BRAZIL-ENVIRONMENT/LOGGERS BRAZIL-ENVIRONMENT/LOGGERS 

ആമസോണ്‍ സിനഡിന്‍റെ നിര്‍ദ്ദേശങ്ങളിലേയ്ക്ക് ഒരെത്തിനോട്ടം

സിനഡിന്‍റെ പ്രമാണരേഖ (post synodal document) പാപ്പാ ഫ്രാന്‍സിസ് ആസന്നഭാവിയില്‍ പ്രസിദ്ധീകരിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആമസോണ്‍ സിനഡിന്‍റെ നിര്‍ദ്ദേശങ്ങള്‍ - ശബ്ദരേഖ

1. പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പഠനവും സംവാദവും
വത്തിക്കാനില്‍ ആമസോണ്‍ സിനഡു സമ്മേളനം നടന്നത് 2019 ഒക്ടോബര്‍ 6-മുതല്‍ 26-വരെ തിയതികളിലായിരുന്നു. തെക്കെ അമേരിക്കയിലെ 9 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആമസോണ്‍ മഴക്കാടുകളില്‍ പാര്‍ക്കുന്ന തദ്ദേശവര്‍ഗ്ഗക്കാരായ വിവിധ ജനസമൂഹങ്ങളെയും അവരുടെ പരിസ്ഥിതിയെയും അധികരിച്ചാണ് ആഗോളസഭയിലെ മെത്രാന്മാരുടെ സിനഡു സമ്മേളനം നടന്നത്. ലോകത്തിന്‍റെ കാലാവസ്ഥ ഗതിവിഗതികളെ സാരമായി ബാധിക്കുന്ന ആമസോണിലെ പ്രകൃതിവിനാശവും, അവിടുത്തെ പാവങ്ങളായ ജനങ്ങള്‍  അനുഭവിക്കുന്ന ചൂഷണവും കണ്ട് മനംനൊന്താണ് ആമസോണ്‍ പ്രവിശ്യയിലെ മെത്രാന്മാരുടെയും ആഗോളസഭയിലെ മറ്റു മെത്രാന്മാരുടെയും പിന്‍തുണയോടെ ഈ പ്രത്യേക സിനഡുസമ്മേളനം പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയത്.

2. സിനഡുപിതാക്കന്മാരുടെ നിര്‍ദ്ദേശങ്ങളുടെ 5 അദ്ധ്യായങ്ങള്‍
ഒരു മാസക്കാലം നീണ്ട പഠനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ചര്‍ച്ചകളുടെയും സംവാദത്തിന്‍റെയും വെളിച്ചത്തില്‍ അവസാനം ഉരുത്തിരിഞ്ഞ സിനഡിന്‍റെ അന്തിമ തീര്‍പ്പുകളായ നിര്‍ദ്ദേശങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടമാണ് ഈ ചിന്താമലരുകള്‍. ആമസോണ്‍ രാജ്യങ്ങളിലെ മെത്രാന്മാരുടെയും, വിദഗ്ദ്ധരുടെയും, തദ്ദേശവര്‍ഗ്ഗക്കാരുടെ പ്രതിനിധികളുടെയും, ഇതര സഭകളില്‍നിന്നുമുള്ള നിരീക്ഷകരുടെയും 300-ല്‍ അധികം പേരടങ്ങുന്ന സമ്മേളനം അവസാനമായി പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലേയ്ക്ക് ഈ ചിന്താമലരുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം. കാരണം 5 അദ്ധ്യായങ്ങളായി പ്രസിദ്ധീകരിച്ച നിര്‍ദ്ദേശങ്ങളുടെ ഒരു രത്നച്ചുരുക്കം മാത്രമാണീ ചിന്താമലരുകള്‍. പാപ്പാ ഫ്രാന്‍സിസ് ഇനിയും സൂക്ഷ്മായി ഇവ പഠിച്ച് ആഗോളസഭയ്ക്ക് സിനഡിന്‍റെ പ്രമാണരേഖയും പ്രാവര്‍ത്തികമാക്കേണ്ട തീരുമാനങ്ങളും പ്രസിദ്ധപ്പെടുത്തുംവരെ ഈ ചിന്താമലരുകള്‍ സിനഡിന്‍റെ തീര്‍പ്പുകളിലേയ്ക്കുള്ള ചെറുവെളിച്ചമാകട്ടെ!

