2019.12.26 presepe Scurelle 2019.12.26 presepe Scurelle 

മലയോര വാസികളുടെ തിരുപ്പിറവിക്കാഴ്ച

വടക്കെ ഇറ്റലിയിലെ സ്കുരേല്ലെ – വാല്‍സുഗാനാ പ്രദേശത്തെ ജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ച വത്തിക്കാനിലെ പുല്‍ക്കൂടിനെക്കുറിച്ചൊരു വിവരണം :

- ഫാദര്‍‍ വില്യം നെല്ലിക്കല്‍

1. വത്തിക്കാന്‍ ചത്വരത്തിലെ വലിയ പുല്‍ക്കൂട്
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ തിരുമുറ്റത്തുള്ള വലിയ പുല്‍ക്കൂട് പതിവനുസരിച്ച് അമലോത്ഭവത്തിരുനാളിനു മുന്‍പ്, ഡിസംബര്‍ 5-ന് ഉത്ഘാടനം ചെയ്യുകയുണ്ടായി. തിരുപ്പിറവിയുടെ ആരാധനക്രമവുമായി ബന്ധപ്പെട്ട് ക്രിസ്തുമസ് രാത്രിയില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അകത്ത് പാപ്പാ ഫ്രാന്‍സിസ് ഉത്ഘാടനംചെയ്യുന്ന ക്രിബ്ബിനു പുറമെയാണിത്. ബസിലിക്കയുടെ പൂമുഖത്താണ് തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി വലിയ ക്രിബ്ബ് തയ്യാറാക്കിയിരിക്കുന്നത്.

2. ആല്‍പ്പൈന്‍ താഴ്വാരത്തുനിന്ന് നന്ദിയോടെ...
ഇത്തവണ ചത്വരത്തിലെ തിരുപ്പിറവിയുടെ ചിത്രീകരണം ഒരുക്കിയിരിക്കുന്നത് വടക്കെ ഇറ്റലിയിലെ ആല്‍പ്പൈന്‍ താഴ്വാര പ്രദേശമായ ത്രെന്തീനോ, വെനേസിയ പ്രദേശത്തെ വല്‍സഞ്ഞാനോ-സ്കുരേല പട്ടണങ്ങളിലെ കലാകാരന്മാരാണ്. ആല്‍പ്പൈന്‍ മഞ്ഞു പ്രദേശത്തെ മരങ്ങള്‍ തിങ്ങിവളരുന്ന ഇടങ്ങളാണ് ഈ പട്ടണങ്ങള്‍. ഭൂപ്രദേശത്തിന്‍റെ പ്രത്യേകത പ്രതിഫലിക്കുമാറ് അവിടെ സുലഭമായ സരളവൃക്ഷത്തിന്‍റെ തടിയില്‍നിന്നും കലാകാരന്മാര്‍ കൊത്തിയുണ്ടാക്കിയ 4 അടിയോളം വലുപ്പമുള്ള 25-ല്‍ അധികം രൂപങ്ങള്‍കൊണ്ടു ശ്രദ്ധേയമാണ് വത്തിക്കാനിലെ പുല്‍ക്കൂട്. 2018 നവംബറില്‍ ഇറ്റലിയുടെ ഈ അല്‍പ്പൈന്‍ താഴ്വാരത്തുണ്ടായ കൊടുങ്കാറ്റില്‍ അവിടെയുള്ള ധാരാളം മരങ്ങള്‍ മറിഞ്ഞു വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആള്‍ അപായമില്ലാതെ രക്ഷപെട്ടതിന് ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ടാണ് ആ പ്രദേശവാസികള്‍ ഈ വര്‍ഷം വത്തിക്കാനിലെ തിരുപ്പിറവിയുടെ രംഗചിത്രീകരണം ഏറ്റെടുത്തത്.

