തിരയുക

Vatican News
മെത്രാന്മാരുടെ സിനഡുസമ്മേളനം, പതിനഞ്ചാം പൊതുയോഗം, വത്തിക്കാനില്‍ 25/10/2019 മെത്രാന്മാരുടെ സിനഡുസമ്മേളനം, പതിനഞ്ചാം പൊതുയോഗം, വത്തിക്കാനില്‍ 25/10/2019  (Vatican Media)

സിനഡു സമ്മേളനം-പതിനഞ്ചാം പൊതുയോഗം!

മെത്രാന്മാരുടെ സിനഡ് സമ്മേളനം, സമാപന രേഖ പതിനഞ്ചാം പൊതുയോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു, സിനഡാന്തര സമിതയംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആമോസോണ്‍ പ്രദേശത്തെ അധികരിച്ച് വത്തിക്കാനില്‍ ചേര്‍ന്നിരിക്കന്ന മെത്രാന്മാരുടെ സിനഡിന്‍റെ അസാധാരണ സമ്മേളനത്തിന്‍റെ പതിനഞ്ചാം പൊതുയോഗം, അതായത്, ജനറല്‍ കോണ്‍ഗ്രിഗേഷന്‍ ഫ്രാന്‍സീസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ വെള്ളിയാഴ്ച (25/10/19) വൈകുന്നേരം നടന്നു.

182 സിനഡുപിതാക്കന്മാര്‍ ഇതില്‍ പങ്കെടുത്തു.

ഈ യോഗത്തില്‍ സിനഡിന്‍റെ സമാപനരേഖ അവതരിപ്പിക്കപ്പെടുകയും സിനഡാനന്തര സമതിയംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.

13 അംഗങ്ങളാണ് കേവലഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്. 

ഇവരില്‍, ബ്രസീലില്‍ നിന്ന് നാലും, ബൊളിവിയ, കൊളംബിയ, പെറു എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ടുവീതവും അന്തീല്ലെ, വെനെസ്വേല, എക്വദോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒന്നുവീതവും പ്രതിനിധികളുണ്ട്.

ഏതാണ്ട് ഒരു മാസം ദീര്‍ഘിച്ച സിനഡില്‍ നിന്നുരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ട മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ഈ സമിതിയില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം

ഭൂമിയുടെ സുസ്ഥിതിക്ക് ആമസോണ്‍ പ്രദേശത്തെ കാത്തുപരിപാലിക്കേണ്ടത് മൗലിക പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അവികലമായ ഒരു പരിസ്ഥിതിവിജ്ഞാനീയോന്മുഖ പരിവര്‍ത്തനം അനിവാര്യമാണെന്ന അവബോധം സഭയ്ക്കുണ്ടെന്നും ഈ സിനഡിന്‍റെ  സമാപന രേഖ വ്യക്തമാക്കുന്നുണ്ടെന്ന് ഈ യോഗത്തില്‍ അതവതരിപ്പിക്കവെ സിനഡിന്‍റെ മുഖ്യാവതാരകനായ കര്‍ദ്ദിനാള്‍ ക്ലാവുദിയൊ ഹ്യൂംസ് പറഞ്ഞു.

സഭ ആമസോണ്‍ പ്രദേശത്തെ ജനങ്ങളുടെയും ഭൂമിയുടെയും രോദനം കേള്‍ക്കുന്നുവെന്നും ഒരേ രോദനം തന്നെയാണ് ഇതെന്നും ഈ രോദനത്തില്‍ വലിയ പ്രത്യാശ ആവിഷ്കൃതമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

പതിനഞ്ചാമത്തെ പൊതുയോഗത്തിന്‍റെ അവസാനം പാപ്പാ സിനഡില്‍ സംബന്ധിച്ചവര്‍ക്കെല്ലാം ആമസോണ്‍ പ്രദേശം മുദ്രണം ചെയ്തിട്ടുള്ള 2019 ലെ പൊന്തിഫിക്കല്‍ മുദ്ര സമ്മാനിച്ചു.

ശനിയാഴ്ച (26/10/19) രാവിലെ സിനഡുപിതാക്കന്മാര്‍ ഈ സിനഡിന്‍റെ സമാപന രേഖ  വൈക്തികമായി പുനര്‍പാരായണത്തിനു വിധേയമാക്കി. ഉച്ചതിരിഞ്ഞ് പതിനാറാം പൊതുയോഗത്തില്‍ ഈ രേഖയെ അധികരിച്ചുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കും.

ഞായറാഴ്ച (27/10/19) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സാഘോഷമായ ദിവ്യബലിയോടെ ആമോസോണ്‍ പ്രദേശത്തെ അധികരിച്ചുള്ള സിനഡുസമ്മേളനത്തിന് സമാപനമാകും.

ഈ മാസം ആറാം തീയതിയാണ് (06/10/2019) ഈ സിനഡുസമ്മേളനം ആരംഭിച്ചത്.      

 

26 October 2019, 12:53