തിരയുക

നവകര്‍ദ്ദിനാളന്മാര്‍ മുന്‍പാപ്പാ ബെനഡിക്ടിനെ സന്ദര്‍ശിച്ചു

പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തിലാണ് നവകര്‍ദ്ദിനാളന്മാര്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനെ കാണാന്‍ എത്തിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വത്തിക്കാന്‍ തോട്ടത്തിലുള്ള “മാത്തര്‍ എക്ലേസിയേ” (Mater Ecclesiae) ഭവനത്തില്‍ എത്തിയാണ് വിശ്രമ ജീവിതം നയിക്കുന്ന പാപ്പാ ബെനഡിക്ടിന് നവകര്‍ദ്ദിനാളന്മാര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്

സഭയിലെ 13 നവകര്‍ദ്ദിനാളന്മാര്‍
ഒക്ടോബര്‍ 5-Ɔο തിയതി ശനിയാഴ്ച വൈകുന്നേരം വത്തിക്കാനില്‍ നടന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പ്രത്യേക ചടങ്ങിലാണ് ആഗോളസഭയിലെ 13 അജപാലകരെ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ പദവി നല്കി ആദരിച്ചത്. സഭയിലെ മറ്റു കര്‍ദ്ദിനാളന്മാരുടെയും വിശ്വാസസമൂഹത്തിന്‍റെയും സന്നിദ്ധ്യത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷമദ്ധ്യേ സ്ഥാനിക ചിഹ്നങ്ങളായ ചുവന്നതൊപ്പിയും മോതിരവും ആശീര്‍വ്വദിച്ച് പാപ്പാ ഫ്രാന്‍സിസ് അവരെ അണിയിച്ചു. നവകര്‍ദ്ദിനാളന്മാര്‍ക്കുള്ള സ്ഥാനിക ഭദ്രാസനം ഏതെന്ന് അറിയിക്കുന്ന തിട്ടൂരവും പാപ്പാ നവകര്‍ദ്ദിനാളന്മാരെ പ്രാര്‍ത്ഥന ശുശ്രൂഷയുടെ മദ്ധ്യേ ഏല്പിക്കുകയുണ്ടായി.

മെത്രാന്മാരും മെത്രാപ്പോലീത്തമാരും
അവരില്‍ 10 പേര്‍ വിവിധ രാജ്യക്കാരായ മെത്രാപ്പോലീത്തമാരും മെത്രാന്മാരുമാണ്. ആദ്യത്തെ പത്തുപേര്‍ 80 വയസ്സിനുതാഴെ പ്രായപരിധിയില്‍ ഉള്ളവരാകയാല്‍ ആഗോള സഭാദ്ധ്യക്ഷനായ പാപ്പായുടെ തിരഞ്ഞെടുപ്പിന് വോട്ടവകാശം ഉള്ളവരാണ്. എന്നാല്‍  കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മറ്റു മൂന്നുപേര്‍ 80 വയസ്സിനു മുകളില്‍ എത്തിയവരാണ്. അവരുടെ സവിശേഷമായ സഭാസേവനം പരിഗണിച്ചാണ് പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ പദവിനല്കി അവരെ ആദരിച്ചത്.

ആഗോളസഭയിലെ 13 നവകര്‍ദ്ദിനാളന്മാര്‍ :

1. ആര്‍ച്ചുബിഷപ്പ് മിഗുവേല്‍ എയ്ഞ്ചല്‍ അയൂസോ ക്വിഗ്സോട്ട് , mccj
ഈശോയുടെ തിരുഹൃദയത്തിന്‍റെ കമ്പോണി മിഷണറി സഭാംഗം
മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്.
ഇസ്ലാം മതകാര്യങ്ങളില്‍ പാണ്ഡിത്യമുണ്ട്.

2. ആര്‍ച്ചുബിഷപ്പ് ഹൊസ്സെ തൊളെന്തീനോ കലാസാ ദി മെന്തോന്‍സാ
വത്തിക്കാന്‍ ഗ്രന്ഥശേഖരത്തിന്‍റെ സൂക്ഷിപ്പുകാരന്‍ (archivist). പോര്‍ച്ചുഗലിലെ അറിയപ്പെട്ട കവിയും സാഹിത്യകാരനുമാണ്.

3. ആര്‍ച്ചുബിഷപ്പ് ഇഗ്നേഷ്യസ് സുഹാര്യോ ഹര്‍ജൊവാത്മാജൊ

ഇന്തൊനേഷ്യയില്‍ ജക്കാര്‍ത്തയുടെ മെത്രാപ്പോലീത്ത. ഇന്തൊനേഷ്യയിലെ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ തലവനാണ്. ഇത്തവണ ഏഷ്യയില്‍നിന്നുമുള്ള ഏക കര്‍ദ്ദിനാള്‍.

4. ആര്‍ച്ചുബിഷപ്പ് ജുവാന്‍ ദേലാ കരിദാദ് ഗാര്‍ഷ്യാ റോഡ്രിഗസ്
ക്യൂബയിലെ ഹബാന അതിരൂപതാദ്ധ്യക്ഷന്‍. ക്യൂബയില്‍ സുവിശേഷവത്ക്കരണ പദ്ധതികള്‍ക്കും ജയില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വംനല്കിയ അജപാലകനാണ്.

