VATICAN-POPE-MASS VATICAN-POPE-MASS 

ദൈവസ്നേഹം ലോകത്ത് ഉദയംചെയ്ത ദിനം : ക്രിസ്തുമസ്!

ക്രിസ്തുമസ് രാത്രിയിലെ ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നല്കിയ വചനപ്രഭാഷണം.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ലോകം ദര്‍ശിച്ച വിസ്മയകരമായ പ്രകാശം
“ഇരുളില്‍ വസിക്കുന്നവര്‍ ദൈവിക പ്രകാശം കണ്ടു” (ഏശയ 9, 1). കാലത്തികവില്‍ ബെതലഹേമിലെ പുല്‍ത്തൊഴുത്തില്‍ പ്രവചനവാക്യങ്ങള്‍ യാഥാര്‍ത്ഥ്യമായി. എളിയവരായ ആട്ടിടയന്മാരാണ് കര്‍ത്താവിന്‍റെ മഹത്വം ആദ്യം ദര്‍ശിച്ചത് (ലൂക്ക 2, 9). ലോകത്തു സകലര്‍ക്കും രക്ഷ പ്രദാനംചെയ്യുന്ന ദൈവകൃപയാണ് ക്രിസ്തുവില്‍ ഉദയംചെയ്തത്. മനുഷ്യാവതാര സംഭവത്തെ ആദ്യം വരവേറ്റത് എളിയവരും പാവങ്ങളുമായവരാണ്. സ്നേഹത്തോടും, നന്ദിയോടും, എന്നാല്‍ ഭീതിയോടുംകൂടെ ഉണ്ണിയേശുവിനെ കാണുവാന്‍ പുറപ്പെട്ട ഇടയന്മാര്‍ തീര്‍ച്ചയായും നമ്മെ തേടിയെത്തിയ ദൈവത്തെയാണ് എതിരേറ്റത്. യേശുവിനു നന്ദിപറയാം. പുല്‍ക്കൂട്ടില്‍ വളരെ പ്രകടമായി ദൃശ്യമാകുന്നത് താഴ്മയില്‍ നമ്മിലേയ്ക്കു വന്ന ദൈവവും അവിടുത്തെ മക്കളും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. നമ്മുടെ വിശ്വാസത്തിനും അതിന്‍റെ അന്യൂനമായ സൗന്ദര്യത്തിനും രൂപംനല്കുന്ന കൂടിക്കാഴ്ചയാണിത് (AS, 5.1).

2. ഹൃദയങ്ങളെ സ്വതന്ത്രമാക്കുന്ന ദൈവകൃപ
ജീവിതങ്ങളെ മാറ്റിമറിക്കുന്ന ദൈവസ്നേഹമാണ് ക്രിസ്തുമസ്സില്‍ പ്രകടമായത്. പുല്‍ക്കൂട്ടില്‍ പിറന്ന ക്രിസ്തു ചരിത്രത്തെ നവീകരിക്കുകയും, തിന്മയില്‍നിന്നു ലോകത്തെ മോചിപ്പിക്കുകയും, നമ്മുടെ ഹൃദയങ്ങള്‍ സമാധാനവും സന്തോഷവുംകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. ആദ്യ ക്രിസ്തുമസ്സിലൂടെ ദൈവം തന്‍റെ സ്നേഹം വെളിപ്പെടുത്തിയത് ക്രിസ്തുവിലാണ്. രക്ഷയുടെ കൃപ ദൈവം തന്ന ദാനമാണ്. അത് വിലപേശാവുന്നതോ വാങ്ങാവുന്നതോ അല്ല. നാം അര്‍ഹിക്കുന്നതിലും ആഗ്രഹിക്കുന്നതിലും അപ്പുറമാണത്.