3. മാറ്റമോ മാനസാന്തരമോ?
ആമസോണ്‍ സിനഡില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ച വാക്കാണ് conversion പരിവര്‍ത്തനം, മാനസാന്തരം, അല്ലെങ്കില്‍ മാറ്റം. എന്നാല്‍ ഒരിക്കലും മതപരിവര്‍ത്തനം എന്ന അര്‍ത്ഥത്തില്‍ അല്ല ഈ പ്രയോഗം. “ആമസോണിലെ സഭയ്ക്കും സമഗ്ര പരിസ്ഥിതിക്കുംവേണ്ടി നവമായ പാതകള്‍ തുറക്കുക” എന്നതായിരുന്നു സിനഡിന്‍റെ ആപ്തവാക്യവും അടിസ്ഥാന ലക്ഷ്യവും. അതിനാല്‍ ആമസോണ്‍ പ്രവിശ്യയിലെ നിലവിലുള്ള ഘടനകളില്‍നിന്നും, ചുറ്റുപാടുകളില്‍നിന്നും, ജീവിത ശൈലിയില്‍നിന്നുമുള്ള മൗലികമായ വഴിത്തിരിവാണ് മാറ്റം അല്ലെങ്കില്‍ പരിവര്‍ത്തനം എന്ന വാക്കുകൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഈ വാക്ക് സിനഡിന്‍റെ പ്രമാണരേഖയില്‍ സമഗ്രപരിവര്‍ത്തനം, അജപാലന പരിവര്‍ത്തനം, സാംസ്കാരിക പരിവര്‍ത്തനം, പാരിസ്ഥിതക പരിവര്‍ത്തനം എന്നിങ്ങനെ 4 നാലു മേഖലകളി‍ല്‍ ആവര്‍ത്തിച്ചു ഉപയോഗിച്ചിക്കുന്നത് കാണാനാകും.

4. ക്ലേശകരമായ മാറ്റവും മാനസാന്തരവും
മാനസാന്തരം അല്ലെങ്കില്‍ മാറ്റം പൊതുവെ ക്ലേശകരമാണ്. എന്നാല്‍ നവമായ പാതകള്‍ മാറ്റത്തിലൂടെ മാത്രമേ യാഥാര്‍ത്ഥ്യമാവൂ. മാറ്റമില്ലെങ്കില്‍ ഒരിക്കലും നവമായ പരിസ്ഥിതിയോ, നവമായ അജപാലന സാന്നിദ്ധ്യമോ ആമസോണില്‍ സൃഷ്ടിക്കാനാവില്ല. ആമസോണിയന്‍ ജനതയുടെ പാരിസ്ഥിതികമായ സമീപനത്തിലും അവരുടെ സമൂഹത്തിലെ അജപാലന, സാംസ്ക്കാരിക മേഖലകളില്‍ വ്യക്തികളും പ്രസ്ഥാനങ്ങളും, രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരുമെല്ലാം അടിസ്ഥാനപരമായ മാനസാന്തരത്തിനും മാറ്റങ്ങള്‍ക്കും സന്നദ്ധരാകേണ്ടതാണെന്ന് സിനഡു സമ്മേളനം ചൂണ്ടിക്കാണിക്കുന്നു.

5. അദ്ധ്യായം ഒന്ന് – സമഗ്ര പരിവര്‍ത്തനം
പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതം മാതൃകയാക്കിക്കൊണ്ട് ദൈവത്തിന്‍റെ സൃഷ്ടിയായ ഭൂമിയും, അതില്‍ വസിക്കുന്ന ജനതകളും തമ്മില്‍ സമഗ്രമായൊരു ബന്ധം സാക്ഷാത്ക്കരിക്കാനുള്ള നിര്‍ദ്ദേശമാണ് ആദ്യാദ്ധ്യായം ഉള്‍ക്കൊള്ളുന്നത്. സൃഷ്ടിയും മനുഷ്യനും തമ്മിലുള്ള പാരസ്പരികതയില്‍ ഇന്നിന്‍റെ അവസ്ഥയില്‍നിന്നും ഒരു സമഗ്രപരിവര്‍ത്തനം (integral conversion) കൈവരിക്കേണ്ടത് അടിയന്തിരമാണ്. ആഗോളതലത്തില്‍ കാലാവസ്ഥ വ്യതിയാനത്തിനും, ആഗോളതാപനത്തിനും, ജലക്ഷാമത്തിനും, പ്രകൃതിക്ഷോഭത്തിനും കാരണമാകുന്ന ആമസോണ്‍ പ്രവിശ്യയിലെ പാരിസ്ഥിതിക വിനാശങ്ങള്‍ ഇല്ലാതാക്കി, ഒരു സമഗ്രപരിവര്‍ത്തിന്‍റെയും മാനസാന്തരത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ പരിസ്ഥിതിക സമഗ്രതയും അവിടുത്തെ ജനതയുടെ, വിശിഷ്യ വിവിധങ്ങളായ ആമസോണിയന്‍ തദ്ദേശവര്‍ഗ്ഗക്കാരായ ജനതകളുടെ സുസ്ഥിതിയും ആര്‍ജ്ജിച്ചെടുക്കുകയാണ് സിനഡിന്‍റെ അടിസ്ഥാന ലക്ഷ്യം.

