തിരയുക

Vatican News
talitha kum, first General Assembly - Pope Francis met them in private audience talitha kum, first General Assembly - Pope Francis met them in private audience  (Vatican Media)

“തളിത കൂ”മിന്‍റെ പ്രഥമ പൊതുസമ്മേളനം വത്തിക്കാനില്‍

മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്ന്യസ്തരുടെ ആഗോള കൂട്ടായ്മ “തളിത കൂ”മിന്‍റെ പ്രഥമ പൊതുസമ്മേളനം പാപ്പാ ഫ്രാന്‍സിസിനൊപ്പം...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“തളിത കൂ”മിന്‍റെ പ്രഥമ പൊതുസമ്മേളനം
മനുഷ്യക്കടത്തിന് എതിരായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്ന്യസ്തരുടെ കൂട്ടായ്മ – "തളിത കൂമി"ന്‍റെ (Talitha Kum) പ്രഥമ പൊതുസമ്മേളനത്തെ സെപ്തംബര്‍ 26-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാനിലെ  കണ്‍സിസ്ട്രി ഹാളില്‍  പാപ്പാ ഫ്രാന്‍സിസ് അഭിസംബോധന ചെയ്തു.   
120 സന്ന്യസ്തര്‍ ഈ രാജ്യാന്തര കൂട്ടായ്മയുടെ സമ്മേളനത്തില്‍ പങ്കെടുത്തു.

സന്ന്യസ്തരുടെ ആഗോളകൂട്ടായ്മ രൂപപ്പെടുത്തിയ “തളിത കൂം”
സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവിധ സന്ന്യാസ സഭകളില്‍നിന്നുമുള്ള വ്യക്തികള്‍ ചേര്‍ന്ന് ആഗോളതലത്തില്‍ ഇന്ന് 90 രാജ്യങ്ങളില്‍ മനുഷ്യക്കടത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന നവവും വെല്ലുവിളികള്‍ നിറഞ്ഞതുമായ പ്രസ്ഥാനത്തെ പാപ്പാ ആമുഖമായി അനുമോദിച്ചു.
10 വര്‍ഷമായി സന്ന്യസ്തരുടെ 52 കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്ന “തളിത കൂം” പ്രസ്ഥാനം ദൈവാത്മാവിന്‍റെ പ്രചോദനവും അത്ഭുതവുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു.

പീഡിതരെ മോചിപ്പിക്കാനും പുനരധിവസിപ്പിക്കാനും
തൊഴില്‍ സ്ഥാപനങ്ങളുടെയും കുടിയേറ്റത്തിന്‍റെയും പശ്ചാത്തലങ്ങളി‍ല്‍ നടക്കുന്ന മനുഷ്യക്കടത്തിന്‍റെ തിന്മയില്‍നിന്നും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനും അവരെ പുനരധിവസിപ്പിക്കാനും ഈ സന്ന്യാസ കൂട്ടായമകള്‍ ചെയ്യുന്ന നിസ്തുലമായ സേവനത്തെ ശ്ലാഘിച്ച പാപ്പാ, ഈ വിശ്വാസതീര്‍ത്ഥാടനം ആദിമ സഭയില്‍ ക്രൈസ്തവര്‍ അനുഭവിച്ച ദൈവാരൂപിയുടെ പ്രചോദനമുള്ള വൈവിധ്യമാര്‍ന്നതും, തനിമയുമുള്ളതും, കാലിക പ്രസക്തിയുളളതുമായ പ്രേഷിതവൃത്തിയാണെന്ന് വിശേഷിപ്പിച്ചു.

മനുഷ്യക്കടത്തിന് എതിരായ പ്രാര്‍ത്ഥനാദിനം
‘തളിത കൂം’ ആഗോള ശൃംഖലയാണ് 2015-മുതല്‍ അനുവര്‍ഷം ഫെബ്രുവരി 8-ന് വിശുദ്ധ ജോസഫീന്‍ ബക്കിത്തായുടെ അനുസ്മരണ നാളില്‍ ആചരിക്കുന്ന “മനുഷ്യക്കടത്തിനെതിരായ ആഗോള പ്രാര്‍ത്ഥനാദിന”ത്തിന്‍റെ പ്രയോക്താക്കള്‍.  “നാം അടമകളല്ല, സഹോദരങ്ങളാണ്,” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം ഉള്‍ക്കൊണ്ട് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും, സന്ന്യാസ സഭകളുടെ സുപ്പൂരിയര്‍ ജനറല്‍മാരുടെ ആഗോള കൂട്ടായ്മയും ‘തളിത കൂ’മിനോടു കൈകോര്‍ത്താണ് മനുഷ്യക്കടത്തിന് എതിരായ ആഗോള പ്രാര്‍ത്ഥനാദിനം സംഘടിപ്പിക്കുന്നത്.
 

01 October 2019, 20:14