3. സീമാതീതമായി സ്നേഹിക്കുന്ന ദൈവം
മനുഷ്യര്‍ തങ്ങളുടേതായ വഴികളിലൂടെ ചരിച്ചപ്പോഴും ദൈവം താഴ്മയില്‍ നമ്മിലേയ്ക്ക് ഇറങ്ങിവന്നു. ദൈവം തന്‍റെ വലിമ വെടിഞ്ഞ് ചെറുമയായി, മനുഷ്യരുടെ മദ്ധ്യേ വസിച്ചു. നമ്മില്‍ ഏറ്റവും മോശക്കാരിലേയ്ക്കും അവിടുന്നു കടന്നുവന്നു. കാരണം ദൈവം സകലരെയും സ്നേഹിക്കുന്നു. ക്രിസ്തു നമ്മെ കലവറയില്ലാതെ സ്നേഹിക്കുന്നു. നാം എല്ലാം ശരിയായി ചെയ്യുന്നതുകൊണ്ടല്ല അവിടുന്നു നമ്മെ സ്നേഹിക്കുന്നത്. നാം നന്മചെയ്യുമ്പോള്‍ ദൈവം സ്നേഹിക്കുന്നെന്നും, തിന്മചെയ്യുമ്പോള്‍ വെറുക്കുകയും ശിക്ഷിക്കുയും ചെയ്യുന്നുവെന്ന് ചിലര്‍ പറയുകയും പഠിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതു ശരിയല്ല. നാം പാപികളായിരിക്കെയും അവിടുന്നു നമ്മെ സ്നേഹിക്കുന്നു. അവിടുത്തെ സ്നേഹം പതറാത്തതാണ്. ഇതാണ് ബെതലഹേമില്‍ നമുക്കു ലഭിച്ച സമ്മാനവും ദാനവും. അവിടുത്തെ മഹത്വംകൊണ്ട് ദൈവം നമ്മെ ഒരിക്കലും കീഴ്പ്പെടുത്തിയില്ല, ഭീതിപ്പെടുത്തിയില്ല. മറിച്ച് അവിടുന്ന് ദരിദ്രനായി പിറന്നത് നമ്മുടെ ഹൃദയങ്ങളെ സ്നേഹത്തിന്‍റെ സമ്പന്നതകൊണ്ട് കീഴ്പ്പെടുത്തുവാനായിരുന്നു.

4. നിര്‍ലോഭം ചൊരിയപ്പെടുന്ന ദൈവകൃപ
ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! കൃപ സൗന്ദര്യത്തിനു സമാനമാണ്. ദൈവസ്നേഹത്തിന്‍റെ സൗന്ദര്യമാണ് നാം ക്രിസ്തുമസ്സില്‍ ദര്‍ശിക്കുന്നത്. നമ്മുടെ ബലഹീനതയിലും, രോഗത്തിലും, ക്ലേശങ്ങളിലും, ദാരിദ്ര്യത്തിലും, പാപത്തിലും ദൈവകൃപ നമ്മില്‍ വര്‍ഷിക്കപ്പെടുന്നു. ദൈവം നമ്മെ സ്നേഹിക്കുന്നു. നമ്മുടെ അസ്തിത്വത്തിന്‍റെ സത്തയെ അവിടുന്നു അറിയുന്നു. നമ്മുടെ ബലഹീനമായ മനുഷ്യത്വമാണ് ക്രിസ്തുമസ് നാളില്‍ ദൈവം അണിഞ്ഞതും, എന്നേയ്ക്കുമായി ആശ്ലേഷിച്ചതും.

5. കിനിഞ്ഞിറങ്ങിയ സ്നേഹപ്രകാശം
ഇടയന്മാരോടു പറഞ്ഞതുപോലെ, ഭയപ്പെടേണ്ടെന്നും ജീവിതവ്യഥകളില്‍പ്പോലും ആത്മവിശ്വാസവും പ്രത്യാശയും നഷ്ടപ്പെടുത്തരുതെന്നും അവിടുന്നു നമ്മോട് ഇന്നും പറയുന്നുണ്ട്. യഥാര്‍ത്ഥമായ സ്നേഹവും സ്നേഹ സമര്‍പ്പണവും ഒരു പാഴ്-വേലയല്ല.
ദൈവസ്നേഹം നമ്മെ കീഴ്പ്പെടുത്തിയ ദിനമാണ് ക്രിസ്തുമസ്. നവമായ പ്രത്യാശ നമ്മില്‍ വിരിയിച്ച ദിവസമാണ്! ധിക്കാരപൂര്‍ണ്ണവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ മനുഷ്യ ജീവിതങ്ങളിലേയ്ക്ക് ഇതാ, ദൈവം സ്നേഹപ്രകാശമായി കിനിഞ്ഞിറങ്ങുന്നു.