ആമോസോണില്‍ പാരിസ്ഥിതികമായി മനുഷ്യര്‍ കാരണമാക്കിയിട്ടുള്ള നാശനഷ്ടങ്ങള്‍ ഇന്ന് പ്രകൃതിരോദനമായി ഉയരുകയാണ്. ആമസോണ്‍ കാടുകളുടെ ഇന്നത്തെ കരച്ചില്‍ മഴക്കാടുകളിലെ പാവങ്ങളായ തദ്ദേശീയ വര്‍ഗ്ഗക്കാരായ ജനതകളുടെയും കണ്ണീരാണ്. വനനശീകരണം, ഭൂമികൈയ്യേറ്റം, പ്രകൃതിസ്രോതസ്സുക്കളുടെ ഖനനം, സുഗന്ധവ്യജ്ഞനങ്ങളുടെ വാറ്റ്, അനധികൃത മയക്കുമരുന്നു കൃഷി, മനുഷ്യക്കടത്ത്, കുടിയിറപ്പിക്കല്‍ എന്നിവ ആമസോണിലെ പാവങ്ങളുടെ നിലവിളിക്കു കാരണവും, അവരെ വ്രണപ്പെടുത്തുന്ന, ഇന്നും നിലനില്ക്കുന്ന ഭീഷണികളുമാണ്.

6. അദ്ധ്യായം രണ്ട്
അജപാലന മേഖലയിലെ പരിവര്‍ത്തനങ്ങള്‍

ആമസോണ്‍ അജപാലനപരമായ ഒരു പരിവര്‍ത്തനം മൗലികമായി ആവശ്യപ്പെടുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറം നിരവധി മിഷണറിമാര്‍ മഴക്കാടുകളില്‍ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ അവിടങ്ങളിലെ അജപാലന സാന്നിദ്ധ്യം പാടെ മന്ദീഭവിച്ചിട്ടുമുണ്ട്. അതിനാല്‍ തദ്ദേശ ജനതകളുടെ ജീവിത ശൈലിക്കിണങ്ങുന്നതും അവരെ സുവിശേഷ വെളിച്ചത്തില്‍ കൈപിടിച്ച് ഉയര്‍ത്തുവാനുമുള്ള തുറന്ന നീക്കത്തെയാണ് ആമസോണിലെ അജപാലന പരിവര്‍ത്തനംകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രേഷിതപ്രവര്‍ത്തനം ഒരിക്കലും മതപരിവര്‍ത്തനമല്ല. ആമസോണിലെ ജനതകളുടെയും അവരുടെ പരിസ്ഥിതിക്ക് അനുയോജ്യമായ ഒരു അജപാലന പരിവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കാന്‍ സഭയ്ക്ക് സാധിച്ചാല്‍, തദ്ദേശജനതയ്ക്കും അവരുടെ ജീവിതചുറ്റുപാടുകളായ പരിസ്ഥിതിക്കും സുസ്ഥിതി ആര്‍ജ്ജിക്കാനാകുമെന്ന് സിനഡുസമ്മേളനം വെളിപ്പെടുത്തി.