3. സരളവൃക്ഷത്തടിയില്‍ തീര്‍ത്ത പ്രതിമകള്‍
പുല്‍ക്കൂട്ടിലെ മേരിയും, യൗസേപ്പും, ഇടയന്മാരും, ആടുമാടുകളും ഉള്‍പ്പെടെ മറ്റ് ആള്‍ രൂപങ്ങളും ചേര്‍ത്ത് ഏകദേശം 4 അടി വലുപ്പമുള്ള മരത്തില്‍ കൊത്തിയെടുത്ത 25-ല്‍ അധികം പ്രതിമകളാണ് വത്തിക്കാനിലെ ക്രിബ്ബിനെ സവിശേഷമാക്കുന്നത്. തടിയില്‍ ഗോതിക് ശൈലിയില്‍ തീര്‍ത്ത ഗോശാലയും കളപ്പുരയും കൂടാതെ മലയോര പ്രദേശത്തെ സ്പ്രൂസ്, ഫീര്‍ വൃക്ഷങ്ങളുടെ ഉരുപ്പിടിയില്‍ത്തന്നെയാണ് മറ്റു വിവിധ പണികളും പുല്‍ക്കൂട്ടില്‍ തീര്‍ത്തിരിക്കുന്നത്.
അവയെ അണിയിച്ചിരിക്കുന്നത് ത്രെന്തീനോ-വെനേസിയ പ്രദേശത്തെ പരമ്പരാഗത വസ്ത്രങ്ങളാണ്. പുല്‍ക്കൂട്ടിലെ പരമ്പരാഗത ചിത്രീകരണങ്ങള്‍ കൂടാതെ ത്രെന്തീനോ മലമ്പ്രദേശത്തെ മരംകൊണ്ടുള്ള വീടും കളപ്പുരയും അതിന്‍റെ ചുറ്റുവട്ടത്തിലുള്ള സാധാരണക്കാരായ ജനങ്ങളുടെ ജീവിതരംഗങ്ങളും കലാകാരന്മാര്‍ അവിടെ സമന്വയിപ്പിച്ചിട്ടുണ്ട്.

4. തദ്ദേശീയ ദൃശ്യഭംഗി
യേശു പിറന്ന കാലിത്തൊഴുത്തിന്‍റെ ചിത്രീകരണം കൂടാതെ, ആല്‍പ്പൈന്‍ താഴ്വാരങ്ങളില്‍ കാണുന്നതും, അവിടങ്ങളില്‍ സുലഭവുമായ സരളവൃക്ഷത്തിന്‍റെ തടിയില്‍ തീര്‍ത്ത വെനേസിയ തദ്ദേശ വാസ്തു ഭംഗിയുള്ള മരത്തിന്‍റെ വീടും അതിലെ വിശദാംശങ്ങളും വത്തിക്കാനിലെ തിരുപ്പിറവിയുടെ ചിത്രീകരണത്തെ ജീവിതബന്ധിയും, സാമൂഹിക സംസ്കാരിക തനിമയുമുള്ളതുമാക്കുന്നു. ഇറ്റലിയുടെ ആല്‍പ്പൈന്‍ പ്രദേശത്ത് ഇന്നും കാണുന്ന അധികവും മരത്തില്‍ തീര്‍ത്ത ഗോഥിക്-കമാനപ്പണിത്തരവും ശൈലിയും കൂട്ടിയിണക്കിയ പുല്‍ക്കൂടും ധാന്യപ്പുരയുമെല്ലാം ദൃശ്യഭംഗികൊണ്ടും ലാളിത്യംകൊണ്ടും മനം കവരുന്നതാണ്.

5. ഇറ്റാലിയന്‍ ചിത്രകാരന്‍റെ പുല്‍ക്കൂട്
വിസ്തൃതമായ പ്രദേശത്തെ തിരുപ്പിറവി ചിത്രീകരണത്തിന്‍റെ കേന്ദ്രസ്ഥാനത്ത് യേശു പിറന്ന പുല്‍ക്കൂടു കാണാം. രൂപത്തിലും ഭാവത്തിലും വിശദാംശങ്ങളിലും നവോത്ഥാന കാലത്തെ വിഖ്യാതനായ ഇറ്റാലിയന്‍ ചിത്രകാരന്‍, ചീമോ ദാ കൊലേനിയാനോയുടെ (Cimo da Conegliano) എണ്ണച്ഛായാ ചിത്രീകരണത്തിന് ആനുപാതികമായ വലുപ്പത്തില്‍ മരം കൊണ്ടുള്ള ത്രിമാന ( 3 dimensional) ചിത്രീകരണമാണിത്.

