തിരയുക

Vatican News
2019.12.12 Congregazione delle Cause dei Santi 2019.12.12 Congregazione delle Cause dei Santi  (Vatican Media)

വിശുദ്ധര്‍ ജീവിതത്തിന്‍റെ വിജയാപജയങ്ങള്‍ അറിഞ്ഞവര്‍

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം. സ്ഥാപനത്തിന്‍റെ 50-Ɔο വാര്‍ഷികനാള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള
സംഘത്തിന്‍റെ 50-Ɔο വാര്‍ഷികം

ഡിസംബര്‍ 12-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍വച്ചാണ് സഭയുടെ വളരെ പ്രധാനപ്പെട്ട വകുപ്പായ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിലെ അംഗങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്. സ്ഥാപനത്തിന്‍റെ 50-Ɔο വാര്‍ഷികം കണക്കില്‍ എടുത്തുകൊണ്ടാണ് പാപ്പായുമായുള്ള  കൂടിക്കാഴ്ച നടന്നത്. സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ ആദ്യം പാപ്പാ ഫ്രാന്‍സിസിന് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പാപ്പാ കൂട്ടായ്മയെ അഭിസംബോധനചെയ്തു. ആരാധനക്രമ കാര്യാലയത്തിന്‍റെ ഭാഗമായിരുന്ന വിശുദ്ധരെ സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും പുതിയ വകുപ്പായി രൂപീകരിച്ചത് 1969 പോള്‍ ആറാമന്‍ പാപ്പയാണ്.

2. മാതൃകയാക്കാവുന്നവര്‍ - വിശുദ്ധര്‍
ഈ ജീവിതയാത്രയില്‍ നമുക്കു മാതൃകയാക്കാവുന്ന നിരവധി സ്ത്രീപുരുഷന്മാരുടെ ജീവിതങ്ങളും അവരുടെ ജീവിതവിശുദ്ധിയും ഈ 50 വര്‍ഷക്കാലത്ത് വത്തിക്കാന്‍ സംഘം പരിശോധിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു. വിശുദ്ധരുടെ ജീവിതങ്ങള്‍ വെളിവാക്കുന്നത് അവര്‍ അസാദ്ധ്യ സിദ്ധിക്കാരോ അമാനുഷികരോ അല്ല. മറിച്ച് ജീവിതയാത്രയില്‍ നമ്മെ പിന്‍തുണയ്ക്കുവാനും നമ്മെ ബലപ്പെടുത്തുവാനും വേണ്ടുവോളം ആത്മീയതയുള്ളതും മാതൃകയാക്കാവുന്നതുമായ മനുഷ്യരാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

3. ദൈവത്തില്‍ ആശ്രയിച്ചു മുന്നേറിയവര്‍
തങ്ങളുടെ അസ്തിത്വത്തിന്‍റെ ഭാരം പേറിയിട്ടുള്ളവരാണ് അവര്‍. ജീവിത വിജയത്തോടൊപ്പം ഏറെ പരാജയങ്ങളും അവരുടെ ജീവിതങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ ജീവിത യാത്രയില്‍ അവര്‍ നിരന്തരമായി ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് മുന്നേറി എന്നതാണ് അവരുടെ വിശുദ്ധിയുടെ സൂത്രമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വിവിധ തരത്തിലുള്ള പുണ്യജീവിതങ്ങളെ സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ തട്ടിച്ചുനോക്കുന്നതും താരതമ്യംചെയ്യുന്നതും നല്ലതാണ്.
ഒരോ വിശുദ്ധനും വിശുദ്ധയും തങ്ങളുടേതായ ജീവിത ദൗത്യങ്ങളുള്ള ജീവിതം സമര്‍പ്പിച്ചവരാണ്. അവര്‍ ദൈവപിതാവിന്‍റെ തിരുഹിത പ്രകാരവും പദ്ധതിയിലും ചരിത്രത്തില്‍ ധ്യാനാത്മകമായി പിറവിയെടുക്കുകയും മാംസം ധരിക്കുകയും ചെയ്ത ദൈവപുത്രനായ ക്രിസ്തുവിനെ വിശ്വസ്തരായി അനുഗമിച്ചവരാണ്. ചരിത്രത്തില്‍ ദൈവവചനം ജീവിച്ചവരും സാക്ഷാത്ക്കരിച്ചവരുമാണ് സഭയിലെ വിശുദ്ധാത്മാക്കള്‍ (GE, 19).

4. വിശുദ്ധര്‍ ദൈവിക സാന്നിദ്ധ്യമുള്ള മനുഷ്യര്‍
വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും ജീവിതസാക്ഷ്യങ്ങള്‍ നമ്മെ പ്രകാശിപ്പിക്കുന്നു. കാരണം അത് ദൈവവചനം ചരിത്രത്തില്‍ മാംസം ധരിച്ചതും നമ്മുടെ ഇടയില്‍ വസിച്ചതുമാണ്. തീര്‍ത്ഥാടക സഭയുടെ ജീവിതത്തിലേയ്ക്ക് വിശുദ്ധി ചൂഴ്ന്നിറങ്ങുകയും, വിശുദ്ധാത്മാക്കള്‍ സഭയെ പിന്‍ചെല്ലുകയും നയിക്കുകയും ചെയ്യുന്നു – പലപ്പോഴും നിഗൂഢവും അഗ്രാഹ്യവുമായ വിധത്തിലാണെന്നു മാത്രം! അതിനാല്‍ വിശുദ്ധിയെ ദൈവിക കാഴ്ചപ്പാടില്‍ ഏറെ ക്ഷമയോടും സാവകാശത്തോടെയും കാണാന്‍ നമുക്കു സാധിക്കണം. തങ്ങളുടെ മക്കളെ ക്ഷമയോടും വാത്സല്യത്തോടുംകൂടെ വളര്‍ത്തുന്ന മാതാപിതാക്കളെപ്പോലെയും, കുടുംബത്തെ പോറ്റുവാന്‍ ക്ഷമയോടും, അക്ഷമരായും കഠിനാദ്ധ്വാനംചെയ്യുന്ന സ്ത്രീ പുരുഷന്മാരെപ്പോലെയും, രോഗാവസ്ഥയിലും വാര്‍ദ്ധക്യത്തിലും പുഞ്ചിരിയോടെ ജീവിതത്തെ നേരിടുന്നവരിലുമെല്ലാം വിശുദ്ധിയുടെ പ്രതിഫലനങ്ങള്‍ നമുക്കു കാണാനാവണം. അവരില്‍ നാം കാണേണ്ടതും ധ്യാനിക്കേണ്ടതും ദൈവിക സാന്നിദ്ധ്യമാണ്, ദൈവസ്നേഹമാണ് (GE 7).

5. ജീവിതവിശുദ്ധി എല്ലാവരുടെയും ലക്ഷ്യം
ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള ഓരോ വ്യക്തിയുടെയും ഹൃദയാന്തരാളത്തില്‍ ഉയര്‍ന്നുവരുന്നതും ഒളിഞ്ഞിരിക്കുന്നതുമായ ആഴമായ അഭിലാഷമാണ് ജീവിതവിശുദ്ധി.
വിശുദ്ധര്‍ സഭയുടെ ആത്മാവാണ്. സഭാ ദൗത്യത്തിന്‍റെ പ്രാഥമ്യവുമാണ്. വിശുദ്ധരുടെ രാജ്ഞിയായ കന്യകാനാഥ ഈ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും തുണയ്ക്കട്ടെ, അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.

 

13 December 2019, 10:07