7. സഭ ജനമദ്ധ്യത്തിലെ ക്രിസ്തു സാന്നിദ്ധ്യം
യേശുവിനെ കണ്ടുമുട്ടിയ സമറിയക്കാരിയെപ്പോലെയും, ഉത്ഥിതനെ പ്രഘോഷിച്ച മഗ്ദലയിലെ മറിയത്തെയും, അമ്മ മേരിയെയും പോലെ ജനങ്ങള്‍ക്കിടയിലെ സ്നേഹ സാന്നിദ്ധ്യമാവണം സഭ. ഈ ലക്ഷ്യപ്രാപ്തിക്കായി ആമസോണ്‍ പ്രവിശ്യയിലെ അജപാലന പരിവര്‍ത്തനത്തിലേയ്ക്കും ശുശ്രൂഷയിലേയ്ക്കും ലോകത്തെ എല്ലാ സന്ന്യാസമൂഹങ്ങളെയും സിനഡുസമ്മേളനം ക്ഷണിക്കുന്നു. ആമസോണ്‍ മണ്ണിലെ ആദ്യകാല മിഷണറിമാരുടെ ജീവസമര്‍പ്പണം സിനഡ് നന്ദിയോടെ അനുസ്മരിച്ചു. എന്നാല്‍ ചിലപ്പോള്‍ തദ്ദേശജനതയെ അടിച്ചമര്‍ത്തുന്ന ശക്തികളുമായി സുവിശേഷപ്രഘോഷകരും അജപാലകരും സഹവര്‍ത്തിത്വം പുലര്‍ത്തിയിരുന്നതും, കോളനിവത്ക്കരണം കാരണമാക്കിയതുമായ വേദനിക്കുന്ന ഗതകാല ചരിത്രം സിന‍ഡ് ഓര്‍മ്മയില്‍ കൊണ്ടുവന്നു.

8. മനുഷ്യാന്തസ്സിന്‍റെ സംരക്ഷകരാകാം!
അത്തരത്തിലുള്ള അനിഷ്ഠപ്രതിഭാസങ്ങളില്‍നിന്നും വേറിട്ടുനില്ക്കാനും, അവരുടെ മണ്ണില്‍ പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തോടും അന്തസ്സോടും അവകാശങ്ങളോടുംകൂടെ ആമസോണ്‍ ജനതയെ ജീവിക്കാന്‍ സഹായിക്കേണ്ട പ്രവചനാത്മകമായ ഉത്തരവാദിത്ത്വവും ചരിത്രപ്രധാന്യമുള്ള അവസരവുമായിട്ടാണ് സിന‍ഡിന്‍റെ ഈ ക്ഷണത്തെ സഭാമക്കള്‍ സ്വീകരിക്കേണ്ടത്. സംവാദമാണ് ആമസോണിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാകേണ്ടത്. പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനും, അവിടത്തെ ജനതയെ അതിനായി കരുപ്പിടിപ്പിക്കുവാനും ഇതര സഭകളുമായി കൂട്ടുചേര്‍ന്നുള്ള സംവാദത്തിന്‍റെ പാതയാണ് ആമസോണിന് ആവശ്യം. അവിടത്തെ പാരമ്പര്യങ്ങളുടെയും ആധുനികതയുടെയും ഇടയില്‍ വളരാന്‍ വെമ്പല്‍ കൊള്ളുകയും, ചിലപ്പോള്‍ തകര്‍ന്ന ജീവിത സ്വപ്നങ്ങളുമായി നിരാശയില്‍ കഴിയുകയുംചെയ്യുന്ന യുവതലമുറയെ പ്രത്യേകമായി സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും പാതയില്‍ നയിക്കാന്‍ സഭകള്‍ ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതാണ്. ആമസോണില്‍ ധാരാളമായി കാണുന്ന പാവങ്ങളുടെ ചേരികള്‍ - ഫവേലാസും, വീലാസ് മിസേരിയാസും ഇല്ലാതാക്കി അടിസ്ഥാനസൗകര്യങ്ങള്‍ അവര്‍ക്കു ലഭ്യമാക്കാനും, കുടിയേറ്റക്കാരെ സ്വീകരിക്കാനും, അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുവാനും തദ്ദേശഭരണ സ്ഥാപനങ്ങളെയും സന്മനസ്സുള്ള സകലരെയും സിനഡിന്‍റെ തീര്‍പ്പ് ക്ഷണിക്കുന്നുണ്ട്.