6. ദൈവകൃപയോടു സഹകരിക്കാം!
ഈ ദൈവകൃപയോടു നാം എങ്ങനെയാണു പ്രതികരിക്കേണ്ടത്? ഒന്നു മാത്രം, ദൈവം തരുന്ന കൃപയുടെ സമ്മാനം സ്വീകരിക്കുക! നാം ദൈവത്തെ അന്വേഷിച്ചിറങ്ങുന്നതിനു മുന്‍പ് ദൈവം അന്വേഷിച്ച് നമ്മിലേയ്ക്കു വരുവാന്‍ അനുവദിക്കുക. നമ്മുടെ വലിയ കഴിവുകള്‍ കൊണ്ടല്ല, മറിച്ച് ദൈവകൃപയാണ് നാം അനുദിന ജീവിതത്തില്‍ നന്മകളായി സ്വീകരിക്കുന്നത്. യേശു ലോക രക്ഷകനാണ്. പുല്‍ക്കൂട്ടിലെ ദിവ്യശിശുവിനെ ധ്യാനിച്ച് അവിടുത്തെ ലാളിത്യമാര്‍ന്ന സ്നേഹത്തില്‍ വിലയം പ്രാപിക്കാം. നമ്മുടെ ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളോ, ലോകത്തു നടക്കുന്ന വലിയ പ്രതിസന്ധികളോ, സഭയിലെ പ്രയാസങ്ങളോ ഇതിന് തടസ്സമാകരുത്. യേശുവിന്‍റെ ധാരാളിത്തമുള്ള സ്നേഹത്തിനു മുന്നില്‍ ഇവയൊന്നും ഒരു പ്രതിബന്ധമോ തടസ്സമോ അല്ല. അതിനാല്‍ ഈ ക്രിസ്തുമസ് നാളില്‍ ദൈവസ്നേഹത്താല്‍ ആശ്ലേഷിക്കപ്പെടാന്‍, നാം ഓരോരുത്തരും നമ്മെത്തന്നെ അനുവദിക്കുന്നുണ്ടോ? എന്നു ധ്യാനിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

7. ദൈവസ്നേഹത്തിന് പ്രതിനന്ദി പ്രകടമാക്കാം!
ദൈവത്തിന്‍റെ നമ്മോടുള്ള വലിയ സ്നേഹം ഏറെ പ്രതിനന്ദി അര്‍ഹിക്കുന്നുണ്ട്. ദൈവകൃപ സ്വീകരിക്കുവന്നവര്‍ അതിന് പ്രതിനന്ദിയുള്ളവരായി ജീവിക്കാന്‍ സന്നദ്ധരാവണം. പലപ്പോഴും നമ്മുടെ പ്രതിസ്നേഹം വളരെ ചെറുതാണ്. ക്രിസ്തുമസ് നാളില്‍, അതിനാല്‍ വിശ്വാസികള്‍ ദിവ്യസക്രാരിയുടെയും, പുല്‍ക്കൂടിന്‍റെയും മുന്നില്‍ നമിച്ച്, അല്പ സമയം മൗനമായി ലോകത്ത് ആഗതമായ വലിയ ദൈവസ്നേഹത്തിന് നന്ദിപറയേണ്ടിയിരിക്കുന്നു.

8. പ്രതിസമ്മാനമാകേണ്ട ജീവിതങ്ങള്‍
ദൈവിക സമ്മാനവും ദാനവുമായ ക്രിസ്തുവിനെ സ്വീകരിച്ചവര്‍ തങ്ങളുടെ സഹോദരങ്ങള്‍ക്ക് അവിടുത്തെപ്പോലെ പ്രതിസമ്മാനമാകാന്‍ പരിശ്രമിക്കാം. സ്വയം സമ്മാനമാകുന്നത് ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തുന്നതിനു തുല്യമാണ്. ലോകത്തില്‍ മാറ്റമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. മറ്റുള്ളവരില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതിനു പകരം, ആദ്യം നമ്മില്‍ത്തന്നെ മാറ്റംവരുത്തുക. നമ്മുടെ ജീവിതം അപരനായുള്ള സമ്മാനമാകുക. സഭാ നവീകരണത്തിനുള്ള മാറ്റങ്ങള്‍ വരുത്തുവാനും, അങ്ങനെ നവീകരിക്കുവാനും, നമ്മുടെ ചരിത്രത്തെ മെച്ചപ്പെടുത്തുവാനും അതു വഴിയൊരുക്കും.

