തിരയുക

Cardinal Lorenzo Baldisseri in the Press Conference Cardinal Lorenzo Baldisseri in the Press Conference  

ആമസോണിയന്‍ സിനഡ് : വെല്ലുവിളികളോട് സഭയ്ക്കുള്ള പ്രതിബദ്ധത

സിനഡു കമ്മിഷനുവേണ്ടി ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ഒക്ടോബര്‍ 3, വ്യാഴാഴ്ച റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആമസോണിയന്‍ സിനഡിന്‍റെ ആഗോള വ്യാപ്തി
മെത്രാന്മാരുടെ സിനഡുസമ്മേളനം ആമസോണിനെ കേന്ദ്രീകരിക്കാന്‍ കാരണം, അവിടത്തെ ജനത നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും അവരുടെ വെല്ലുവിളികളുമാണെന്ന് മെത്രാന്മാരുടെ സിനഡു സമ്മേളനത്തിനുള്ള കമ്മിഷന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസ്സേരി പ്രസ്താവിച്ചു. ഒന്‍പതു രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ പ്രവിശ്യകളിലെ തദ്ദേശജനതകളെ സംബന്ധിക്കുന്നതാണ് ഈ സിനഡുസമ്മേളനമെങ്കില്‍, പ്രതിപാദ്യവിഷയങ്ങള്‍ക്ക് ആഗോള വ്യാപ്തിയുണ്ടെന്നും കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വ്യക്തമാക്കി.

മാനവികവും സാമൂഹികവും പാരിസ്ഥിതികവുമായ സിനഡ്
ആമസോണിലെ ജനതകളെയും അവരുടെ പരിസ്ഥിതിയെയും മാത്രം സംബന്ധിക്കുന്നതാണ് ഈ സിനഡനു സമ്മേളനമെന്നു ചിന്തിക്കരുത്. പരിസ്ഥിതിക്കും അപ്പുറം ഈ സിനഡുസമ്മേളനത്തിന് ആമസോണിന്‍റെ മാനവികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചും, അതിന്‍റെ തകര്‍ച്ചയ്ക്കു കാരണമാകാവുന്ന ആഗോള പരിസ്ഥിതി പ്രശ്നങ്ങളും, അവിടത്തെ ജനതകളോടുള്ള സാമൂഹിക പ്രതിബദ്ധത എന്നീ തലങ്ങളുടെ അതിര്‍വരുമ്പുകള്‍ വേര്‍തിരിച്ചു നിര്‍ത്താതെ പഠിക്കുവാനും, മനസ്സിലാക്കുവാനും, തദ്ദേശജനതകളുടെയും സമൂഹത്തിന്‍റെയും നന്മ കേന്ദ്രീകരിച്ചുള്ള പ്രായോഗികമായ തീരുമാനങ്ങളില്‍ എത്തിച്ചേരുവാനും സിനഡിനു സാധിക്കുമെന്നും കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വിശദീകരിച്ചു.

അതിര്‍വരമ്പുകള്‍ കടന്ന മാനവിക ദര്‍ശനം
ആമസോണ്‍ പ്രവിശ്യയെ കേന്ദ്രീകരിച്ചാണ് സിനഡുസമ്മേളനം. എന്നാല്‍ അതില്‍ പങ്കെടുക്കുന്ന  മെത്രാന്മാരും, വിദഗ്ദ്ധരും, നിരീക്ഷകരും, അതിഥികളും, വിവിധ സഭകളുടെ പ്രതിനിധികളും, തദ്ദേശജനതകളുടെ നേതാക്കളും  രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കും അപ്പുറം മാനവികതയുടെ നന്മ ലക്ഷ്യമാക്കി എത്തുന്നവരാണെന്ന്  കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

സാമൂഹിക വൈദഗ്ദ്ധ്യത്തിന്‍റെ കൂട്ടായ്മ
ലോകത്തിന്‍റെ എല്ലാഭാഗത്തുനിന്നുമായി 184-സിനഡു പിതാക്കാന്മാര്‍ സമ്മേളനത്തിന് എത്തും. അവരില്‍ 113-പേര്‍ പാന്‍ ആമസോണിയന്‍ (Pan Amazonian) പ്രവിശ്യകളില്‍നിന്നുമാണ്. കൂടാതെ പാപ്പാ ഫ്രാന്‍സിസ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 33 പേരെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് തിരഞ്ഞെടുത്തിട്ടുണ്ട്. ആമസോണിനെക്കുറിച്ച് ശാസ്ത്രീയ പരിജ്ഞാനമുള്ള 12 വിശിഷ്ടാതിഥികള്‍ സിനഡിന്‍റെ ഭാഗമാണ്.  ക്ഷണിക്കപ്പെട്ടിട്ടുള്ള 25 വിദഗ്ദ്ധര്‍ ചര്‍ച്ചാവിഷയത്തിന്‍റെ വൈവിധ്യമാര്‍ന്ന തലങ്ങളെ സ്പര്‍ശിക്കാന്‍ കഴിവുള്ളവരാണ്.  55 ഓഡിറ്റേഴ്സ് – ആമസോണിനെക്കുറിച്ച് സാമൂഹികമായും അജപാലനപരമായും, അവരുടെ ജീവിതം സംസ്കാരം, ഭാഷ, സംഗീതം, യുവജനങ്ങള്‍, വിദ്യാഭ്യാസം എന്നിങ്ങനെ പ്രത്യേക മേഖലകളിലെ പരിചയസമ്പന്നരാണ്. തദ്ദേശ ആമസോണിയന്‍ ജനങ്ങളുടെ 17 പ്രതിനിധികളായ സ്ത്രീ പുരുഷന്മാരും സിനഡിന്‍റെ ഭാഗമാണ്.

പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍
മാനവികതയുടെ സമഗ്രപരിസ്ഥിതിക്കായുള്ള അന്വേഷണം

ഒക്ടോബര്‍ 6-നു തുടങ്ങി 27-വരെ നീളുന്ന സിനഡിന്‍റെ പരിസമാപ്തിവരെയ്ക്കും സമഗ്രപരിസ്ഥിതിക്കായുള്ള സഭയുടെ നവമായ പാതകള്‍ തേടിയുള്ള യാത്രയില്‍.... ആഗോളചുറ്റുപാടുകളെ പഠിച്ചും, അന്വേഷിച്ചും, ആലോചിച്ചും, കൂട്ടായി ചിന്തിച്ചും, സംവദിച്ചും, പ്രാര്‍ത്ഥിച്ചും ഒരുക്കിയിട്ടുള്ള പ്രവര്‍ത്തന രേഖയിലൂടെ (instrumentum laboris)
പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ സമ്മേളനം പുരോഗമിക്കും. അങ്ങനെ ഏറെ പ്രായോഗികവും തദ്ദേശജനതകള്‍ക്ക് ഉപകരാപ്രദമാകുന്നതുമായ അന്തിമ നിഗമനങ്ങിളില്‍ എത്തിച്ചേരാന്‍ പരിശ്രമിക്കുമെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചു പ്രസ്താവിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2019, 19:17