5. ആര്‍ച്ചുബിഷപ്പ് ഫ്രിദോളിന്‍ അബോംഗോ ബെസൂങ്കു, കപ്പൂചിന്‍

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിഷാന്‍സാ അതിരൂപതാദ്ധ്യക്ഷന്‍. 1987-ല്‍ കപ്പൂച്ചിന്‍ സഭയില്‍ സന്ന്യാസവ്രതം  എടുത്തു.

6. ആര്‍ച്ചുബിഷപ്പ് ഷോണ്‍-ക്ലൗഡ് ഹോളിരിക്ക്, ഈശോസഭാംഗം
ലൂക്സംബേര്‍ഗിന്‍റെ മെത്രാപ്പോലീത്ത. ജപ്പാനില്‍ മിഷണറിയായിരിക്കെ 2011-ല്‍ മുന്‍പാപ്പാ ബെനഡിക്ടാണ് മെത്രാപ്പോലീത്തയായി നിയോഗിച്ചത്.

7. ബിഷപ്പ് അല്‍വാരോ ലയൊനല്‍ റമസ്സീനി ഇമേരി
ഗ്വാതമാലയിലെ ഹുവേതെനാങ്കോ രൂപതാദ്ധ്യക്ഷന്‍. ഏറെ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി അവബോധവുമുള്ള  മെത്രാന്‍.

8. ആര്‍ച്ചുബിഷപ്പ് മത്തെയോ മരീയ സൂപ്പി

ഇറ്റലിയിലെ ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷന്‍. സാന്‍ എജീഡിയോ പ്രസ്ഥാനത്തിലൂടെ ഉപവിപ്രവര്‍ത്തനങ്ങളിലും സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിലും ശ്രദ്ധേയനാണ്.

9. ആര്‍ച്ചുബിഷപ്പ് ക്രിസബല്‍ ലോപെസ് റൊമേരോ, സലീഷ്യന്‍
മൊറോക്കോയിലെ റബാത്ത് അതിരൂപതാദ്ധ്യക്ഷന്‍. സ്പെയിന്‍കാരനാണെങ്കിലും ലാറ്റിന്‍ അമേരിക്കയിലെ ചേരികളാണ് അദ്ദേഹത്തിന്‍റെ പ്രേഷിത തട്ടകം. 1974-ല്‍ ഡോണ്‍ ബോസ്ക്കൊയുടെ സഭയില്‍ വ്രതമെടുത്തു.

10. ആര്‍ച്ചുബിഷപ്പ് മിഷേല്‍ ചേര്‍ണി, ഈശോസഭാംഗം
സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശി. കുടിയേറ്റക്കാര്‍ക്കു അഭയാര്‍ത്ഥികള്‍ക്കുംവേണ്ടിയുള്ള പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ സമര്‍ത്ഥനാണ്. വൈദികനായിരിക്കെയാണ് കര്‍ദ്ദിനാള്‍ പദവി ലഭിച്ചത്. ഒക്ടോബര്‍ 4-നാണ് പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ മെത്രാപ്പോലീത്തയായി അഭിഷേകംചെയ്തത്.

വിശ്രമജീവിതം നയിക്കുന്ന നവകര്‍ദ്ദിനാളന്മാര്‍
11. ആര്‍ച്ചുബിഷപ്പ് മൈക്കിള്‍ ലൂയി ഫിസ്ജെറാള്‍ഡ്
ആഫ്രിക്കയിലെ മിഷണറി (White Fathers)
വത്തിക്കാന്‍റെ മുന്‍ നയതന്ത്രജ്ഞനും ഈജിപ്തിലെ അപ്പസ്തോലിക് നൂഷ്യോയുമായിരുന്നു. അറബിനാടുകളുടെ ലീഗില്‍ വത്തിക്കാന്‍റെ പ്രതിനിധിയും നിരീക്ഷകനുമായിരുന്നു.

12. ആര്‍ച്ചുബിഷപ്പ് സിജിത്താസ് തംകെവിച്യൂസ്, ഈശോസഭാംഗം
ലത്വാനിയയിലെ കൗനാസ് അതിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍. ലാറ്റിനമേരിക്കന്‍ നാടുകളിലെ മിഷണറിയായിരുന്നു.

13. ബിഷപ്പ് യൂജീനിയോ ദെല്‍ കോര്‍സോ, പി.എസ്.ഡി.പി.
ദൈവപരിപാലനയുടെ വിനീതദാസരുടെ സന്ന്യാസ സഭാംഗം
അംഗോളയിലെ ബെനഗ്വേലയുടെ മുന്‍രൂപതാദ്ധ്യക്ഷന്‍. രണ്ടാം ലോകമഹായുദ്ധ കാലത്ത് മതപീഡനത്തിന്‍റെ ക്രൂരത അനുഭവിച്ചിട്ടുണ്ട്.

കര്‍ദ്ദിനാള്‍ സംഘം ഇന്ന്
ഒക്ടോബര്‍ 7-Ɔο തിയതിയിലെ കണക്കുകള്‍ പ്രകാരം ആഗോളസഭയില്‍ ഇപ്പോഴുള്ള ആകെ 225 കര്‍ദ്ദിനാളന്മാരില്‍ 128 പേര്‍ വോട്ടവകാശം ഉള്ളവരും 97 പേര്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.
 

07 October 2019, 17:39