6. സാമൂഹിക ചിത്രീകരണങ്ങള്‍
പുല്‍ക്കൂടിന്‍റെ പരമ്പരാഗത ചിത്രീകരണങ്ങള്‍ക്കു പുറമെ ആല്‍പ്പൈന്‍ താഴ്വാരത്തെ ജനജീവിതത്തിലേയ്ക്കും അവരുടെ സാമൂഹികതയിലേയ്ക്കും കണ്ണുതുറക്കുന്ന രൂപങ്ങളും ക്രിബിന്‍റെ ഭാഗമാണ് :
a) മരത്തൊട്ടിയില്‍ തുണി കഴുകുന്ന കുടുംബിനി
b) “മോളോ” എന്ന പേരില്‍ സല്‍സ്വഭാവംകൊണ്ട് ആല്‍പ്പൈന്‍
പ്രദേശത്ത് ഒരു കാലത്ത് ജീവിച്ച് ഇതിഹാസമായി മാറിയ ഇടയന്‍.
c) വീട്ടിലുണ്ടാക്കിയ മിഠായിയുമായി നില്ക്കുന്ന പെണ്‍കുട്ടി
d) ചെമ്പുപാത്രത്തില്‍ കമ്പത്തിന്‍റെ കുറുക്കുമായി (Polenta) കര്‍ഷകസ്ത്രീ
e) ആട്ടിന്‍ രോമംകൊണ്ടു നൂല്‍നൂല്ക്കുന്ന ഗൃഹനാഥ
f) പരമ്പരാഗത ശൈലിയില്‍ പാല്‍ക്കട്ടിയുണ്ടാക്കുന്ന കടകോലുമായി ഗോപാലകന്‍
g) മരംവെട്ടുകാരനും, വിളക്കുമായി പിതാവിനെ തുണയ്ക്കുന്ന മകനും
h) മുറിപ്പെട്ട ആടിനെ തോളിലേറ്റി നീങ്ങുന്ന നല്ലിടയന്‍
i) നാട്ടറിവുമായി ഒരു കാരണവര്‍
j) മൂന്നു പൂജരാജാക്കള്‍
k) സദ്വാര്‍ത്ത അറിയിക്കുന്ന ദൈവദൂതന്‍

7. “ക്രിസ്തുമസ് ട്രീ”
വത്തിക്കാനിലെ വലിയ ക്രിബ്ബിനോടു ചേര്‍ത്തു ഉയര്‍ത്തിയിരിക്കുന്ന ക്രിസ്തുമസ് ട്രീ ആല്‍പ്പൈന്‍ താഴ്വാര പ്രദേശത്തെ വിചേന്‍സോയിലെ റോത്സോ മുനിസിപ്പാലിറ്റിയിലെ സ്പ്രൂസ് വൃക്ഷങ്ങള്‍ മാത്രമുള്ള വനത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസിന് സമ്മാനമായി എത്തിച്ചിട്ടുള്ളതാണ്. 85 അടിയില്‍ അധികം ഉയരമുള്ള മരം ദീപാലംകൃതമായി ഉയര്‍ത്തിയത് വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ ജോലിക്കാരാണ്. ക്രിസ്തുമസിനുശേഷം കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ വത്തിക്കാനിലെ ക്രിസ്തുമസ്മരം ലേലം വിളിച്ചെടുക്കുന്നത് പതിവാണ്. അങ്ങിനെ കിട്ടുന്ന പണം പാവപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ഈ ഉപവി പ്രവൃത്തില്‍ പങ്കുചേരാന്‍ ധാരാളം പേര്‍ മുന്നോട്ടു വരാറുമുണ്ട്.
തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേകം ഒരുക്കുന്ന ഈ വലിയ ക്രിബ്ര് ഫെബ്രുവരി 12 കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരൂനാള്‍ വരെ തുറന്നിരിക്കും.

8. പാപ്പാ ഫ്രാന്‍സിസിന്‍റെ അവസാനവാക്ക്
പുല്‍ക്കൂടു എല്ലാവരോടും സംവദിക്കുന്നു, സംസാരിക്കുന്നു. ദൈവസ്നേഹത്തിന്‍റെ കഥ പറയുന്നു. എവിടെയായാലും ഏതു ശൈലിയില്‍ അത് രൂപകല്പന ചെയ്താലും നമ്മോടു ദൈവസ്നേഹത്തെക്കുറിച്ചും, ദൈവം താഴ്മയില്‍ ഒരു ശിശുവായും, നമ്മില്‍ ഒരുവനായും പിറന്നുകൊണ്ട് ഓരോ കുഞ്ഞിനോടും, സ്ത്രീയോടും പുരുഷനോടും അവര്‍ ഏത് അവസ്ഥയിലുള്ളവരായാലും ദൈവം മനുഷ്യരുടെ ചാരത്ത് സദാ ഉണ്ടെന്ന് അറിയിക്കുന്നു (Admirabile Signum 10, Pope Francis).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 December 2019, 14:14