തിരയുക

Vatican News
പിയാസ്സാ സ്പാഞ്ഞയിലെ അമലോൽഭവമാതാവിന്‍റെ തിരുസ്വരൂപം. പിയാസ്സാ സ്പാഞ്ഞയിലെ അമലോൽഭവമാതാവിന്‍റെ തിരുസ്വരൂപം.  

അമലോത്ഭവമാതാവിന്‍റെ തിരുന്നാളില്‍ പാപ്പാ പിയാസ്സാ സ്പാഞ്ഞയില്‍

ഡിസംബർ 8 ന് പിയാസ്സാ സ്പാഞ്ഞയിലെ അമലോത്ഭവമാതാവിന്‍റെ രൂപത്തിന് പാപ്പാ ആദരവർപ്പിക്കും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അമലോത്ഭവമാതാവിന്‍റെ തിരുന്നാള്‍ ദിനമായ ഡിസംബർ 8ന് റോമിലെ പൗരസമൂഹവും വിവിധ സംഘടനകളും മാതാവിന്‍റെ രൂപത്തിൽ മുന്നിൽ ഉപഹാരങ്ങൾ അർപ്പിക്കാൻ എത്താറുള്ളത് ഒരു പരമ്പരാഗത ആചാരമാണ്. ഏറ്റവും ആദ്യം  ആദരവുകൾ അർപ്പിക്കുക അഗ്നിശമന സേനയാണ്. അന്നത്തെ ദിവസത്തിന്‍റെ ആഘോഷങ്ങൾ സമാപിക്കുക പാപ്പായുടെ ഉപചാരത്തോടെയായിരിക്കും. വൈകിട്ട് 4 മണിക്ക് അവിടെ എത്തുന്ന പാപ്പായെ പാപ്പായുടെ വികാരിയായ ആഞ്ചലോ ദെ ദൊണാത്തിസും നഗരാധികാരികളും ചേർന്ന് സ്വീകരിക്കും.

1887 ഡിസംബർ 8 ന്  220 അഗ്നിസേനാംഗങ്ങൾ ഉൽഘാടനം ചെയ്തതിന്‍റെ ഓർമ്മയിൽ 12 മീറ്റർ ഉയരമുള്ള ഈ സ്മാരക സൗധത്തിന്‌ മുകളിൽ എത്തി അവിടെ സ്ഥാപിച്ചിട്ടുള്ള മാതാവിന്‍റെ കരങ്ങളിൽ പുഷ്പഹാരമണിയിച്ചാണ് അവർ തങ്ങളുടെ ആദരവ് പ്രകടിപ്പിക്കുക. 1953 മുതലാണ് മാർപാപ്പമാർ  ഇവിടെ എത്തുവാൻ തുടങ്ങിയത്.  ലൂയിജി പൊളെത്തി രൂപകല്‍പന ചെയ്ത ഈ സ്തൂപത്തിന് മുകളിലുള്ള ഓടിൽ തീർത്ത മരിയൻ രൂപം ജുസെപ്പേ ഒബീച്ചി എന്ന ശില്പി തീർത്തതാണ്.

റോമിലെ ഒട്ടുമിക്ക സംഘടനകളും ഇവിടെ ആദരം അർപ്പിക്കാനെത്തുന്ന ഈ ദിനം സജീവമാക്കാൻ 12 അപ്പോസ്തലന്മാരുടെ നാമത്തിലുള്ള ബസിലിക്കയിലെ ഫ്രാൻസിസ്ക്കന്‍  സന്യാസികളാണ് മുൻകൈ എടുക്കുന്നത്. ആത്മീയ ഒരുക്കത്തിന് മുൻഗണന കൊടുത്തുകൊണ്ട് അന്ന് രാവിലെ 6.30 മുതൽ രാത്രി 8 മണി വരെ അനുരഞ്ജന കൂദാശയ്ക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

നവംമ്പർ 29 മുതൽ ഡിസംബർ 7വരെ വൈകിട്ട് 5.45 മുതൽ റോമിലെ 12 അപ്പോസ്തലന്മാരുടെ ബസിലിക്കയിൽ ജപമാല, ലിറ്റനി, അമലോൽഭവ മാതാവിനോടുള്ള നൊവേനയും 6.30ന് കർദ്ദിനാൾമാർ മുഖ്യകാർമ്മീകരാകുന്ന  ദിവ്യബലിയും ഉണ്ടായിരിക്കും. 

അമലോത്ഭവമാതാവിന് അർപ്പിക്കപ്പെടുന്ന  ഭക്ത്യാദരപ്രകടനത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർ പരിശുദ്ധ സിംഹാസനത്തിന്‍റെ മാധ്യമ കാര്യാലയത്തിൽ 48 മണിക്കൂർ മുന്നേ ഓൺലൈനിൽ  അപേക്ഷിക്കേണ്ടതാണ്.

Accreditation System : press.vatican.va/accreditamenti 2 December 2019

03 December 2019, 11:36