9. അദ്ധ്യായം മൂന്ന് –
സാംസ്കാരിക പരിവര്‍ത്തനം

സാംസ്കാരിക പരിവര്‍ത്തനത്തിന് അനുരൂപണത്തിന്‍റെ പാത സ്വീകരിക്കേണ്ടതാണ്. ഇതര സമൂഹങ്ങളും തദ്ദേശീയ കൂട്ടായ്മകളുമായി ഇടപഴകിക്കൊണ്ടാണ് സാംസ്കാരികാനുരൂപണം യാഥാര്‍ത്ഥ്യമാക്കേണ്ടത്. ഇന്നിന്‍റെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് “സാംസ്കാരിക പൂരകത്വം” നല്കുകയും, സാമൂഹിക ജീവിതത്തിന്‍റെ സമഗ്ര ദര്‍ശനത്തിലേയ്ക്ക് സമൂഹത്തെ അത് ഉയര്‍ത്തുകയും ചെയ്യും. മാത്രമല്ല നിലവില്‍ നിരീക്ഷിച്ചിട്ടുളള തദ്ദേശവര്‍ഗ്ഗക്കാരെ ചുഷണംചെയ്യുന്ന പ്രക്രിയ, വംശഹത്യ, പരിസ്ഥിതിഹത്യ എന്നിവ ഇല്ലാതാക്കാനും, അവയെ ചെറുക്കുവാനും സഭ പ്രതിജ്ഞാബദ്ധയാണ്. അതിനാല്‍ ഭൂമിയുടെ സംരക്ഷണം ജീവന്‍റെ സംരക്ഷണം തന്നെയാണ്. ആമസോണിലെ ജൈവവൈവിദ്ധ്യങ്ങളുടെ വര്‍ദ്ധിച്ച വംശനാശം അതിനു തെളിവാണ്. അതിനാല്‍ സുവിശേഷാധിഷ്ഠിതമായ ഒരു ജീവിതാന്തസ്സിന്‍റെ സംരക്ഷണമാണ് ആമസോണ്‍ സിനഡു ലക്ഷ്യംവയ്ക്കുന്നത്.

10. സുവിശേഷ പ്രഭയാല്‍
സംസ്കാരങ്ങളെ നവീകരിക്കാം

സാംസ്കാരിക അനുരൂപണത്തിന്‍റെ ഭാഗമായി തദ്ദേശീയരുടെ ജനകീയ ഭക്തിക്കും, ഭക്തിപ്രകടനങ്ങള്‍ക്കും ഊന്നല്‍ നല്കുമ്പോഴും, അവര്‍ ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ ഉതകുംവിധം സുവിശേഷവത്ക്കരണത്തിന്‍റെ ഭാഗ്യ നിമിഷങ്ങളിലേയ്ക്ക് അവരെ നയിക്കേണ്ടതാണ്. ഈ പ്രക്രിയയില്‍ സംവാദത്തിന്‍റെയും പ്രോത്സാഹനത്തിന്‍റെയും വഴികളാണ് അഭികാമ്യം. സംസ്ക്കാരങ്ങളെ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യാം, എന്നാല്‍ ഒരിക്കലും അടിച്ചമര്‍ത്തുകയോ നശിപ്പിക്കുകയോ അരുത്. ഏതു സംസ്കാരത്തിലും അന്തര്‍ലീനമായിരിക്കുന്ന “വചനത്തിന്‍റെ വിത്ത്” (semina verbi) മുളയെടുക്കാന്‍ അനുവദിക്കേണ്ടതാണ്. ഒപ്പം നിര്‍ബന്ധിത മതപരിവര്‍ത്തനം സിനഡ് ശക്തമായി അപലപിക്കുകയും ചെയ്തു.

11. ആമസോണിയന്‍ ഛായയുള്ള സഭ
ആമസോണിയന്‍ ഛായയുള്ള ഒരു സഭയാണ് അവിടെ സിനഡ് ആഗ്രഹിക്കുന്നത്. അതിനാല്‍ തദ്ദേശ സംസ്കാരങ്ങളുടെ പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ഭാഷകള്‍, സംഗീതം, കല, വാസ്തുശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ പഠിക്കുവാനും വളര്‍ത്തുവാനും ശേഖരിക്കുവാനും പോരുന്ന ഗവേഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സിനഡു പിതാക്കന്മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതുപോലെ ആരോഗ്യ മേഖലയിലുള്ള പരമ്പരാഗത രീതികള്‍ വികസിപ്പിച്ചെടുക്കേണ്ടതും കൈമാറേണ്ടതുമാണ്. ഒപ്പം ആമസോണ്‍ പ്രവിശ്യയില്‍ അടിയന്തിരമായി ശക്തിപ്പെടുത്തേണ്ട വിദ്യാഭ്യാസ മേഖലയെക്കുറിച്ചും വ്യക്തമായ ധാരണകള്‍ സിനഡ് വികസിപ്പിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ സാംസ്കാരികാനുരൂപണ പ്രക്രിയ യാഥാര്‍ത്ഥ്യമാക്കുവാന്‍ പോരുന്ന ഒരു ആമസോണിയന്‍ ആശയവിനിമയ ശ്രൃംഖലയും ( A Pan Amazonian Communication network), ദ്വിഭാഷാ വിദ്യാഭ്യാസ സംവിധാനവും സിനഡു മുന്നോട്ടു വച്ചിരിക്കുന്നു.

