പ്രാര്‍ത്ഥനാന്ത്യത്തില്‍ ആശംസകളും അഭിവാദ്യങ്ങളും :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പുതുവത്സരവും ദൈവമാതൃത്വമഹോത്സവവും
വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന ആയിരങ്ങള്‍ക്കും, മാധ്യമങ്ങളിലൂടെ ശ്രവിക്കുകയും കാണുകയും ചെയ്യുന്ന പതിനായിരങ്ങള്‍ക്കും പാപ്പാ ഫ്രാന്‍സിസ് പുതുവത്സരാശംസകള്‍ നേര്‍ന്നു. പുതുവത്സരനാളിലും, ദൈവമാതൃത്വത്തിരുനാളിനോട് അനുബന്ധിച്ചും വത്തിക്കാനില്‍ നടത്തിയ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ആശംസകള്‍ നേര്‍ന്നത്. 

2. ഇറ്റാലിയന്‍ പ്രസിഡന്‍റ് സേര്‍ജൊ മത്തരേലയ്ക്ക്
ഇറ്റലിയുടെ പ്രസിഡന്‍റ് സേര്‍ജോ മത്തരേലയുടെ ആശംസകളോട് പ്രത്യുത്തരിച്ചുകൊണ്ട് രാഷ്ട്രത്തോടുള്ള അദ്ദേഹത്തിന്‍റെ വലിയ കടമകള്‍ വിശ്വസ്തതയോടെ നിര്‍വ്വഹിക്കാന്‍ സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

3. സകല ജനതകള്‍ക്കും  സമാധാനം
“സകലയിടങ്ങളിലും സമാധാനം,” Peace in all lands, എന്ന പേരില്‍ സമാധാനത്തിനായി ലോകത്തെ വിവിധ നഗരങ്ങളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും ക്രിയാത്മകമായ പരിപാടികളും പദ്ധതികളുമായി നീങ്ങുന്ന സാന്‍ എജീഡിയോ സമൂഹത്തിന് പാപ്പാ ഫ്രാന്‍സിസ് ഭാവുകങ്ങള്‍ നേര്‍ന്നു! യുഎസ്സ്, ന്യൂസിലാന്‍റ്, സ്പെയിന്‍ എന്നിവിടങ്ങളില്‍നിന്നും എത്തിയിട്ടുള്ള വന്‍ തീര്‍ത്ഥാടക സമൂഹങ്ങളെ പാപ്പാ പ്രത്യേകം അഭിവാദ്യംചെയ്തു. ഇറ്റലിക്കാരായ യുവജനങ്ങള്‍, അല്‍ബേനിയക്കാര്‍, മാള്‍ട്ടക്കാര്‍, ഉപവികളുടെ സഹോദരിമാരുടെയും, സാഹോദര്യക്കുടുംബങ്ങളുടെ കൂട്ടായ്മ എന്നിവര്‍ക്കും പാപ്പാ പ്രത്യേക ആശംസകള്‍ നേര്‍ന്നു!

4. സമാധാനത്തിനായുള്ള സഭയുടെ പദ്ധതികള്‍
ഇന്നാളില്‍, ആഗോള ലോകസമാധാന ദിനത്തില്‍ പ്രാദേശിക ദേശീയ സഭകളും, പ്രസ്ഥാനങ്ങളും, സഭാ സംഘടനകളും സമാധാനത്തിന്‍റെ വഴികളില്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും പാപ്പാ ശ്ലാഘിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി പ്രസ്താവിച്ചു. സമാധാന സംസ്ഥാപനത്തിനായി ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്ന സമാധനസേനകളിലെ അംഗങ്ങളെയും പാപ്പാ പ്രത്യേകം നന്ദിയോടെ അനുസ്മരിച്ചു.

5. സകലരും സമാധാനം തേടുന്നവര്‍
വിശ്വാസികളും അവിശ്വാസികളും ഒരുപോലെ സമാധാനം തേടുന്നവരാണ്. സമാധാന പൂര്‍ണ്ണമായ ലോകത്തില്‍ പ്രത്യാശ വയ്ക്കുവന്നരാണ് സകല ജനതകളും. അതിനാല്‍ മാനവകുലം മുഴുവനും സഹോദരങ്ങളാണ് എന്ന ബോധ്യത്തില്‍ പ്രത്യാശയോടെ സമാധാനത്തിന്‍റെ വഴികളില്‍ കൈകോര്‍ത്തു നീങ്ങാം, പരിശ്രമിക്കാം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ച്, എല്ലാവര്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് ത്രികാലപ്രാര്‍ത്ഥനാ ജാലകത്തില്‍നിന്നും പിന്‍വാങ്ങിയത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2020, 18:37