9. നന്മ നല്കുന്ന സ്വാതന്ത്ര്യം
തന്‍റെ വാക്ധോരണികൊണ്ടോ, സമ്മര്‍ദ്ദംകൊണ്ടോ ചരിത്രത്തെ മാറ്റിമറിക്കാന്‍ ക്രിസ്തു ശ്രമിച്ചില്ല. ക്രിസ്തുമസ്സ് രാവില്‍ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്, ജീവന്‍കൊണ്ട് അവിടുന്നു ലോകത്തെ മാറ്റിമറിച്ച സംഭവമാണ്. മനുഷ്യര്‍ നല്ലവരായിട്ടോ, അവിടുത്തെ നാം സ്നേഹിച്ചിട്ടോ നമ്മെ സ്നേഹിക്കാന്‍ ദൈവം കാത്തിരുന്നില്ല. അവിടുന്നു ദാനമായി നമ്മെ സ്നേഹിച്ചു. എല്ലാം സമൃദ്ധമായി നല്കി. അതുപോലെ നമ്മുടെ അയല്‍ക്കാരും സഹോദരങ്ങളും എല്ലാം നല്ലവരായിട്ടുവേണ്ട നമുക്കു നന്മചെയ്യാനും, അവരെ സ്നേഹിക്കുവാനും, സമൂഹത്തെയും സഭയെയും സഹായിക്കുവാനും. പറ്റുന്ന നന്മ ആദ്യം നമുക്കു അപരനായി ചെയ്തുകൊടുക്കാം. ഇതാണ് കൃപയുടെ അടയാളം. ഈ നന്മയുടെ സ്വാതന്ത്ര്യം ജീവിതത്തില്‍ സൂക്ഷിക്കുന്നതും നിലനിര്‍ത്തുന്നതുമാണ് വിശുദ്ധി.

10. പതിവില്ലാതെ പാപ്പാ പറഞ്ഞ ചെറിയ കഥ

പാപ്പാ ഫ്രാന്‍സിസ് പതിവില്ലാതെ ഒരു കഥ പറഞ്ഞു. ബെതലഹേമിലെ ദിവ്യഉണ്ണിക്ക് എല്ലാവരും സമ്മാനങ്ങള്‍ നല്കിയപ്പോള്‍ ഒന്നും നല്കാന്‍ കൈവശമില്ലാതെ അക്കൂട്ടത്തില്‍ നിന്ന ഒരു പാവം ഇടയന്‍റെ കഥ. അയാള്‍ പരിഭ്രാന്തനായി നോക്കിനില്ക്കെ, അയാളുടെ മാനസിക അവസ്ഥ മനസ്സിലാക്കിയ അമ്മ മേരി, തന്‍റെ ദിവ്യസുതനെ എടുത്ത് ആ പാവം ഇടയന്‍റെ പരുക്കന്‍ കൈകളില്‍ കിടത്തി. അര്‍ഹിക്കാത്ത സമ്മാനങ്ങളില്‍ വലിയ സമ്മാനമാണ് താന്‍ സ്വീകരിച്ചതെന്ന് അയാള്‍ക്കു മനസ്സിലായി. എന്നും ശൂന്യമായിരുന്ന തന്‍റെ കൈകള്‍ ഇതാ, ദൈവത്തിന്‍റെ പിള്ളത്തൊട്ടിലായി മാറിയിരിക്കുന്നു. ആ പാവം മനുഷ്യന്‍ ദൈവസ്നേഹത്തിന്‍റെ കൃപ ദാനമായി സ്വീകരിച്ചു. എന്നാല്‍ അയാള്‍ അത് തനിക്കുവേണ്ടി മാത്രം സൂക്ഷിച്ചുവയ്ക്കാതെ, തനിക്കു ലഭിച്ച ദൈവകൃപ സകലരുമായി പങ്കുവയ്ക്കുവാന്‍ തുടങ്ങി.

11. ദൈവസ്നേഹം ഉദയംചെയ്ത ദിനം – ക്രിസ്തുമസ്!
ദൈവസ്നേഹം നമ്മില്‍ ഉദയംചെയ്ത ദിനമാണിത്. ദൈവകൃപ ലോകത്തു പ്രത്യക്ഷമാവുകയും നമ്മുടെ ഹൃദയങ്ങളെ പ്രോജ്ജ്വലിപ്പിക്കുകയും ചെയ്ത ദിവസം. ഈ ദിനത്തില്‍ ക്രിസ്തുമസ്സിന്‍റെ വെളിച്ചം സ്വീകരിക്കാം. അത് സകലരുടെയും ഹൃദയങ്ങളെ പ്രഭാപൂരിതമാക്കട്ടെ!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2019, 13:45