12. അദ്ധ്യായം നാല് –
പാരിസ്ഥിതിക പരിവര്‍ത്തനം

മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പാരിസ്ഥിതിക മാറ്റങ്ങളും പ്രതിസന്ധികളുമാണ് ലോകമിന്ന് നേരിടുന്നത്. അങ്ങനെയുള്ളൊരു സാഹചര്യത്തില്‍ മറ്റേതു നാടിനും എന്നപോലെ, പ്രത്യേകമായി ആമസോണ്‍ പ്രവിശ്യയ്ക്ക് ഒരു സമഗ്രമായ പരിസ്ഥിതിയും (Integral ecology) പാരിസ്ഥിതിക പരിവര്‍ത്തനവുമാണ് സിനഡു ലക്ഷ്യംവയ്ക്കുന്നത്. മനുഷ്യന്‍ പ്രകൃതിയില്‍ ഏല്പിച്ച വിവിധങ്ങളായ മുറിവുകളെ തിരിച്ചറിഞ്ഞ് ന്യായമായും പരസ്പര പിന്‍തുണയുള്ള ഒരു വികസന മാതൃക സജ്ജമാക്കിക്കൊണ്ട് സമഗ്രപരിസ്ഥിതി വളര്‍ത്തിയെടുക്കാനുള്ള ക്രിയാത്മകമായ മാര്‍ഗ്ഗമാണ് സഭ ലക്ഷ്യംവയ്ക്കുന്നത്. അതിനാല്‍ സമഗ്രപരിസ്ഥിതി സഭയുടെ അജപാലന ശ്രദ്ധയില്‍ മറ്റൊരു മാര്‍ഗ്ഗമല്ല, ഏകമാര്‍ഗ്ഗമാണ്. ആമസോണിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തിയെങ്കിലേ ലോകത്തെ കാലാവസ്ഥ വ്യതിയാനവും മറ്റു പ്രതിസന്ധികളും ഇല്ലാതാക്കാനാവൂ. അതിനാല്‍ ലോകത്തെ രക്ഷിക്കാന്‍, ആദ്യം ആമസോണിനെ രക്ഷിക്കണം. ആമസോണിന്‍റെ രക്ഷ, ലോകത്തിന്‍റെയും രക്ഷയാണ്.

13. പാരിസ്ഥിതിക ധ്വംസനങ്ങളും
മനുഷ്യാവകാശ ലംഘനവും

മനുഷ്യാവകാശ സംരക്ഷണം ഒരു സാമൂഹിക ചുമതലയും വിശ്വാസ ജീവിതത്തിന്‍റെ ആവശ്യവുമാണ്. ആമസോണില്‍ പാര്‍ക്കുന്ന തദ്ദേശവര്‍ഗ്ഗക്കാരായ ജനതകളെയും, അന്ന്യമെങ്കിലും മഴക്കാടുകളുടെ ഗുണഭോക്താക്കളായ മറ്റു ലോകജനതയെയും കണക്കാക്കുമ്പോള്‍ അവിടെ നടക്കുന്ന പാരിസ്ഥിതിക ധ്വംസനങ്ങള്‍ അപലപിക്കേണ്ട മനുഷ്യാവകാശ ലംഘനങ്ങള്‍ തന്നെയാണ്. അതിനാല്‍ പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുള്ള ഒരു പരിശീലനപദ്ധതിയും അതിനുതകുന്ന ഒരു കേന്ദ്രവും ആമസോണില്‍ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യം സിനഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാവരും കണ്ണിടുന്ന വറ്റാത്ത ഉറവയും ഖനിയുമായി മാത്രം ആമസോണിനെ കാണാതെ, മാനവരാശിയുടെ നിലനില്പിനെ പിന്‍തുണയ്ക്കുന്ന തനിമയാര്‍ന്ന “സുസ്ഥിതി വികസനത്തിന്‍റെ പുതിയ മാതൃക”യാക്കി അതിനെ വളര്‍ത്തിയെടുക്കാം. ഇത് അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഉത്തരവാദിത്ത്വമാണ്. കാരണം സൃഷ്ടിയുടെ പരിപാലനത്തിന് സകലരും വിളിക്കപ്പെട്ടിരിക്കുന്നു. പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനുള്ള മന്ത്രണാലയങ്ങള്‍ അതിനാല്‍ ആമസോണ്‍ രാജ്യങ്ങള്‍തന്നെ മഴക്കാടുകളില്‍ സ്ഥാപിക്കുകയും പാരിസ്ഥിതിക സംവേദന ക്ഷമതയില്‍ ജനങ്ങള്‍ക്ക് പരിശീലനംനല്കുകയും വേണമെന്നും സിനഡ് ആവശ്യപ്പെടുന്നുണ്ട്.

14. ജീവന്‍റെ സുവിശേഷം
ഗര്‍ഭധാരണം മുതല്‍ അന്ത്യംവരെ ജീവനെ സംരക്ഷിക്കാന്‍ സഭാ പ്രതിജ്ഞബദ്ധമാണെന്ന സത്യം സിനഡ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയുണ്ടായി. ജീവന് എതിരായ എല്ലാവിധ അതിക്രമങ്ങളെയും ചെറുക്കുവാനും അനീതി, അക്രമം, അഴിമതി, ചൂഷണം എന്നിവ ഇല്ലായ്മചെയ്യുവാനും ആമസോണില്‍ സഭകളുടെ കൂട്ടായ്മ (repam – Pan Amazonian network) ഇതര മതസ്ഥരോടും സംഘടിച്ചു പ്രവര്‍ത്തിക്കാന്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കും.
ആമസോണിനെ രാഷ്ട്ര, അന്താരാഷ്ട്ര കുത്തകക്കമ്പനികളുടെ പിടിയില്‍നിന്നും മോചിപ്പിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ തീര്‍ക്കാനും, തദ്ദേശവര്‍ഗ്ഗക്കാരുടെ അഭിവൃദ്ധിക്കായി പ്രദേശിക സൗകര്യങ്ങള്‍ ക്രമപ്പെടുത്തുവാനും ഒരു “പൊതുവായ ഫണ്ട് “ സ്വരൂപിക്കാനും സിന‍ഡു നിര്‍ദ്ദേശിക്കുന്നുണ്ട്.

15. അദ്ധ്യായം അഞ്ച് –
പരിവര്‍ത്തനത്തിന്‍റെ നവമായ പാതകള്‍

അജപാലന വെല്ലുവിളികള്‍ നേരിടുന്ന പ്രക്രിയയില്‍ വൈദിക മേധാവിത്വവും ഏകപക്ഷീയമായ അടിച്ചേല്‍ല്പിക്കലും ഉപേക്ഷിച്ച്, സംവാദത്തിന്‍റെ സംസ്കാരവും, കേള്‍ക്കാനുള്ള സന്നദ്ധതയും ആമസോണില്‍ മാത്രമല്ല പ്രാദേശിക സഭകളില്‍ വളര്‍ത്തിയെടുക്കണം. പാരിസ്ഥിതികവും അജപാലനപരവുമായ പരിവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കൂട്ടായ്മയുടെ ചൈതന്യത്തില്‍ സുവിശേഷ ധീരതയോടും അരൂപിയുടെ ചൈതന്യത്തിലുമാണ് അജപാലകര്‍ മുന്നേറേണ്ടത്. കാലത്തിന്‍റെ അടയാളങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ വെളിവിലും ദൈവിക പദ്ധതികള്‍ക്ക് അനുസൃതമായും കാണുവാന്‍ സാധിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. വ്യത്യസ്തവും വികേന്ദ്രീകൃതവുമായ വിധത്തിലും, എന്നാല്‍ സഹോദരസഭകളും ആഗോള സഭയുമായുമുള്ള ബന്ധം വിച്ഛേദിക്കാതെയുമാണ് സിനഡു നിര്‍ദ്ദേശിക്കുന്ന നവമായ കൂട്ടായ്മയും, നവമായ പാതയും തദ്ദേശീയ സമൂഹങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത്.

16. ശുശ്രൂഷാപട്ടങ്ങള്‍ പുരുഷന്മാര്‍ക്കെന്നപോലെ
സ്ത്രീകള്‍ക്കും?

വത്തിക്കാന്‍ കൗണ്‍സിലിന്‍റെ കാഴ്ചപ്പാടില്‍ സഭയുടെ പ്രത്യേക ശുശ്രൂഷകരായ അല്‍മായര്‍ - പുരുഷന്മാരും സ്ത്രീകളും - അവര്‍ എവിടെയായാലും കൂട്ടായ്മ യാഥാര്‍ത്ഥ്യമാക്കേണ്ടത് ഉത്തരവാദിത്ത്വങ്ങള്‍ പങ്കുവയ്ക്കുന്ന സഭാശുശ്രൂഷയുടെ പശ്ചാത്തലത്തിലാണ്. ശുശ്രൂഷാപട്ടങ്ങള്‍ പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും തുല്യമായി നല്കേണ്ടതാണെന്ന അഭിപ്രായം ആമസോണിന്‍റെ പ്രത്യേക ചുറ്റുപാടില്‍, ആവര്‍ത്തിച്ചും ശക്തമായും സിനഡില്‍ പൊന്തിവന്ന നിര്‍ദ്ദേശമാണ്. അതുപോലെ സഭയുടെ അനുദിനജീവിതക്രമത്തിലും ദൗത്യത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ആലോചിക്കുന്നതിലും അല്‍മായരെയും അവരുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കുന്ന രീതി മെച്ചപ്പെടുത്തേണ്ടതാണ്.

17. വിവാഹിതരായ സ്ഥിരം ശുശ്രൂഷാപട്ടക്കാര്‍ (Permanent Deacons)
ആമസോണിലെ സഭയ്ക്ക് ആവശ്യമായ ശുശ്രൂഷകരെ സ്ത്രീകളില്‍നിന്നും പുരുഷന്മാരിയില്‍നിന്നും തിരഞ്ഞെടുക്കേണ്ടതാണ്. സഭയിലെ ശുശ്രൂഷാജോലികള്‍ ഏതാനും പേര്‍ തമ്മിലുള്ള കൈമാറ്റമായി മാറരുത്. എന്നാല്‍ വൈദികരുടെ അഭാവത്തില്‍ അവിടത്തെ സമൂഹത്തിലെ അംഗമായതും, പരിശീലനം നേടിയിട്ടുള്ളതുമായ വ്യക്തികള്‍ (viri probatis) വിവാഹിതരെങ്കിലും, സമൂഹത്തിന്‍റെ അജപാലനപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് അവര്‍ക്ക് സ്ഥിരം ഡീക്കന്‍പട്ടം അല്ലെങ്കില്‍ ശുശ്രൂഷാപട്ടം നല്കാനുള്ള അഭിപ്രായം സിനഡ് മുന്നോട്ടുവച്ചിട്ടുണ്ട്.

18. സംസ്കാരാന്തര രൂപീകരണവും തദ്ദേശവത്ക്കരണവും
തദ്ദേശീയരില്‍നിന്നും കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാകണമെന്ന്, പ്രത്യേകിച്ച് സന്ന്യാസ ജീവിതത്തിലേയ്ക്ക് ഉണ്ടാകണമെന്ന് സിനഡ് ആഗ്രഹിക്കുകയും, അതിന് ഉതകുന്ന സംവിധാനങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അതിനാല്‍ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായി കൂടുതല്‍‍ ഇടപഴകുന്ന വിധത്തില്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കേണ്ടതാണെന്ന നിര്‍ദ്ദേശമാണ് സിനഡു പിതാക്കന്മാര്‍ മുന്നോട്ടു വയ്ക്കുന്നത്. ഇതിനായി സംസ്കാരാന്തര രൂപീകരണം, തദ്ദേശവത്ക്കരണം, വിവിധ ആത്മീയതകള്‍ തമ്മിലുള്ള സംവാദം, ആമസോണിനെക്കുറിച്ചുള്ള സമഗ്രമായൊരു കാഴ്ചപ്പാട് എന്നിവ വിപുലമായി പങ്കുവയ്ക്കുന്ന ക്രമീകരണങ്ങളും മാധ്യമ സംവിധാനങ്ങളും സിനഡിന്‍റെ തീര്‍പ്പുകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്.

19. പ്രാര്‍ത്ഥനാശംസയോടെ...!
ആമസോണിനു മാത്രമല്ല, ലോകത്തിനുതന്നെ ഫലപ്രാപ്തമാകുന്ന സിനഡാനന്തര പ്രമാണരേഖ (Post synodal document) എത്രയും വേഗം സജ്ജമാക്കാന്‍ പാപ്പാ ഫ്രാന്‍സിസിനും വത്തിക്കാന്‍റെ സിനഡു കമ്മിഷനും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു!

പരിപാടിയില്‍ ഉപയോഗിച്ച ഗാനം ജീസസ് യൂത്ത് (Jesus Youth) അല്‍മായ പ്രസ്ഥാനത്തിന്‍റെ റെക്സ് ബാന്‍ഡ് (Rex Band) അവതരിപ്പിച്ചതാണ്. രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം ഫാദര്‍ ആന്‍റെണി ഉരുളിയാനിക്കല്‍ സി.എം.ഐ.

ഒരുക്കിയത് : അഗസ്റ്റിന്‍ പാലയില്‍, ജോളി അഗസ്റ്റിന്‍, ഫാദര്‍ വില്യം നെല്ലിക്കല്‍
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2019, 17:40